വിമാനത്തിനുള്ളിൽ അതിക്രമം നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. യാത്രക്കിടയിൽ വിമാനത്തിലെ ജീവനക്കാരെ ആക്രമിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത 25 -കാരനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ മുസവിര്‍ നടുക്കണ്ടി എന്ന യുവാവ് വിമാനജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രെസ്സിലാണ് സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് വിമാനം പറന്നുയർന്നതിനു പിന്നാലെ ഇയാൾ സീറ്റിൽ നിന്നെഴുന്നേറ്റു. ശേഷം വിമാനത്തിന്റെ പിന്നിലേക്ക് പോയ യുവാവ് ജീവനക്കാരെ ആക്രമിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇയാളെ ജീവനക്കാർ തിരികെ സീറ്റിൽ കൊണ്ടുവന്ന ഇരുത്തിയെങ്കിലും അക്രമം തുടർന്നു. തിരികെ സീറ്റിലെത്തിയ ഇയാൾ സഹയാത്രികരെ അസഭ്യം പറയുകയും എമർജൻസി വാതിൽ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പൈലറ്റ് അടിയന്തരമായി വിമാനം മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. തുടർന്ന് മുസവീറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഐപിസി 336, 504, 506, 323 എന്നീ വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here