കലാമണ്ഡലം സത്യഭാമയുടെ നിലപാടുകളോട് പ്രതികരിച്ച് മുംബൈയിലെ പ്രമുഖ കലാകാരികൾ

മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുതെന്നുമുള്ള കലാമണ്ഡലം സത്യഭാമയുടെ നിലപാടുകളോടും ജാതി അധിക്ഷേപങ്ങളോടും പ്രതികരിച്ച് മുംബൈയിലെ പ്രമുഖ നർത്തകിമാർ.

താര വർമ്മ

കലാമണ്ഡലം സത്യഭാമയെ പോലെ ഇത്രയും മുതിർന്നൊരു കലാകാരി വേറൊരു കലാകാരന്റെ മേൽ ഇത് പോലെ ചെളി വാരി എറിയുന്നത് വളരെ കഷ്ടമാണ് . തീർച്ചയായും സത്യഭാമ കലാലോകത്തോട് തന്നെ ക്ഷമ ചോദിക്കേണ്ടതാണെന്നും പ്രശസ്ത കഥകളി നർത്തകി താര വർമ്മ പ്രതികരിച്ചു. ഒരു പക്ഷെ അവരുടെ വ്യക്തി വൈരാഗ്യമാകാം ഇതിന്റെ പിന്നിലെന്നും എന്ത് തന്നെയായാലും ഇതിലൂടെ എല്ലാ കലാകാരന്മാരെയുമാണ് അധിക്ഷേപിച്ചിരിക്കുന്നതെന്നും താരാ വർമ്മ ചൂണ്ടിക്കാട്ടി

Also Read: ജാതി സെന്‍സസ് വിഷയത്തില്‍ കോണ്‍ഗ്രസിനുളളില്‍ ഭിന്നത; നിലവിലുള്ള അസമത്വങ്ങള്‍ക്കും പരിഹാരമല്ലെന്ന് ആനന്ദ് ശർമ്മ

നിഷ ഗിൽബർട്ട്

കലാമണ്ഡലം സത്യഭാമയെ പോലുള്ള പ്രതിഭകൾ എത്രയോ യുവജനലോത്സവ വേദികളിൽ വിധികർത്താവായി ഇരുന്നിട്ടുണ്ട് എന്നതാണ് പെട്ടെന്ന് ഓർമ്മയിലേക്ക് ഓടി വരുന്നത്. അവിടെയും ഇതേ നിലപാടും മാനദണ്ഡവുമായിരുന്നെങ്കിൽ എത്രയോ കഴിവുള്ള കുട്ടികളായിരിക്കും അർഹത കിട്ടാതെ പോയിരിക്കുക എന്നതാണ് ഈ അവസരത്തിൽ ഏറെ ആശങ്ക പെടുത്തുന്നതെന്നാണ് മുംബൈയിലെ പ്രശസ്ത നർത്തകി നിഷാ ഗിൽബർട്ടിന്റെ ആദ്യ പ്രതികരണം

നടനകലയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പ്രാചീന സംസ്കൃതകൃതിയാണ് നന്ദികേശ്വരിയുടെ അഭിനയദർപ്പണം. ഇതിലൊരു ശ്ലോകമുണ്ട് . ഒരു നർത്തകിക്ക് പാടില്ലാത്ത കാര്യങ്ങളെ കുറിച്ചാണതിൽ പ്രതിപാദിക്കുന്നത്.

പാടാൻ അറിയാത്തവർ ആയിരിക്കരുത്, മുടി കുറവുണ്ടാകാൻ പാടില്ല,കൂടാതെ സ്തനങ്ങളുടെയും ചുണ്ടുകളുടെയും വലിപ്പം, ഉയരം തുടങ്ങി ഒരു പറ്റം ബോഡി ഷെയ്‌മിങ് അടങ്ങുന്നതാണ് ഈ ശ്ലോകം.

ഇത്തരം നിർവ്വചനങ്ങൾ ആധുനിക കാലത്തും സാധുവായി നിലകൊള്ളുന്നുവെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് നിഷാ ഗിൽബർട്ട് പറഞ്ഞു.

നിറത്തിന്റെ കാര്യത്തിലായാലും ലൈംഗിക, ജാതി വിവേചനങ്ങളായാലും സത്യഭാമയുടെ നിലപാടിനോട്
തനിക്ക് യോജിക്കാനാവില്ലന്നും കലയിൽ അതിരുകൾ പാടില്ലായെന്നാണ് ഉറച്ച വിശ്വാസമെന്നും എഴുത്തുകാരി കൂടിയായ നിഷ വ്യക്തമാക്കി.

Also Read: ‘സത്യഭാമയെപോലെയുള്ള വിഷജീവികളെ പ്രതിരോധിക്കണം; ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്ഐ കേരളത്തിലുടനീളം വേദിയൊരുക്കും’: വി കെ സനോജ്

ഡിംപിൾ ഗിരീഷ്

ഒരു മുതിർന്ന നർത്തകിയായ കലാമണ്ഡലം സത്യഭാമ RLV രാമകൃഷ്ണനെന്ന അതുല്യ കലാകാരനെ ഏതെല്ലാം തരത്തിലാണ് അധിക്ഷേപിച്ചിരിക്കുന്നത്. ആ വാക്കുകൾ ഒന്ന് കൂടി ഇവിടെ ഉച്ചരിക്കുവാൻ പോലും മനസ് വരുന്നില്ല. അവരുടെ വാക്കുകളോടുള്ള ശക്തമായ എതിർപ്പ് അറിയിക്കുന്നു.

