മുനമ്പം വിഷയത്തില്‍ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന് ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ ജുഡിഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കമ്മീഷന് ആവശ്യമായ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏര്‍പ്പെടുത്താന്‍ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
വിഴിഞ്ഞം; സപ്ലിമെന്ററി കണ്സഷന് കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെന്ററി കണ്സഷന് കരാറില്‍ ഏര്‍പ്പെടും. ഇതിനുള്ള അനുമതി മന്ത്രിസഭായോഗം നല്കി. കരട് സപ്ലിമെന്ററി കണ്സഷന് കരാര്‍ അംഗീകരിച്ചു. ആര്ബിട്രേഷന് നടപടികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സപ്ലിമെന്ററി കരാര്‍ ആവശ്യമായി വന്നത്. നിയമ വകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടിയ ശേഷമാണ് സപ്ലിമെന്ററി കരാറിന് മന്ത്രിസഭ അനുമതി നല്‍കിയത്.
കരാര്‍ പ്രകാരം 2045ല്‍ പൂര്‍ത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവര്‍ത്തികള്‍ 2028ഓടെ പൂര്‍ത്തീകരിക്കും. നേരത്തെയുള്ള കരാറില്‍ നിന്ന് വ്യത്യസ്തമായി തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും ഇതോടെ പൂര്‍ത്തിയാകും. ഇതുവഴി നാല് വര്‍ഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോര്‍ട്ട് വഴിയൊരുക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞ ശേഷി 30 ലക്ഷം ടിഇയു ആകും.
കൊവിഡും ഓഖി, പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് പദ്ധതി കാലയളവ് അഞ്ച് വര്‍ഷം നീട്ടിനല്‍കും. പദ്ധതിക്ക് കാലതാമസം വന്നതിനാല്‍ പിഴയായ 219 കോടി രൂപയില്‍ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഇടാക്കും. ബാക്കി തുക 2028 വരെ തടഞ്ഞുവെക്കും. 2028ല്‍ പദ്ധതി സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ കരാര്‍ കാലാവധി അഞ്ച് വര്‍ഷം നീട്ടിയത് റദ്ദ് ചെയ്യും. തടഞ്ഞുവെച്ച തുകയും സര്‍ക്കാര്‍ വസൂലാക്കും.
യാത്രാബത്ത അനുവദിക്കും
കുടുംബശ്രീ മിഷനില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ള സിഡിഎസ് (Community Development Societies) അംഗങ്ങള്‍ക്ക് യാത്രാബത്തയായി പ്രതിമാസം 500 രൂപ അനുവദിക്കും.
വാഹാനാപകടം; മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താന്‍ നടപടി
തൃശൂര്‍ നാട്ടികയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആശ്രിതരെ കണ്ടെത്തി ധനസഹായം നല്‍കാനുള്ള തുടര്‍നടപടികള്‍ മുഖ്യമന്ത്രിതലത്തില്‍ സ്വീകരിക്കും.
വയോജന കമ്മീഷന് ഓര്‍ഡിനന്‍സ്
കരട് വയോജന കമ്മീഷന് ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. ഇത് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപര്‍ശ ചെയ്യും. വയോജനങ്ങളുടെ ക്ഷേമത്തിനായി മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും കഴിവുകള്‍ പൊതുസമൂഹത്തിലേക്ക് ഉപയുക്തമാക്കുന്നതിലേക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനും വയോജന സംരക്ഷണത്തിനുള്ള നിയമങ്ങളിലോ ഉത്തരവുകളിലോ ഉള്ള വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച പരിശോധന നടത്തുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുകയുമാണ് ലക്ഷ്യം. ചെയര്‍മാനും മൂന്നില്‍ കുറയാത്ത അംഗങ്ങളും ഉണ്ടാകും.
നിയമനം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അംഗമായി റിഷ ടി ഗോപാലിനെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ഭേദഗതി
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് പതിച്ചു നല്കിയ കോഴിക്കോട് ബേപ്പൂരിലെ 39 സെന്റ് ഭൂമി സര്‍ക്കാര്‍ നിശ്ചയിച്ച തുക പൂര്‍ണമായി ഒഴിവാക്കിയോ നാമമാത്ര തുക ഈടാക്കിയോ പതിച്ചു നല്കിയ ഉത്തരവില്‍ ഭേദഗതി വരുത്തും.
റോയല്‍റ്റി, സീനിയറേജ് ചാര്‍ജ് ഇളവ്
വേമ്പനാട് കായലിലെ ദേശീയ ജലപാതയില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗത്ത് നിന്ന് ഡ്രഡ്ജ് ചെയ്തെടുക്കുന്ന സ്പോയില് ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കുവേണ്ടി ദേശീയപാതാ അതോറിറ്റിക്ക് വില ഈടാക്കാതെ നല്‍കുന്നതിന് പൊതു താത്പര്യം മുന്‍നിർത്തി അനുമതി നല്‍കും. ഈ സ്പോയിലിന് റോയല്‍റ്റി, സീനിയറേജ് ചാര്‍ജ് എന്നിവയില്‍ വ്യവസ്ഥകളോടെ ഇളവ് നല്‍കും. ഈ തുക റോഡ് വികസനത്തിന് ചെലവാകുന്ന തുകയില്‍ നിന്ന് കുറയ്ക്കാന്‍ സാധിക്കുമോയെന്ന കാര്യം പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയോട് അഭ്യര്‍ഥിക്കാനും തീരുമാനിച്ചു.
