എം.ടിയുടെ കോഴിക്കോട്, കോഴിക്കോടിന്‍റെ എം.ടി; ഏഴ് പതിറ്റാണ്ടോളം നീണ്ട ആത്മബന്ധം

mt-vasudevan_nair

കേരളത്തിന്‍റെ സാഹിത്യ സാംസ്ക്കാരിക ഭൂമികയിൽ മാറ്റിനിർത്താനാകാത്ത ഒരിടമാണ് കോഴിക്കോട്. മലയാളത്തിലെ എണ്ണംപറഞ്ഞ സാഹിത്യകാരൻമാർ, തട്ടകമാക്കിയ നഗരം. വൈക്കം മുഹമ്മദ് ബഷീറും, എസ് കെ പൊറ്റക്കാടും, അക്കിത്തവും തിക്കോടിയനും ഉറൂബും എൻ.പി മുഹമ്മദും ഒ വി വിജയനുമൊക്കെ വ്യത്യസ്തകാലങ്ങളിൽ ഈ നഗരത്തിന്‍റെ സന്തതികളായിരുന്നു. ഇവരിൽ ചിലർ കോഴിക്കോട്ടുകാരാണങ്കിൽ മറ്റുചിലർ കോഴിക്കോടേക്ക് വന്ന് ഈ നഗരത്തിന്‍റെ ഭാഗമായവരാണ്. അതുപോലെ തന്നെ കോഴിക്കോടുമായി അഗാധമായ ആത്മബന്ധമാണ് എം ടി വാസുദേവൻ നായർക്കുള്ളത്. 1956ലാണ് ജോലി കിട്ടി കോഴിക്കോടേക്ക് എം ടി ജീവിതം പറിച്ചുനടുന്നത്.

എന്നാൽ അതിനും വർഷങ്ങൾക്ക് മുമ്പ്, പന്ത്രണ്ടാം വയസിൽ എം ടി കോഴിക്കോട് നഗരം കണ്ടു. സിലോണിൽനിന്ന് വർഷത്തിലൊരിക്കൽ അവധിക്ക് വരുന്ന അച്ഛന് ബാങ്ക് അക്കൌണ്ട് കോഴിക്കോടായിരുന്നു. അന്ന് എസ്ബിഐ ഇല്ല. ഇംപീരിയൽ ബാങ്കാണ്. മാനാഞ്ചിറയിലുള്ള ഇന്നത്തെ വലിയ എസ്ബിഐ കെട്ടിടം തന്നെയായിരുന്നു അന്ന് ഇംപീരിയൽ ബാങ്കായി പ്രവർത്തിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ്, ഒരിക്കൽ ബാങ്കിലേക്ക് പോയപ്പോൾ അച്ഛൻ മകൻ വാസുവിനെയും കൂട്ടിയത്. തീവണ്ടിയിൽ കോഴിക്കോട് ഇറങ്ങി നടന്നാണ് എം ടി അച്ഛനൊപ്പം ബാങ്കിലേക്ക് പോയത്. അങ്ങോട്ടും ഇങ്ങോട്ടും നിരന്തരം പാഞ്ഞുപോകുന്ന കുതിരവണ്ടികളായിരുന്നു മനസിൽ കൂടുകൂട്ടിയ അന്നത്തെ കോഴിക്കോടൻ കാഴ്ചയിൽ തന്നെ ഏറെ ആകർഷിച്ചതെന്ന് എം ടി പറഞ്ഞിട്ടുണ്ട്.

അതിനുശേഷം കൌമാരത്തിലും എം.ടി കോഴിക്കോടെത്തി. കോഴിക്കോട് ജോലി ചെയ്തിരുന്ന മൂത്ത സഹോദരൻ ബാലനൊപ്പമായിരുന്നു ആ രണ്ടാം വരവ്. അന്ന് മിഠായിത്തെരുവിൽവെച്ച് തിക്കോടിയനെ പരിചയപ്പെട്ടതും, തുടർന്ന് ആര്യഭവൻ ഹോട്ടലിൽ പോയി അദ്ദേഹത്തോടൊപ്പം ജിലേബി എന്ന മധുര പലഹാരം ആദ്യമായി കഴിച്ചതുമൊക്കെ പിന്നീട് അഭിമുഖങ്ങളിൽ എം.ടി ഓർത്തെടുത്തിട്ടുണ്ട്.

