മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് കേരള സാഹിത്യ അക്കാദമി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷ വഹിച്ച ചടങ്ങില്‍ മന്ത്രി കെ രാജന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ എന്നിവര്‍ എംടി വാസുദേവന്‍ നായരെ അനുസ്മരിച്ചു.
മലയാള സാഹിത്യചരിത്രത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനാണ് എംടി വാസുദേവന്‍ നായരെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. മികവുറ്റ നേതൃത്വമാണ് തുഞ്ചന്‍ പറമ്പ് സ്മാരകവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എംടി നല്‍കിയിരുന്നത്. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ആവേശം പകരുന്ന സാന്നിദ്ധ്യമായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
തൊട്ടതിലേക്കെല്ലാം ലോകശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞ അപൂര്‍വ വ്യക്തിത്വത്തിനുടമയാണ് എംടിയെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ പറഞ്ഞു. എംടി എന്തായിരുന്നു എന്നതിനേക്കാള്‍, എന്തായിരുന്നില്ല എന്നാലോചിക്കുന്നതാവും അനായാസമാവുകയെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. എംടി കരുതലും കരുണയും സ്‌നേഹവുമാണെന്ന് കഥാകൃത്തും സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റുമായ വൈശാഖന്‍ അഭിപ്രായപ്പെട്ടു.
സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, സംവിധായകന്‍ പ്രിയനന്ദനന്‍, സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണന്‍, വിഎസ് ബിന്ദു, കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണ, കവിയും ചിത്രകാരിയുമായ ഡോ. കവിത ബാലകൃഷ്ണന്‍, സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡോ. സി രാവുണ്ണി, ഡോ. ആര്‍ ശ്രീലതാവര്‍മ, വിജയരാജമല്ലിക എന്നിവര്‍ സംസാരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ സ്വാഗതവും ജനറല്‍ കൗണ്‍സില്‍ അംഗം എന്‍ രാജന്‍ നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് എംടിയുടെ ഫോട്ടോകളുടെ പ്രദര്‍ശനവും ശബ്ദരേഖകളുടെ പ്രക്ഷേപണവും നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here