മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമ്മീഷൻ ഹിയറിംഗ് ആരംഭിച്ചു. ആദ്യ ദിവസം ഫറൂഖ് കോളേജ്, മുനമ്പം ഭൂ സംരക്ഷണ സമിതി, വഖഫ് സംരക്ഷണ സമിതി എന്നിവരുടെ വാദങ്ങൾ കമ്മീഷൻ കേട്ടു. കേസിൽ സങ്കീർണമായ നിയമ പ്രശ്നമാണുള്ളതെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കും.
മുനമ്പത്തെ ഭൂമി ഇഷ്ടദാനം കിട്ടിയതാണെന്നും ഇത് വിൽക്കാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നുമുള്ള ഉറച്ച നിലപാടിലാണ് ഫറൂഖ് കോളേജ്. സുപ്രീം കോടതി വിധികൾ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാൽ മുനമ്പത്തേത് വഖഫ് ഭൂമി ആയതിനാൽ അത് തിരിച്ചു പിടിക്കണമെന്നും നാട്ടുകാരുടെ നഷ്ടം കോളേജിൽ നിന്ന് ഈടാക്കി നൽകണമെന്നും വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
നിയമപരമായി ഭൂമി വിൽക്കാം എന്ന് പറഞ്ഞത് കൊണ്ടാണ് കോളേജിൽ നിന്ന് സ്ഥലം വാങ്ങിയതെന്ന് മുനമ്പം നിവാസികളും വ്യക്തമാക്കി. വഖഫ് ബോർഡ് പ്രതിനിധികൾ ഇന്ന് ഹാജരായില്ല. സങ്കീർണമായ നിയമ പ്രശ്നങ്ങളാണ് നിലനിൽക്കുന്നതെന്നും 15 ആം തീയതി വഖഫ് ബോർഡിന്‍റെ വാദങ്ങൾ കേൾക്കുമെന്നും കമ്മീഷൻ പറഞ്ഞു. 22 ആം തീയതിയോടെ ഹിയറിംഗ് പൂർത്തിയാക്കാനാണ് കമീഷൻ്റെ തീരുമാനം. അഭിഭാഷകരെ വെച്ച് ഹിയറിംഗ് നടത്തിയാൽ കാര്യങ്ങൾ എളുപ്പമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ അടുത്ത മാസം റിപ്പോർട്ട് നൽകും.
ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ദിവസങ്ങൾക്ക് മുമ്പ് മുനമ്പം സന്ദര്‍ശിച്ചിരുന്നു. മുനമ്പത്ത് പള്ളി പാരിഷ് ഹാളില്‍ വെച്ച് കമ്മീഷന്‍ പ്രദേശവാസികളുമായി സംസാരിച്ചു. ഫെബ്രുവരിയില്‍ സിറ്റിംഗ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ കമ്മിഷന്‍ വഖഫ് ബോര്‍ഡ്, വഖഫ് സംരക്ഷണ സമിതി, ഫറൂഖ് കോളേജ്, മുനമ്പം നിവാസികളുടെ പ്രതിനിധികള്‍ എന്നിവരോട് നിലപാട് അറിയിക്കാന്‍ കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടത് അടക്കം വിവരങ്ങള്‍ കമ്മീഷനെ അറിയിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയപരിധിയാണ് നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here