ബിജു മുത്തത്തി
”കാലം കൂലംകുത്തി കടന്നുപോകും. എല്ലാം മാറും. സ്ഥലരാശികള്‍, കാഴ്ചകള്‍, അഭിരുചികള്‍. മനുഷ്യമനസ്സ് പക്ഷേ, കുറ്റിയില്‍ കെട്ടിയിട്ട തോണിപോലെത്തന്നെ. ഞാന്‍ എന്ന കുറ്റി”- എം ടിയുടെ കാലത്തില്‍ കൊത്തിയ വരികളാണിത്.
കൂടല്ലൂരിലെ കൂട്ടക്കടവില്‍ കുറ്റിയില്‍ കെട്ടിയിട്ട തോണിയാണ് താനെന്ന് എഴുതിയ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ തന്നെയാണ് അതേ വട്ടത്തില്‍വെച്ച് കാലത്തെയും ലോകത്തെയും പ്രപഞ്ചത്തെയും കഥകളായി കൈവള്ളയിലിട്ട് അമ്മാനമാടിയത്.
കാലവും നാലുകെട്ടും മഞ്ഞും അസുരവിത്തും രണ്ടാമൂഴവും വാരണാസിയും ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും ഓപ്പോളും ഓളവും തീരവും എന്നുവേണ്ട ആ പേനയില്‍ നിന്ന് പ്രവഹിച്ച കഥകളായ കഥകളും നോവലായ നോവലുകളുമെല്ലാം അറിയപ്പെടാത്ത അത്ഭുതങ്ങള്‍ ഉളിലൊളിപ്പിച്ച മഹാസമുദ്രത്തേക്കാള്‍ അറിയുന്ന ആ നിളാതീരത്തിന്റെ ഇതിഹാസങ്ങള്‍ തന്നെ.
ഭാരതപ്പുഴ മൊഴിമാറിയത് തന്നയാണ് ഒരര്‍ത്ഥത്തില്‍ വരണാസിയിലെ ഗംഗയും മഞ്ഞിലെ നൈനിത്താളും. എം ടി സ്വന്തം അന്തരിക്ഷത്തില്‍ വെച്ചല്ലാതെ ഒന്നും എഴുതിയിട്ടില്ല. രണ്ടാമൂഴത്തിലെ ഭീമന്‍ പോലും അപമാനിതനും നിഷ്‌കാസിതനും ഒരു വള്ളുവനാടന്‍ നായരാണ്.
മരുമക്കത്തായത്തിന്റെയും ഫ്യൂഡലിസത്തിന്റെയും തകര്‍ച്ചയുടെ ഇതിഹാസങ്ങളിലൂടെ എം ടി എഴുതിയ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിന്റെ കഥയാണ് സാഹിത്യം. ബാല്‍സാക്കിന്റെ നോവലുകളെ ചരിത്രപുസ്തകത്തേക്കള്‍ വലിയ ചരിത്രപുസ്തകമെന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ചതുപോലെ ചരിത്രത്തിന്റെ മറ്റൊരു മായജാലമാണ് എംടി കഥകള്‍.
എം ടിയെപ്പോലെ തൊട്ടതെല്ലാം പൊന്നാക്കിയ മറ്റൊരു മലയാള എഴുത്തുകാരനില്ല. കഥയിലും നോവലിലുമെന്ന പോലെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് എംടി. ഏറ്റവും മികച്ച ഏറ്റവും മികച്ച നിരൂപകനും ഏറ്റവും ഉപന്യാസകാരനും ഏറ്റവും മികച്ച ബാലസാഹിത്യകാരനുമാണ് എംടി. ഗോപുരനടയില്‍ പോലെ ഏറ്റവും മികച്ച നാടകങ്ങളും എഴുതിയിട്ടുണ്ട് എംടി.
വളര്‍ത്തുമൃഗങ്ങളില്‍ മികച്ച ഗാനങ്ങളും എഴുതിയിട്ടുണ്ട് എംടി. സാഹിത്യത്തിലെ വലിയ കുതിപ്പുകള്‍ കണ്ടെത്തിയ എംടിയേക്കാള്‍ വലിയ പത്രാധിപരില്ല. വലിയ വായനക്കാരനുമില്ല. 1995ലാണ് എംടിക്ക് ജ്ഞാനപീഠം ലഭിച്ചത്.
2005ല്‍ പത്മഭൂഷണ്‍. 2011ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം. 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ജെ സി ഡാനിയേല്‍ പുര്‌സ്‌കാരം. അഞ്ചു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം. നാലു തവണ സംസ്ഥാന പുരസ്‌കാരം.
കേരള- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ വേറെയും. ആ ജീവിതം ഇവിടെ അവസാനിക്കുന്നുവെങ്കിലും കഥ തുടരുന്നു. എത്രയോ മരണങ്ങള്‍ക്ക് ആമുഖമായി മലയാളി ഉപയോഗിച്ചു ക്ലീഷേയായ അതെ എം ടിയെന്ന വാക്യം തന്നെ ഉരുവിടാം. മരണം രംഗബോധമില്ലാത്തൊരു കോമാളിതന്നെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here