കാലം നെഞ്ചോട് ചേർത്ത അക്ഷരയാത്രക്ക് ഒടുവിൽ പൂർണവിരാമം; സാഹിത്യ കുലപതിക്ക് സ്മൃതിപഥത്തിൽ അന്ത്യവിശ്രമം

mt vasudevan nair

അക്ഷരങ്ങള്‍ കൊണ്ട് തലമുറകളെ ത്രസിപ്പിച്ച മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻനായരുടെ ജീവിതയാത്രക്ക് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തില്‍ പൂര്‍ണവിരാമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് എംടി വാസുദേവൻ നായരുടെ മൃതദേഹം സംസ്ക്കരിച്ചത്. വൈകീട്ട് 4.35 ന് ആരംഭിച്ച ശാന്തി യാത്ര കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്ന് ആംബുലൻസിൽ നടക്കാവ്-ബാങ്ക് റോഡ്-കെഎസ്ആർടിസി വഴി മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തില്‍ എത്തിച്ചേർന്നു. കാത്തിരുന്ന നൂറുകണക്കിന് പേരുടെ മൗനവിലാപങ്ങൾക്കിടയിൽ സ്മൃതിപഥത്തിന്റെ മുറ്റത്ത് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

അന്ത്യകർമ്മങ്ങൾക്ക് എംടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ ടി സതീശൻ നേതൃത്വം നൽകി. അടുത്ത ബന്ധുക്കളായ എംടി രാജീവ്‌, എംടി രാമകൃഷ്ണൻ, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും മകൾ അശ്വതിയും മൃതദേഹത്തെ വലംവെച്ചു.

ALSO READ; എംടി ഒരു മഹാവ്യക്തിത്വം, ആ വിയോഗത്തിലൂടെ മലയാളിയുടെ ഒരു കാലമാണ് നിശ്ചലമായത്; പ്രേംകുമാർ

കർമ്മങ്ങൾക്ക് ശേഷം കൃത്യം 5.23 ന് എംടി വാസുദേവൻ നായരെ സ്മൃതി പഥം വാതകശ്മശാനത്തിലെ രണ്ടാം നമ്പര്‍ ഗ്യാസ് ചേംബറില്‍ സംസ്ക്കരിച്ചു. മന്ത്രിമാരായ പിഎ മുഹമ്മദ്‌ റിയാസ്, എകെ ശശീന്ദ്രൻ, എംബി രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നെത്തിയ ആളുകളും സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here