ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്നും പശ്ചിമ റെയില്‍വേ വെറും എട്ടുമാസം കൊണ്ട് പിഴയായി ഈടാക്കിയത് 93.47 കോടി രൂപ. ഇതില്‍ മുംബൈ സബ് അര്‍ബന്‍ സെക്ഷനില്‍ നിന്നും മാത്രം പിഴയായി ലഭിച്ചത് 30.63 കോടി രൂപയാണ്. 2024 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ലോക്കല്‍ ട്രെയിനുകളില്‍ ചെക്കിംഗ് നടത്തിയതിലൂടെ രജിസ്റ്റര്‍ ചെയ്ത് നാല്‍പതിനായിരം കേസുകളാണ്. ഇതില്‍ നിന്നും ലഭിച്ചത് 131 ലക്ഷം രൂപയാണ്.
നവംബര്‍ മാസത്തില്‍ മാത്രം രണ്ടുലക്ഷത്തിലധികം കേസുകളില്‍ നിന്നായി പതിമൂന്ന് കോടിയോളമാണ് പിഴയായി ഈടാക്കിയിരിക്കുന്നത്. മുംബൈ സബ് അര്‍ബന്‍ സെക്ഷനില്‍ 82,000 കേസുകളില്‍ നിന്ന് നാലു കോടിയലധികം രൂപയാണ് പശ്ചിമ റെയില്‍വേ ഈടാക്കിയത്. ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാതെ ദൂരയാത്ര ഉള്‍പ്പെടെ ചെയ്യുന്നത് തടയാനായി ടിക്കറ്റ് ചെക്കിംഗ് കര്‍ശനമാക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇക്കാര്യം വെസ്റ്റേണ്‍ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വിനീത് അഭിഷേകും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പിഴകള്‍ ഒഴിവാക്കി കൃത്യമായി ടിക്കറ്റുകളെടുത്ത് സുഗമമായി യാത്ര നടത്തണമെന്നാണ് റെയില്‍വേ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
എന്നാല്‍ മറ്റൊരു വശത്ത് ട്രെയിന്‍ ചിലപ്പോള്‍ കൃത്യ സമയം പാലിച്ചില്ലെന്നിരിക്കും. വന്ദേഭാരതിന് വേണ്ടി മണിക്കൂറോളം പിടിച്ചിട്ടെന്ന് വരും. കഴിഞ്ഞ ദിവസം വന്ദേഭാരതിന്റെ സാങ്കേതിക തകരാര്‍ മൂലം യാത്രക്കാര്‍ വൈകിയത് മൂന്നര മണിക്കൂറോളമാണ്. പിഴകള്‍ ഈടാക്കുന്നതിനൊപ്പം ഇത്തരം പ്രശ്‌നങ്ങളില്‍ യാത്രക്കാരുടെ യാത്ര സുഗമമാക്കാന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാകണമെന്ന് യാത്രക്കാരും പ്രതികരിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here