മുഹമ്മദ് അലി; രാഷ്ട്രീയത്തിലും പ്രതിരോധം തീർത്ത ഇതിഹാസം

സിയാദ് ഷംസുദിൻ

ഇടിക്കൂട്ടിൽ ഒഴുകി നടന്ന് പകരം വെക്കാനില്ലാത്ത പഞ്ചുകളാൽ ഏത് ഏതിരാളികളെയും നിഷ്പ്രയാസം കീഴ്പ്പെടുത്തിയിരുന്ന ലോക ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി വിടവാങ്ങിയിട്ട് ഏഴ് വർഷം തികയുകാണ്. ഉറച്ച ചുവടുകളുമായി വംശീയതയ്ക്കും വർണവിവേചനത്തിനും സാമ്രാജ്യത്വത്തിനും എതിരായി നിലപാട് എടുത്ത്, ലോക ചരിത്രത്തെ ഒരു ബോക്സിംഗ് റിംഗ് എന്ന പോലെ പിടിച്ചുലച്ച സമര പോരാട്ടത്തിൻ്റെ മുഖമായാണ് മുഹമ്മദ് അലി ഇന്നും ഓർക്കപ്പെടുന്നത്

ഒരേസമയം ചിത്രശലഭത്തെപ്പോലെ പാറുകയും എതിരാളികളെ തേനിച്ചയെപ്പോലെ കുത്തിയിടുകയും ചെയ്യുന്ന പകരം വെക്കാനില്ലാത്ത ശൈലിക്ക് ഉടമയായിരുന്നു ബോക്സിംഗ് റിംഗിലെ മുഹമ്മദ് അലി. അവിടെ ലോകം ബോക്സിംഗിൻ്റെ മനോഹാരിത കണ്ട് നിശ്ചലമായപ്പോൾ എതിരാളികൾ ഒന്നൊന്നായി മുഹമ്മദ് അലിക്ക് മുമ്പിൽ നിലംപൊത്തി. 12-ാം വയസ്സിൽ മോഷണം പോയ സൈക്കിൾ തേടിയിറങ്ങിയ കാഷ്യസ്ക്ലേ എന്ന കുട്ടിയിൽ നിന്നാണ് മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യനായ വ്യക്തിയിലേക്കുള്ള യാത്ര മുഹമ്മദ് അലി ആരംഭിക്കുന്നത്. 18 വയസ്സ് പൂർത്തിയാവുമ്പോ‍ഴേക്കും 108 അമച്ച്യർ ബോക്സിംഗ് മത്സരങ്ങളാണ് മുഹമ്മദ് അലി പൂർത്തിയാക്കിയത്.

1960ലെ റോം ഒളിംപിക്സിന് പോകാൻ മുഹമ്മദ് അലിക്ക് താൽപര്യമുണ്ടായിരുന്നില്ല. വിമാനത്തിൽ പറക്കാനുള്ള പേടിയായിരുന്നു കാരണം. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് മുഹമ്മദ് അലി മത്സരത്തിന് സമ്മതിച്ചത്. പക്ഷെ റിങിനുള്ളിലെത്തിയപ്പോൾ ആ പരിഭ്രമമൊന്നും മുഹമ്മദ് അലിയെ അലട്ടിയില്ല. തൊട്ടുമുൻപത്തെ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവിനെ വീഴ്ത്തി അലി റോം ഒളിംബിക്സിൽ സ്വർണം നേടി. ഒരു സാധാരണ മെഡൽ മാത്രമായി പോകുമായിരുന്ന ആ മെഡൽ പിന്നീട് അലിയുടെ പോരാട്ടത്തിന്റെ പ്രതീകമായി മാറി. ഒളിംപിക്സിനുശേഷം അമേരിക്കയിൽ തിരിച്ചെത്തിയ അലിക്കും കൂട്ടുകാരനും കറുത്ത വർഗക്കാരായതിനാൽ ഒരു റസ്റ്ററന്റിൽ ഭക്ഷണം നിഷേധിക്കപ്പെട്ടു. ഒളിംപിക് മെഡൽ ഓഹിയോ നദിയിലേക്കു വലിച്ചെറിഞ്ഞാണ് മുഹമ്മദ് അലി അന്ന് പ്രതിഷേധം തീർത്തത്.

സമാനമായ ഒരു പ്രതിഷേധത്തിന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയും വേദിയായി. അന്ന് ഒഹിയോ നദിയായിരുന്നുവെങ്കിൽ ഇന്ത്യയിൽ ഗംഗാ നദിയായിരുന്നു പ്രതിഷേധത്തിന് വേദിയായത്. മെഡൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് ഗുസ്തി താരങ്ങൾ പിൻമാറിയെങ്കിലും അവിടെയും മുഹമ്മദ് അലി എന്ന നാമം ഓർക്കപ്പെട്ടു.

