ആഢംബര കാറിടിച്ച് മുംബൈയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; അപകടം നടന്ന് 72 മണിക്കൂറിനു ശേഷം പ്രതി മിഹിര്‍ ഷാ പൊലീസ് പിടിയില്‍

മുംബൈയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബിഎംഡബ്ല്യൂ ഹിറ്റ്് ആന്‍ഡ് റണ്‍ കേസ് പ്രതി മിഹിര്‍ ഷാ പൊലീസ് പിടിയില്‍. സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ വോര്‍ളിയില്‍ മല്‍സ്യക്കച്ചവടക്കാരായ കാവേരി നഖ്‌വയെയും ഭര്‍ത്താവ് പ്രദിക് നഖ്‌വയെയുമാണ് ശിവസേനാ ഷിന്‍ഡേ വിഭാഗം നേതാവിന്റെ മകന്‍ മിഹിര്‍ ഷാ ഓടിച്ച ആഢംബര കാര്‍ ഇടിച്ചത്. സംഭവത്തില്‍ കാവേരി നഖ്‌വ (45)യാണ് കൊല്ലപ്പെട്ടത്. അപകടത്തിനു ശേഷം വാഹനം നിര്‍ത്താതെ പോയ മിഹിര്‍ ഷായെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഏറെ സാഹസികമായാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവ ദിവസം പ്രതി അമിതമായി മദ്യപിച്ചിരുന്നതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തിനു ശേഷം ഒളിവില്‍ പോയ മിഹിര്‍ ഷായെ കണ്ടെത്താനായി പൊലീസ് വ്യാപക പരിശോധനയായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ പ്രതിയും അയാളുടെ അമ്മയും സഹോദരിമാരും ഈ ദിവസങ്ങളില്‍ അവരുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തത് അന്വേഷണത്തിന് വെല്ലുവിളി സൃഷ്ടിച്ചു. പിന്നീട് പ്രതിയുടെ ഒരു സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മിഹിര്‍ ഷായെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

ALSO READ: ‘വിഴിഞ്ഞത്ത് മദർഷിപ്പിനെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി’; മന്ത്രി വി എൻ വാസവൻ

അപകടത്തില്‍ കൊല്ലപ്പെട്ട കാവേരി നഖ്വയോട് പ്രതി മിഹിര്‍ ഷാ അതിക്രൂരമായായിരുന്നു പെരുമാറിയിരുന്നത്. അപകടത്തിനു ശേഷം ഒന്നരക്കിലോമീറ്റര്‍ ദൂരം കാവേരിയുടെ മൃതദേഹവും വലിച്ചിഴച്ചു കൊണ്ട് പ്രതിയുടെ വാഹനം സഞ്ചരിച്ചെന്നും കാറില്‍ കുരുങ്ങിക്കിടന്നിരുന്ന മൃതദേഹം പിന്നീട് വാഹനത്തിനടിയില്‍ നിന്നും വലിച്ചെടുത്ത് പി്ന്നീട് റോഡില്‍ ഉപേക്ഷിച്ചാണ് സംഘം കടന്നതെന്നും പൊലീസ് കണ്ടെത്തി. മൃതദേഹം റോഡില്‍ ഉപേക്ഷിച്ചതിനു ശേഷം കാര്‍ ഡ്രൈവര്‍ രാജഋഷി ബിദാവത്ത് ആണ് വാഹനമോടിച്ചിരുന്നത്. തുടര്‍ന്ന് ബാന്ദ്രയിലെ കാലാ നഗറിന് സമീപം ബിഎംഡബ്ല്യു കാര്‍ ഉപേക്ഷിച്ച് ഗോരേഗാവിലെ കാമുകിയുടെ വീട്ടിലേക്ക് മിഹിര്‍ ഷാ പോവുകയായിരുന്നു. പിന്നീട് അവിടെ നിന്നും കാമുകിയുമായി മിഹിര്‍ ഷാ ബോറിവാലിയിലുള്ള അയാളുടെ വീട്ടിലെത്തുകയും തുടര്‍ന്ന് സംഭവത്തെക്കുറിച്ച് പ്രതിയുടെ അമ്മയെയും സഹോദരിമാരെയും അറിയിക്കുകയും ചെയ്തു. പിന്നീട് കുടുംബത്തോടെ ഇവര്‍ മുംബൈയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഷാഹ്പൂരിലെ ഒരു റിസോര്‍ട്ടിലേക്ക് മാറി.
ഇന്നലെ രാത്രിയോടെ മിഹിര്‍ ഷാ അവിടെ നിന്നും അയാളുടെ സുഹൃത്ത് അവ്ദീപിനൊപ്പം മുംബൈയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള വിരാറിലേക്ക് പോയി. ഇവിടെ വെച്ച് അയാളുടെ സുഹൃത്ത് 15 മിനിട്ടോളം സമയം ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തതാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ആദ്യം മുതലേ ഇയാളുടെ ഫോണ്‍ ട്രേസ് ചെയ്തുകൊണ്ടിരുന്ന പൊലീസ് ഫോണ്‍ ഓണായതോടെ ഉടന്‍ ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തി മിഹിര്‍ ഷായെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച മിഹിര്‍ ഷായുടെ അമ്മയെയും അയാളുടെ സഹോദരിമാരെയും ഉള്‍പ്പെടെ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന പാര്‍ട്ടിയുടെ ഉപനേതാവ് രാജേഷ് ഷായുടെ മകനാണ് പ്രതി മിഹിര്‍ ഷാ.

ALSO READ: ‘കൊച്ചുമകനെ മർദിച്ചു’, മുൻ സൈനികനായ മുത്തച്ഛൻ മകനെയും ഭാര്യയെയെയും വെടിവെച്ചു; സംഭവം മഹാരാഷ്ട്രയിൽ

അപകടത്തിനു ശേഷം മിഹിര്‍ പിതാവിനെ വിളിച്ച് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പിതാവ് അവരെ സഹായിക്കുന്നതിനായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ സംഭവ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും പ്രതി കാര്‍ ഡ്രൈവര്‍ ബിദാവത്തിനെയും കൂട്ടി അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. ഈ സമയത്താണ് കാവേരിയുടെ ഭര്‍ത്താവ് പ്രദിക് വിവരം നല്‍കിയതനുസരിച്ച് പൊലീസ് പട്രോളിങ് സംഘം സ്ഥലത്തെത്തുന്നത്. സംഭവ സ്ഥലത്ത് പ്രതിയുടെ പിതാവിനെ കണ്ടെത്തിയ അവര്‍ അപ്പോള്‍ തന്നെ അയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഡ്രൈവര്‍ ബിദാവത്തിനെയും പൊലീസ് പിടികൂടി. തുടര്‍ന്ന് ഇരുവരെയും ഇന്നലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (സ്വീരി) എസ്പി ഭോസാലെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News