ഭൂമി കൈമാറ്റം
പറവൂര്‍ വില്ലേജിലെ 20.91ആര് ഭൂമി പറവൂര്‍ കോടതി സമുച്ഛയ നിര്‍മാണത്തിന് രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം നിബന്ധനകള്‍ക്ക് വിധേയമായി നീതിന്യായ വകുപ്പിന് കൈമാറി നല്കിയ ഹൈക്കോടതി വിധിന്യായം നടപ്പിലാക്കാന്‍ തീരുമാനിച്ചു.
പറവൂര്‍ സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്ന 07.62 ആര് വിസ്തീര്‍ണമുള്ള സ്ഥലം നോര്‍ത്ത് പറവൂര്‍ സബ് ട്രഷറി കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം നിബന്ധനകള്‍ക്ക് വിധേയമായി ട്രഷറി വകുപ്പിന് കൈമാറി നല്‍കും.
ഭൂമി പതിച്ചു നല്‍കും
കാസര്‍ഗോഡ് ചീമേനി വില്ലേജിലെ 9 ഏക്കര്‍ 46.5 സെന്റ് മിച്ചഭൂമി കൈവശം വച്ചുവരുന്ന 12 പേര്‍ക്ക് കേരള ഭൂപരിഷ്കരണ നിയമം 1963-ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി കൈവശഭൂമി പതിച്ചു നല്കാന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്കി.
മിച്ചഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ക്രയസര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ ക്രയസര്‍ട്ടിഫിക്കറ്റ് ലഭിച്ചവരില്‍ നിന്നും ഭൂമി കൈമാറികിട്ടിയവരോ വിലയ്ക്ക് വാങ്ങിയവരോ ആയവരും കൈവശഭൂമിയുടെ നികുതി മുമ്പ് ഒടുക്കിയിരുന്നവരുമായ മൂന്ന് പേരില്‍ നിന്നും തുടര്‍ന്നും ഭൂനികുതി സ്വീകരിയ്ക്കും. മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂമി കൈവശം വച്ചുവന്നിരുന്ന അഞ്ച് പേര്‍ക്ക് ലാന്‍ഡ് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കും. ഭൂമി പതിച്ചു കിട്ടുന്നതിന് അര്‍ഹരായ നാല് പേര്‍ക്ക് കൈവശഭൂമി പതിച്ചു നല്‍കും.
ഇളവ് അനുവദിച്ചു
ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റോഡ്, പ്രൊട്ടക്ഷന്‍ വര്‍ക്കിന്റെ ഭാഗമായ റീട്ടേയിനിങ്ങ്, മതില് എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് അവാര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.
ദര്‍ഘാസ് അനുവദിച്ചു
‘JJM- Augmentation of ARWSS to Bharanikkavu, Thekkekkara, Vallikkunnam and Krishnapuram Panchayaths’ എന്ന പദ്ധതിക്ക് കീഴിലുള്ള ജല്‍ ജീവന് മിഷന് പ്രവൃത്തിക്ക് ലഭിച്ച ദര്‍ഘാസ് അനുവദിച്ചു.
തസ്തിക
പയ്യന്നൂരിലെ ഫിഷറീസ് കോളേജില്‍ രണ്ടാം വര്‍ഷ ബി.എഫ്.എസ്.സി. കോഴ്സിന്റെ പ്രവര്‍ത്തനത്തിന് രണ്ട് അസോസിയേറ്റ് പ്രൊഫസറുടെയും ഒരു ലാബ് അസ്സിസ്റ്റന്റിന്റെയും തസ്തികകള്‍ സൃഷ്ടിച്ചു. തസ്തികകള്‍ കരാര്‍ നിയമനത്തിലൂടെ നികത്തണം എന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം
2024 നവംബര്‍ 20 മുതല്‍ 26 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 4,44,79,750 രൂപയാണ് വിതരണം ചെയ്തത്. 1386 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.
ജില്ലതിരിച്ചുള്ള വിവരങ്ങള്‍:
തിരുവനന്തപുരം 28 പേര്‍ക്ക് 5,75,000 രൂപ
കൊല്ലം 25 പേര്‍ക്ക് 10,95,000 രൂപ
പത്തനംതിട്ട 112 പേര്‍ക്ക് 44,80,000 രൂപ
ആലപ്പുഴ 62 പേര്‍ക്ക് 37,31,000 രൂപ
കോട്ടയം 21 പേര്‍ക്ക് 7,15,000 രൂപ
ഇടുക്കി 48 പേര്‍ക്ക് 25,89,000 രൂപ
എറണാകുളം 28 പേര്‍ക്ക് 18,39,000 രൂപ
തൃശ്ശൂര്‍ 360 പേര്‍ക്ക് 86,20,750 രൂപ
പാലക്കാട് 143 പേര്‍ക്ക് 33,17,000 രൂപ
മലപ്പുറം 214 പേര്‍ക്ക് 65,33,000 രൂപ
കോഴിക്കോട് 158 പേര്‍ക്ക് 41,29,000 രൂപ
വയനാട് 19 പേര്‍ക്ക് 9,55,000 രൂപ
കണ്ണൂര്‍ 23 പേര്‍ക്ക് 5,84,000 രൂപ
കാസര്‍കോട് 145 പേര്‍ക്ക് 53,17,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here