സംസ്ഥാന സര്‍ക്കാരിന്‍റെ ഡിസൈൻ പോളിസിക്ക് തുടക്കം; റെയില്‍വേ മേല്‍പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്‍റെ ഡിസൈൻ പോളിസിയുടെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് ശനിയാഴ്ച കൊല്ലത്ത് തുടക്കമാകും. മേല്‍പാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദങ്ങളായ മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്ന രൂപകല്‍പ്പനാ നയ (ഡിസൈന്‍ പോളിസി) ത്തിന്‍റെ ഭാഗമായുള്ള പദ്ധതികള്‍ ടൂറിസം വകുപ്പ് ആരംഭിക്കുന്നു. കൊല്ലം എസ്എന്‍ കോളേജിനു സമീപമുള്ള റെയില്‍വേ മേല്‍പാലത്തിന്‍റെ അടിവശമാണ് സൗന്ദര്യവല്‍ക്കരിക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30 ന് കൊല്ലം നെഹ്റു പാര്‍ക്കില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എം. നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിക്കും.

Also Read: സംസ്ഥാനത്ത് ഇനിയും മഴ കനക്കും; വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ് ഇങ്ങനെ

മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍ കെ പ്രേമചന്ദ്രന്‍ എംപി തുടങ്ങിയവര്‍ സംബന്ധിക്കും. മേല്‍പാലത്തിനു കീഴില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഏകദേശം 70 സെന്‍റ് ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഈ സ്ഥലം കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വാക്കിംഗ് ട്രാക്കുകള്‍, സ്ട്രീറ്റ് ഫര്‍ണിച്ചറുകള്‍, ലഘുഭക്ഷണ കിയോസ്കുകള്‍, ബാഡ്മിന്‍റണ്‍-ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, ചെസ് ബ്ലോക്ക്, സ്കേറ്റിംഗ് ഏരിയ, ഓപ്പണ്‍ ജിം, യോഗ-മെഡിറ്റേഷന്‍ സോണ്‍ മുതലായവ ആണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് പൂര്‍ത്തിയായ ശേഷം നടത്തിപ്പില്‍ നിന്നും ലഭിക്കുന്ന വരുമാനം ഭാവി പരിപാലനത്തിന് പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെടിഐഎല്‍) ആണ് പദ്ധതിയുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിട്ടുള്ളത്.

Also Read: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ മേല്‍നോട്ടം കെടിഐഎല്ലിനാണ്. പദ്ധതി നടപ്പാക്കുന്നതിനായി 2 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പ്രൊജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ് ആയി ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെയാണ് ടൂറിസം വകുപ്പ് തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പും പരിപാലനവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, മറ്റ് അനുബന്ധ വകുപ്പുകള്‍ മുതലായവ ചേര്‍ന്നായിരിക്കും. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, കൊല്ലം ജില്ലാ കളക്ടര്‍ ദേവീദാസ് എന്‍, കൗണ്‍സിലര്‍ എ.കെ സവാദ്, കെടിഐഎല്‍ ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കെ തുടങ്ങിയവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News