ജോലി കിട്ടി എത്തിയശേഷമാണ് എം.ടിക്ക് കോഴിക്കോടുമായുള്ള ആത്മബന്ധം ദൃഢമായത്. കോഴിക്കോട് നഗരത്തിലെ വാടകവീടുകളും ഓരോ വഴികളും, അവിടുത്തെ രുചികളും എഴുതാനിരുന്ന ഹോട്ടൽ മുറികളുമെല്ലാം ഇഴപിരിയാത്ത സുഹൃദ് ബന്ധങ്ങളുമെല്ലാം എം.ടിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

എം.ടി നിരവധി സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ആദ്യത്തെ വാടകവീട് ചാലപ്പുറത്തായിരുന്നു. പിന്നീട് ജയിലിന് സമീപത്തേക്കും, ആനിഹാൾ റോഡിലും സെന്‍റ് വിൻസന്‍റ കോളനിക്ക് സമീപവുമെല്ലാം എം.ടി താമസിച്ചിരുന്നു. ആനിഹാൾ റോഡിലെ വാടകവീട്ടിലെ മുകൾനിലയിലെ മുറിയിൽ ഇരുന്നാണ് എംടി ഇരുട്ടിന്‍റെ ആത്മാവ് എഴുതിയത്. തുടക്കകാലത്ത് എൻ.പി മുഹമ്മദുമായിട്ടായിരുന്നു എംടിയുടെ സൌഹൃദം. എല്ലാദിവസവും മിഠായിത്തെരുവിലെ ലക്കി ഹോട്ടലിൽ ചായകുടിയും സാഹിത്യ ചർച്ചകളിലും തുടങ്ങിയ ആ ബന്ധം, പിന്നീട് ഹൃദയബന്ധമായി മാറി. എൻ.പിയുടെ വീട്ടിലെ നിത്യസന്ദർശകനായും എംടി മാറി.

വൈകുന്നേരങ്ങളിൽ ആകാശവാണിയിൽ പോയിരുന്ന എം.ടി അവിടെവെച്ച് അക്കിത്തം, തിക്കോടിയൻ, ഉറൂബ് എന്നിവരെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് കടുത്ത ഭക്ഷണപ്രിയനായിരുന്ന എം.ടി കോഴിക്കോട്ടെ രുചിവൈവിധ്യങ്ങൾ തേടി സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുമായിരുന്നു. ബോംബെ ഹോട്ടൽ, മോഡേൺ ഹോട്ടൽ, കോമളവിലാസ് ഹോട്ടൽ എന്നിവിടങ്ങളിലൊക്കെ എം.ടി, പൊറ്റക്കാടിനും, എൻപിക്കുമൊപ്പം ഒത്തുകൂടും. ബേപ്പൂരിൽനിന്ന് നഗരത്തിലേക്ക് ബഷീറും വരുമായിരുന്നു.

എംടിയുടെ സിനിമാ എഴുത്തുകളിൽ ഏറെയും പിറവിയെടുത്തത് കോഴിക്കോട്ടെ ഹോട്ടൽമുറികളിലാണെന്ന് പറയാം. വീട്ടിൽ ഇരുന്ന് എഴുതുന്ന രീതി ആയിരുന്നില്ല എംടിയുടേത്. ആനിഹാൾ റോഡിലെ രത്നഗിരി ഹോട്ടലിൽ മുറിയെടുത്താണ് എംടി നിർമാല്യം, ഓളവും തീരവും എന്നീ തിരക്കഥകൾ എഴുതിയത്. ബീച്ചിലെ, സീക്വിൻ ഹോട്ടലിൽ ഇരുന്നാണ് താഴ്വാരം, സദയം എന്നീ സിനിമകളുടെ തിരക്കഥ എഴുതിയത്. അതുപോലെ നീലത്താമരയും പഴശിരാജയുടെ കുറച്ചു ഭാഗങ്ങളും എഴുതിയത് വീടിന് സമീപത്തുള്ള ഈസ്റ്റ് അവന്യൂ ഹോട്ടലിലുമായിരുന്നു.

കോഴിക്കോട്ടെ എം.ടിയുടെ സർഗപ്രവർത്തനങ്ങളിലേറെയും വാടകവീടുകളിലും ഹോട്ടൽ മുറികളിലുമായിരുന്നു. എന്നാൽ കോഴിക്കോട്ടെ കൊട്ടാരം റോഡിലുള്ള സിതാര എന്ന വീട്ടിലാണ് എം.ടി വിശ്രമജീവിതം നയിച്ചത്. തൊട്ടടുത്തു തന്നെ മകൾ അശ്വതിയും കുടുംബവും താമസിച്ചിരുന്നു. അശ്വതിയുടെ മകൻ മാധവൻ എംടിയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. മിക്കദിവസങ്ങളിലും അരികിലെത്തുന്ന അവന്‍റെ കളിയും ചിരിയുമാണ് എം.ടിയെന്ന മുത്തച്ഛന്‍റെ ഗൌരവം അൽപമെങ്കിലും അലിയിച്ചുകളഞ്ഞത്. എം.ടിയുടെ കഥകളുടെ ബീജം കൂടല്ലൂരും നിളയുമൊക്കെ ആയിരുന്നെങ്കിൽ, അവ മുളച്ചതും പടർന്നുപന്തലിച്ചതുമൊക്കെ കോഴിക്കോടുനിന്നാണ്. നിളയുടെ തെളിനീരൊഴുകിയ നഗരമായിരുന്നു എം.ടി നിറഞ്ഞുനിന്ന കോഴിക്കോട് എന്ന് പറയാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration