നവതിയുടെ നിറവിൽ എംടി വാസുദേവൻ നായർ

മലയാളത്തിന്‍റെ മഹാപ്രതിഭ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് പിറന്നാള്‍. ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി എന്ന രണ്ടക്ഷരം. നാലു തലമുറകള്‍ വായിച്ചിട്ടും തീരാത്ത അക്ഷയ ഖനിയാണ് നവതിപ്രഭയിലും ആ സാഹിത്യ ജീവിതം.

1933-ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമാണെന്നാണ് എംടി എ‍ഴുതിയത്. പഞ്ഞമാസമായ കർക്കടകത്തിലെ പിറന്നാൾ ആരും അറിയരുതെന്നായിരുന്നു കുട്ടിക്കാലത്തെ പ്രാര്‍ത്ഥന. ഇന്ന് കാലം നവതിയും കടന്ന് ആ പഴയ കുട്ടിയെ കൈപിടിച്ച് നടത്തിക്കുമ്പോള്‍ കാണുന്നത് സര്‍ഗ്ഗ ലോകം ഒന്നായി അതാഘോഷിക്കുന്നതാണ്.

രാജ്യം കണ്ട മഹാ എ‍ഴുത്തുകാരന്‍. രാജ്യം നല്‍കിയ വലിയ അംഗീകാരങ്ങളെല്ലാം കൈവെള്ളയില്‍. അപ്പോ‍ഴും ഞാന്‍ മാത്രമല്ല ലോകമെന്നും തന്‍റേത് മാത്രമല്ല കഥകളെന്നും തിരിച്ചറിഞ്ഞ് സാഹിത്യത്തിന്‍റെ പല തലമുറകളെ വാര്‍ത്തെടുത്ത പത്രാധിപര്‍. നാടിന്‍റെ ജീവല്‍സങ്കടങ്ങളില്‍ -അത് മാറാടായാലും മുത്തങ്ങയായാലും – ആദ്യം ഉയര്‍ന്നുകേട്ട ഉത്കണ്ഠ. കാലത്തിന്‍റെ കഥകള്‍ മാത്രമല്ല കഥയില്ലായ്മകളുടെയും പകര്‍ത്തെ‍ഴുത്തുകാരന്‍.

ഭാരതപ്പുഴ തെക്കുവടക്കായി ഒ‍ഴുകുന്ന കൂട്ടക്കടവില്‍ നിന്ന് വയലും കുരുതിപ്പറമ്പും ക‍ഴിഞ്ഞ് മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലേക്ക് ഒതുക്കു കല്ലുകള്‍ കയറിവന്ന കഥകളും കഥാപാത്രങ്ങളുമില്ലെങ്കില്‍ എം ടി എന്ന കഥാകാരനേയില്ല. അതൊരു നാടിന്‍റെയും കുടുംബത്തിന്‍റെയും നാലുകെട്ടിന്‍റെയും കഥകളെന്നതിനപ്പുറം മനുഷ്യസമുദായത്തിന്‍റെ മു‍ഴുവന്‍ നിത്യദുരന്തകഥകളായി മാറിയെന്നതാണ് അതിന്‍റെ മാജിക്ക്.

മലബാറിലെ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിച്ചത് അക്ഷരാര്‍ത്ഥത്തില്‍ എംടിയുടെ കഥകളിലൂടെയുമായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥയുടെ ഇതിഹാസമെഴുതിയ ആ കൈകള്‍ അണുകുടുബത്തിലെ ബന്ധസംഘര്‍ഷങ്ങള്‍ കൂടിയെ‍ഴുതിയേ വിശ്രമിച്ചതുള്ളൂ.

നാലുകെട്ടിന്‍റെ ഒടുവില്‍ അപ്പുണ്ണി പറയുന്നുണ്ട്. മനുഷ്യര്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത ഈ തറവാട് പൊളിക്കണമെന്ന്, എന്നിട്ട് കാറ്റും വെളിച്ചവും കടക്കുന്ന പുതിയൊരു വീടുവെക്കണമെന്ന്. ഇന്നാണെങ്കില്‍ അപ്പുണ്ണി അതൊരു ഒരു റിസോര്‍ട്ടാക്കാക്കിയേക്കുമെന്നു മാത്രം. പക്ഷേ മാറ്റത്തിന്‍റെ ആ കൊടുങ്കാറ്റിനുമാത്രം മാറ്റമുണ്ടാവില്ല. കാലം കുത്തിയൊ‍ഴുകുമ്പോ‍ഴും നക്ഷത്രങ്ങള്‍ പോലെ പരിശോഭിക്കുന്ന കഥാപ്രപഞ്ചത്തിനും.

Also Read: വയലാർ രാമവർമ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News