വിഷുക്കണിയൊരുക്കിയും കൈനീട്ടം നല്‍കിയുമാണ് കേരളത്തിലെ കാര്‍ഷികോത്സവത്തെ മുംബൈ മലയാളികള്‍ ഇതര ഭാഷക്കാരോടൊപ്പം ആഘോഷമാക്കുന്നത്. ഏറെ കാലത്തിന് ശേഷം അവധിയെടുക്കാതെ വിഷു ആഘോഷമാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് നഗരത്തിലെ മലയാളികള്‍. വിഷുവിന്റെ പരമ്പരാഗത ചിട്ടവട്ടങ്ങളെല്ലാം ഒരുക്കിയാണ് മഹാനഗരത്തിലെ ആഘോഷം.
കണിയൊരുക്കിയും കൈനീട്ടം നല്‍കിയും പുതിയ തലമുറക്ക് ജന്മനാടിന്റെ സംസ്‌കാരവും പൈതൃകവും പകര്‍ന്നാടുകയാണ് മുംബൈ മലയാളികള്‍. നഗരത്തിന്റെ കോസ്‌മോപോളിറ്റന്‍ സംസ്‌കാരം ആഘോഷങ്ങളിലും പ്രകടമാണെന്ന് ഇവരെല്ലാം പറയുന്നു. തൊട്ടടുത്ത വീട്ടിലെ മഹാരാഷ്ട്രീയന്‍ കുടുംബവും വര്‍ഷങ്ങളായി തങ്ങളോടൊപ്പമാണ് വിഷു ആഘോഷിക്കുന്നതെന്നാണ് പാലക്കാട്ടുകാരന്‍ രാമചന്ദ്രന്‍ നായര്‍ പറയുന്നത്. മുംബൈ മലയാളികള്‍ക്ക് ആഘോഷമെന്നാല്‍ ഒത്തു കൂടാനുള്ള സുവര്‍ണാവസരങ്ങള്‍ കൂടിയാണ് . തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയില്‍ വീണ് കിട്ടുന്ന ഇത്തരം ഒത്തു ചേരലുകള്‍ തന്നെയാണ് മുംബൈയിലെ മലയാളികളുടെ ആഘോഷങ്ങളെ സമ്പന്നമാക്കുന്നത്.
ആഘോഷങ്ങളുടെ നഗരമായ മുംബൈയില്‍ ഇക്കുറി വിഷുവിനിടയില്‍ തിരഞ്ഞെടുപ്പാണ് മുഖ്യ വിഷയം. മഹാരാഷ്ട്രയില്‍ സ്വന്തം മണ്ഡലത്തില്‍ ആരാണ് മത്സരിക്കുന്നതെന്ന് അറിയാത്ത മലയാളികള്‍ക്കും കേരളത്തിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കിടാന്‍ നൂറ് നാവാണ്. ഇരുപത് മണ്ഡലങ്ങളിലെ വിശേഷങ്ങളും സ്ഥാനാര്‍ഥികളുടെ വിവരങ്ങളുമെല്ലാം പലര്‍ക്കും മനഃപാഠമാണ്. ചുമരെഴുത്തുകള്‍ പോലുമില്ലാത്ത മുംബൈയിലെ സ്ഥിതി നേരെ മറിച്ചും. ഇനിയും പലരും സ്ഥാനാര്‍ഥികളെ വരെ പ്രഖ്യാപിച്ചിട്ടുമില്ല.
കണിക്കൊന്ന കിട്ടാനാണ് മുംബൈയില്‍ ഏറെ പ്രയാസമെന്നാണ് ശിവകുമാര്‍ പറയുന്നത്. മരത്തില്‍ കയറി പറിച്ചെടുക്കാനും കഴിയാത്ത സാഹചര്യത്തില്‍ കടകളില്‍ നിന്നും വലിയ വില കൊടുത്താണ് വാങ്ങുന്നത്. ഒറിജിനലിനെ വെല്ലുന്ന ചൈനീസ് കൊന്നപ്പൂക്കളും മുംബൈയില്‍ ലഭ്യമാണ്. വിഷുവിന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നതിനിടയിലും കേന്ദ്രത്തില്‍ ഭരണമാറ്റം വേണമെന്നും മുളുണ്ടില്‍ വസിക്കുന്ന ശിവകുമാര്‍ പറയുന്നു. രാജ്യത്ത് ജനോപകാരപ്രദമായ രീതിയില്‍ നല്ല ഭരണം വരട്ടെയെന്ന പ്രത്യാശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായാലും വിഷു ആഘോഷിക്കുന്ന കുടുംബ സൗഹൃദ സദസ്സുകളിലെ ഒത്തുകൂടലുകളെ ആവേശത്തിലാക്കിയത് കേരളത്തിലെ ചൂടന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here