പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വന്നുപോയാലും ഒലിച്ചു പോകുന്നതല്ല കേരളത്തിന്റെ മതനിരപേക്ഷതയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘യങ് ഇന്ത്യ, ആസ്‌ക് ദ പിഎം: പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രധാനമന്ത്രി എന്ന നിലയില്‍ മോഡി കേരളത്തിലേക്ക് വരുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ യുവജനങ്ങള്‍ കഴിയില്ല. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണകാരനായ പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ പാര്‍ടിയോടും ഡിവൈഎഫ്ഐക്ക് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നതിനെ രാഷ്ട്രീയ അവസരമായിട്ടാണ് ഡിവൈഎഫ്ഐ കാണുന്നത്. ചോദ്യങ്ങളെ മോഡി ഇഷ്ടപ്പെടുന്നില്ല. ചോദ്യം ചോദിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നമുക്കറിയാം. എറ്റവും അവസാനം ബിബിസിയുടെ ഉദാഹരണം കണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. അദ്ദേഹത്തിന് നിര്‍ഭയം വരാനും സഞ്ചരിക്കാനും സാധിക്കുന്ന സംസ്ഥാനമാണ് കേരളം.
പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ ഡിവൈഎഫ്ഐ ഓര്‍മപ്പെടുത്തി കൊണ്ടിരിക്കും. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലാണ് വാഗ്ദാനം ചെയ്തത്. പക്ഷേ രാജ്യത്ത് തൊഴില്ലായ്മ വര്‍ധിക്കുകയാണ്. ഈ കാര്യം ഓര്‍മപ്പെടുത്തേണ്ട മാധ്യമങ്ങള്‍ ഈ കാര്യം വാര്‍ത്തയാക്കില്ല. കാരണം മാധ്യമ ഉടമകളെ സംഘപരിവാര്‍ വിഴുങ്ങി കഴിഞ്ഞു. രാജ്യത്തിനാകെ മാതൃകയായ ബദല്‍ നയങ്ങളാണ് കേരളത്തിലെ ഇടതുപക്ഷം ഉയര്‍ത്തുന്നത്.
2025ല്‍ നൂറു വയസിലേക്ക് എത്തുന്ന ആര്‍എസ്എസ് പരിപൂര്‍ണമായ ഹിന്ദു രാഷ്ട്രത്തിലേക്ക് ഇന്ത്യയെ എത്തിക്കാനുള്ള ശ്രമം. സംവരണം അട്ടിമറിച്ചുകൊണ്ട് പരസ്യമായി ഭരണഘടന വിരുദ്ധ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ വെട്ടിമാറ്റുകയാണ്. ഗാന്ധിവധം, മൗലാന അബ്ദുള്‍ കലാം ആസാദ്, മുകള്‍ സാമ്രാജ്യ ചരിത്രം തുടങ്ങിയവയെല്ലാം പുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റി കഴിഞ്ഞു. സംഘപരിവാര്‍ ചരിത്രത്തെ വെട്ടിമാറ്റുമ്പോള്‍ മതനിരപേക്ഷത പഠിപ്പിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാണ്.
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെപ്പറ്റി പ്രധാനമന്ത്രിയോട് ഒരു ചോദ്യമെങ്കിലും ചോദിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനോ യുഡിഎഫിനോ കഴിയുന്നില്ല. കേരളത്തില്‍ നിന്ന് ബിജെപി പ്രസിഡന്റും കെപിസിസി പ്രസിഡന്റും അയക്കുന്ന കത്ത് കണ്ടാല്‍ അത് തിരിച്ചറിയാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നുണ്ടോയെന്ന നൂറ്റി ഒന്നാമത്തെ ചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത്. കേരളത്തില്‍ ബിജെപിക്കും യുഡിഎഫിനും ഒരേ സ്വരമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here