മോഹിപ്പിക്കാൻ വന്ന പെണ്ണ് ചെയ്യുന്ന നൃത്തം, മോഹിനിമാർ ചെയ്യുന്ന ആട്ടം എന്നിങ്ങനെയൊക്കെയുള്ള അർത്ഥത്തിൽ “മോഹിനി ” എന്ന ഒരൊറ്റ വാക്കിലേക്ക് ചുരുക്കി കളഞ്ഞു മോഹിനിയാട്ടത്തെ എന്നതാണ് പ്രാഥമികമായി മോഹിനിയാട്ടം എന്ന കലാരൂപത്തോട് നാം ചെയ്ത് ഒന്നാമത്തെ തെറ്റ്. ഇത് മോഹിനിയാട്ട ചരിത്രത്തോട് നീതി പുലർത്തുന്ന കാര്യമല്ല. കേരളത്തിലെ ഒരു കലാരൂപത്തിന്റെയും പേര് ആ കലരൂപത്തിന്റെ പൂർണ്ണ സൗന്ദര്യത്തെ ഉൾക്കൊണ്ടു കൊണ്ട് ഉണ്ടാക്കിയെടുത്തതല്ല. കഥകളിയുടെ സൗന്ദര്യ സങ്കല്പങ്ങളെ സാക്ഷാത്കരിക്കാനായി നിർമ്മിക്കപ്പെട്ടതല്ല ആ പേര്. ഒരു പ്രത്യേക ചരിത്ര സന്ദർഭത്തിൽ രാമനാട്ടം എന്ന കലാരൂപം പലതരം പരിണാമങ്ങൾക്ക് വിധേയമായി കഥകളി എന്ന പേരിലേക്ക് എത്തപ്പെട്ടതാണ്.

എന്നാൽ അൽപ്പന്മാർക്ക് രസിക്കാൻ നല്ല ചെറുപ്പക്കാരുടെ മോഹിനിയാട്ടം എന്നാണ് കുഞ്ചൻ നമ്പ്യാർ എഴുതിവച്ചത്. ഈയൊരു രീതിയിലോക്കെ മോഹിനിയാട്ടം എന്ന കലാരൂപം തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഒരു പാട്രിയാർക്കൽ സൊസൈറ്റിയിൽ നിൽക്കുമ്പോൾ അൽപ്പന്മാർക്ക് രസിക്കാൻ എന്നും മോഹിനിമാരുടെ മോഹിനിയാട്ടം എന്നൊക്കെ പറയുമ്പോൾ മോഹിനി എന്നൊരു വാക്കിലേക്ക് ചുരുക്കി കളഞ്ഞു എന്ന് വേണം അനുമാനിക്കാൻ. കുഞ്ചൻ നമ്പ്യാർ ഒരു എഴുത്തുകാരനോ സാഹിത്യകാരനോ കവിയോ ഒന്നുമായിരുന്നില്ല. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആയിരുന്നു. തീർച്ചയായും അദ്ദേഹത്തിന്റെ കലാരൂപം കൂടുതൽ ജനകീയമാക്കാൻ വേണ്ടി മറ്റു കലാരൂപങ്ങളെ ഇകഴ്ത്തി പറഞ്ഞതാവാം എന്ന് പല ചരിത്രന്വേഷികളും കണ്ടെത്തിയിട്ടുണ്ട്. അതിനുദാഹരണമാണ് കഥകളിയെപ്പറ്റി അദ്ദേഹം നടത്തിയ പരാമർശം. കഥകളി അന്നും ഇന്നും ഒരു പ്രസ്റ്റീജസ് കലാരൂപം ആയതുകൊണ്ട് തന്നെ കുഞ്ചൻ നമ്പ്യാർ മോഹിനിയാട്ടത്തെപ്പറ്റി പറഞ്ഞ വാക്കുകൾ വിസ്മരിച്ചുകൊണ്ട് അദ്ദേഹം മോഹിനിയാട്ടത്തെപ്പറ്റി പറഞ്ഞ വാക്കുകൾ മാത്രം എടുത്തു കൊണ്ട് വന്നത് അതിൽ മോഹിനി എന്നൊരു സ്ത്രീ ലിംഗം വന്നു പോയതുകൊണ്ടാണ് എന്ന് മനസ്സിലാക്കാം. ഒരു കലാരൂപവും ഒരു ജണ്ടറിനെ ഉദ്ദേശിച്ചു മാത്രം രൂപപ്പെടുത്തിയെടുത്തതോ രൂപപ്പെട്ട് വന്നതോ അല്ല. നിറത്തിന്റെയും ജാതിയുടെയും അതിരുകൾക്കുള്ളിൽ ഒതുക്കി നിർത്തേണ്ട ഒന്നല്ല മോഹിനിയാട്ടം എന്ന കലാരൂപം.ആധുനിക നാഗരികത കൊണ്ടുവന്ന കാഴ്ച്ച സംസ്കാരം ഏതൊരു കലാരൂപത്തെയും പോലെ മോഹിനിയാട്ടത്തെയും മുന്നോട്ട് നയിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ വാല്യൂ മനുഷ്യത്വം ഇവയെയൊക്കെ സ്പർശിക്കുന്ന ഒന്നാണ് ക്ലാസിക്കൽ കലകൾ.
ഇവിടെ ലിംഗപരമായ വേർ തിരിവുകൾക്ക് പ്രസക്തിയില്ലെന്ന് ഇത്രയും മുതിർന്ന നർത്തകിയെ ആരാണ് പറഞ്ഞത് മനസിലാക്കുക. മാനുഷിക മൂല്യങ്ങളെ സേർവ് ചെയ്യുന്ന ഒന്നാണ് ശാസ്ത്രീയ കലകൾ, അങ്ങനെ നോക്കുമ്പോൾ സത്യഭാമ ടീച്ചറിന്റെ മാനുഷിക മൂല്യങ്ങളും അവരിലെ കലയും പോലും ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News