എം ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂര്‍ത്തമാണ്. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നല്‍കിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതില്‍ അതുല്യമായ പങ്കാണ് എം.ടിയ്ക്കുള്ളത്. സാഹിത്യകാരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ അദ്ദേഹം നല്‍കി.
സാഹിത്യരചനയോടൊപ്പം തന്നെ കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം ടി പരിശ്രമിച്ചു. അതിന്റെ ഭാഗമായാണ് തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്തതും നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എം ടിയുടെ നേതൃത്വത്തില്‍ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂര്‍ തുഞ്ചന്‍ പറമ്പ് ഇന്ത്യന്‍ സാഹിത്യഭൂപടത്തില്‍ത്തന്നെ ശ്രദ്ധാകേന്ദ്രമായി.
അദ്ദേഹത്തിന്റെ സാഹിത്യവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളില്‍ അടിയുറച്ചു നിന്നു. യാഥാസ്ഥിക മൂല്യങ്ങളേയും വര്‍ഗീയതയേയും എം ടി തന്റെ ജീവിതത്തിലുടനീളം കര്‍ക്കശബുദ്ധിയോടെ എതിര്‍ത്തു. സങ്കുചിതമായ പല ഇടപെടലുകളേയും മറികടന്നു തുഞ്ചന്‍ പറമ്പിന്റെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താന്‍ സാധിച്ചത് ഈ നിലപാടിന്റെ ബലം നമ്മെ ബോധ്യപ്പെടുത്തി.
എം ടി കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും സാഹിത്യസൃഷ്ടികളില്‍ വൈകാരിക തീക്ഷ്ണതയോടെ, അനുഭൂതിജനകമാം വിധം ആ കാഴ്ച പകര്‍ന്നു വെയ്ക്കുകയും ചെയ്തു. ജനമനസ്സുകളെ യോജിപ്പിക്കാന്‍ തക്ക കരുത്തുള്ള ഉപാധിയാണ് സാഹിത്യം. ആ സാഹിത്യത്തെ ജനമനസ്സുകളെ വിഷലിപ്തമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് എം ടിയുടെ കൃതികള്‍ ആവര്‍ത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്. ആ നിലയ്ക്ക് ഒരു സാംസ്‌കാരിക മാതൃകയാണ് സ്വന്തം ജീവിതംകൊണ്ട് എം ടി നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ളത്. അതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് മുമ്പോട്ടുപോകാന്‍ നമുക്കു കഴിയണം. പ്രിയ എം ടിയ്ക്ക് ഹൃദയപൂര്‍വ്വം നവതി ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here