1964-ല്‍ വര്‍ണവിവേചനത്തിനെതിരേയുള്ള പ്രതിഷേധത്തിന്റ ഭാഗമായാണ് കാഷ്യസ്ക്ലേ എന്ന യുവാവ് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദലിയായിതീര്‍ന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന് എതിരെയും സമരസപ്പെടാത്ത നിലപാടുകളാൽ മുഹമ്മദ് അലി വ്യത്യസ്തനായി. നിർബന്ധിത സൈനികസേവനത്തിന് ചേർന്ന് വിയറ്റ്‌നാം യുദ്ധത്തിന് പോകുമോ എന്ന അമേരിക്കയുടെ ചോദ്യത്തിന് അലിയുടെ ഉത്തരം രാജ്യത്ത് വൻ കോളിളക്കമുണ്ടാക്കി. ഒരു വിയറ്റ്നാമുകാരും എന്നെ ദ്രോഹിച്ചിട്ടില്ല. നീഗ്രോ എന്നു വിളിച്ചിട്ടില്ല. എനിക്കവരോട് ഒരു ദേഷ്യവുമില്ലെന്ന് അലി ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നീട് വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളുടെ തന്നെ മുഖക്കുറിയായി മാറി അലിയുടെ വാക്കുകൾ. ഗവൺമെന്റിനെ ധിക്കരിച്ചതിന് ഹെവിവെയ്റ്റ് കിരീടവും ബോക്സിങ്ങിൽ നിന്നു വിലക്കും നേരിട്ടെങ്കിലും അലി ലോകജനതയുടെ വീരനായകനായി മാറി.

1970ൽ വിലക്ക് നീങ്ങിയതോടെ അലി വീണ്ടും റിങ്ങിലേക്കു തിരിച്ചെത്തി. നൂറ്റാണ്ടിലെ പോരാട്ടം എന്നു വാഴ്ത്തപ്പെട്ട മൽസരത്തിൽ ജോ ഫ്രേസിയറോടു മുഹമ്മദ് അലിക്ക് കീഴടങ്ങി വന്നു. എന്നാൽ അലിയുടെ പ്രശസ്തമായ ‘റോപ്പ് എ ഡോപ്’ ട്രിക്കിന് ലോകം സാക്ഷിയായത് ആ മത്സരത്തിലായിരുന്നു. പരാജയത്തിൽ തളരാതെ 1974ൽ സയറിൽ വച്ചു നടന്ന മൽസരത്തിൽ ജോർജ് ഫോർമാനെ കീഴടക്കിയ അലി ഹെവിവെയ്റ്റ് കിരീടം വീണ്ടും തിരിച്ചുപിടിച്ചു. അതോടെ ഫ്രേസിയറുമായി മറ്റൊരു മൽസരത്തിനു കൂടി ലോകം സാക്ഷ്യം വഹിച്ചു. ‘ത്രില്ല ഇൻ മനില’ എന്ന് വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തിന്റെ അവസാനറൗണ്ടിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ റിങ്ങിൽ സിംഹത്തെപ്പോലെ ഗർജിച്ച് കൊണ്ട് അലി ഒരിക്കൽക്കൂടി ലോകത്തോടു ഉറക്കെ വിളിച്ച് പറഞ്ഞു– അയാം നോട്ട് ദ് ഗ്രേറ്റസ്റ്റ്. അയാം ദ് ഡബിൾ ഗ്രേറ്റസ്റ്റ്.

അതെ. റിംഗിന് പുറത്തും അകത്തും എന്നും അയാൾക്ക് പകരം വെക്കാൻ ആരുമില്ലായിരുന്നു. വംശീയതയ്ക്കും വർണവിവേചനത്തിനും സാമ്രാജ്യത്വത്തിനും എതിരെ തന്റെ ഉരുക്ക് മുഷ്ടികൊണ്ട് ചുട്ട മറുപടി പറഞ്ഞ മറ്റൊരു മനുഷ്യൻ ലോക ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ഉണ്ടാവാനും പോകുന്നില്ല. റിങ് വിട്ടതിനു ശേഷം അലി വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് 1996 ലാണ്. അറ്റലാന്റ ഒളിംപിക്സിന് ഉദ്ഘാടനത്തിന് തിരികൊളുത്താൻ നിയോഗിച്ച് അമേരിക്ക മുഹമ്മദ് അലിയോട് പ്രായശ്ചിത്യം ചെയ്തു. അറ്റലാൻ്റ ഒളിമ്പിക്‌സിൽ വച്ച് ഓഹിയോയിൽ വലിച്ചെറിഞ്ഞ സ്വർണ മെഡലിന് പകരമായി മറ്റൊരു മെഡൽ നല്‍കി ഒളിമ്പിക്‌സ് കമ്മറ്റിയും മുഹമ്മദ് അലിയെ ആദരിച്ചു. 2016 ജൂൺ മൂന്നിന് ലോകത്തോട് വിട പറയുന്നത് വരെ അലിക്ക് ഈ ലോകം നിലയ്ക്കാത്ത പോരാട്ടങ്ങളും നിലപാടുകളുടെ പഞ്ചുകളും നിറഞ്ഞ ഒരു ‘ബോക്സിങ് റിങ്’ ആയിരുന്നു!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News