മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം ശനിയാഴ്ച രാവിലെ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ നഗരത്തെ നടുക്കിയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.
എസ്എആർ ഓപ്പറേഷൻ്റെ ഭാഗമായി കാണാതായ യാത്രക്കാരെ കണ്ടെത്താൻ നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും ബോട്ടുകളുമാണ് തിരച്ചിൽ നടത്തിയിരുന്നത്. രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന 113 പേരിൽ 15 പേർ മരിക്കുകയും ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ഉൾപ്പെടെ 98 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ടവരിൽ പത്തനംതിട്ടയിൽ നിന്നും മുംബൈ സന്ദർശിക്കാനെത്തിയ മൂന്നംഗ മലയാളി കുടുംബവുമുണ്ടായിരുന്നു.
Also read: തമിഴ്നാട് മൽസ്യത്തൊഴിലാളികളെ ആഴക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ; 3 പേർക്ക് പരുക്ക്
നാവികസേനയുടെ കപ്പലിൽ ആറ് പേർ ഉണ്ടായിരുന്നു, അതിൽ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. എൻജിൻ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന നാവികസേനയുടെ ക്രാഫ്റ്റ് നിയന്ത്രണം വിട്ട് മുംബൈ തീരത്ത് വെച്ച് നീൽ കമൽ എന്ന പാസഞ്ചർ ഫെറിയുമായി കൂട്ടിയിടിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്.
100-ലധികം യാത്രക്കാരുള്ള യാത്രാ ബോട്ട് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ എലിഫൻ്റ ദ്വീപിലേക്കുള്ള യാത്രയിലായിരുന്നു.
Also read: ജിഎസ്ടി കൗണ്‍സിലിന്റെ യോഗം ജയ്‌സാല്‍മീറില്‍; 148 ഇനങ്ങളുടെ നികുതി നിരക്കില്‍ മാറ്റം വരുത്തിയേക്കും
മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) നൽകിയ രേഖകൾ പ്രകാരം 84 യാത്രക്കാരെയും ആറ് ജീവനക്കാരെയും കയറ്റാൻ മാത്രം അനുമതിയുണ്ടായിരുന്ന ബോട്ടിൽ നൂറിലധികം യാത്രക്കാരുമായി അമിതഭാരമുണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭൂരിഭാഗം പേർക്കും ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്നതും വലിയ വീഴ്ചയായി. നാവികസേനയുടെ ക്രാഫ്റ്റ് ഡ്രൈവർക്കെതിരെ കൊളാബ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here