നിളയുടെ കഥാകാരൻ…കൂടല്ലൂരിന്റെ സ്വന്തം എംടി

എംടി വാസുദേവൻ നായർ എന്ന മഹാപ്രതിഭയ്ക്ക് ജന്മം നൽകിയതിന് സാക്ഷിയായ നാടാണ് നിളാനദിയുടെ ദ്രിശ്യചാരുത നിറഞ്ഞുനിൽക്കുന്ന കൂടല്ലൂർ ഗ്രാമം. വ്യത്യസ്തമായ ഭൂതലങ്ങൾ തേടി പലപ്പോഴും അദ്ദേഹം അലയാറുണ്ടെങ്കിലും വീണ്ടും വന്നെത്തുന്നത് കൂടല്ലൂരിൽ തന്നെയാണ്‌. നവതിയുടെ നിറവിൽ നിൽക്കുന്ന എം ടി തന്നെയാണ് കൂടല്ലൂരുകാർക്ക് ഇന്നും ദേശത്തിന്റെ കാരണവർ.

വേരുകൾ പറിച്ചു മാറ്റാനാവാത്തവിധം അഭേദ്യ ബന്ധമാണ് എംടിക്ക്‌ കൂടല്ലൂരെന്ന ചെറിയ ഗ്രാമത്തോടുള്ളത്. താന്നിക്കുന്നും എത്രകേട്ടാലും മതിവരാത്ത കവിത പോലെ ഒഴുകുന്ന നിളയും, എംടി കഥകളിൽ നിറഞ്ഞു നിൽക്കുന്ന ജീവസുറ്റ കഥാപാത്രങ്ങളും കണ്ണാന്തളിയും നീലത്താമരയുമൊക്കെ ചേരുന്ന കൂടല്ലൂർ. എംടി തന്റെ ഗ്രാമത്തേക്കുറിച്ച് വിശേഷിപ്പിച്ചത് അമരന്മാരുടെ നാടെന്നാണ്. വിശ്വസാഹിത്യകാരനായി വളർന്ന എംടി ലോകയാത്രകൾക്ക് ശേഷം തിരികെ എത്തുന്നത് കൂടല്ലൂരിൽ തന്നെ.

എം ടിയുടെ തൂലികത്തുമ്പിലൂടെ സുപരിചിതമായ ഒട്ടേറെ കഥാപാത്രങ്ങൾ ഹൃദ്യമായ ഓർമ്മകൾ പങ്കുവെച്ച് ഇന്നും ഇവിടെയുണ്ട്. തിരക്കുകൾ മടുക്കുമ്പോൾ ശാന്തത തേടി എംടി എത്തുക തിരുശേഷിപ്പുകൾ ബാക്കിയാക്കിയ അശ്വതി എന്ന തന്റെ വീട്ടിലേക്കാണ്. അശ്വതിയിലിരുന്നാൽ നിളയും അതിൽ ഓളങ്ങളിളകുന്നതും കാണാം. അതിനായി എംടി പണിത വീടാണിത്. തനിക്ക് കിട്ടിയ പുരസ്കാരങ്ങളിൽ ചിലത് എംടി ഇപ്പോഴും ഇവിടെ ബാക്കിവെച്ചിട്ടുണ്ട്. എംടിയുടെ കഥകളുടെ ഭൂമികയാണ് കൂടല്ലൂർ.

നാലുകെട്ടും അസുരവിത്തും കുട്ട്യേടത്തിയും ഇരുട്ടിന്റെ ആത്മാവ്‌ കീറി പുറത്തുചാടുന്നതു പോലെയാണ് പാരമ്പര്യപെരുമയിൽ ജീവസുറ്റ സ്മരണപോലെ ഉയർന്നുനിൽക്കുന്ന എംടിയുടെ തറവാട്‌. പണ്ടത്തെ നാലുക്കെട്ടിൽ നിന്ന് രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിലും പഴമയുടെ ഗന്ധം തങ്ങിനിൽക്കുന്നുണ്ട്‌ ഇവിടെ. നിളാ തീരത്തെ ഈ ഗ്രാമവുമായി വല്ലാത്തൊരു വൈകാരികബന്ധം പുലർത്തുന്ന എംടി, എഴുത്തിലെ തന്റെ കൃഷിഭൂമിയാണ് കൂടല്ലൂരെന്ന് അടിവരയിട്ടുറപ്പിക്കുകയാണ്.

Also Read: നവതിയുടെ നിറവിൽ എംടി വാസുദേവൻ നായർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News