വയനാടിന് പ്രത്യേക ധനസഹായം നല്‍കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ഹൈ പവര്‍ കമ്മിറ്റി ധനസഹായം നല്‍കുന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അത്തരം പരിശോധനകളില്ലാതെ, മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.അതേ സമയം ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രം കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ALSO READ: ശൈശവ വിവാഹ നിരോധന നിയമം വ്യക്തി നിയമങ്ങൾ കൊണ്ട് തടയാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്
വയനാട് മുണ്ടക്കൈ,ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്.ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിനായി പ്രത്യേക ധനസഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഡിവിഷന്‍ബെഞ്ചിനെ അറിയിച്ചു.മൂന്ന് മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ഹൈ പവര്‍ കമ്മിറ്റി ധനസഹായം നല്‍കുന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.എന്നാല്‍ തെലങ്കാന, തമിഴ്നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അത്തരം പരിശോധനകള്‍ക്കു മുന്‍പ്തന്നെ ധന സഹായം നല്‍കിയെന്ന് അമികസ് ക്യൂറി ചൂണ്ടിക്കാട്ടി.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ധന സഹായം ലഭിക്കാന്‍ കോടതി ഇടപെടണമെന്നും അമികസ് ക്യൂറി ആവശ്യപ്പെട്ടു.
അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള തുക സംസ്ഥാനത്തിന് കൈമാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു..2024 – 25 സാമ്പത്തിക വര്‍ഷം 388 കോടി രൂപ നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് വാര്‍ഷിക ദുരിതാശ്വാസ സഹായമാണെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയെ ധരിപ്പിച്ചു.ദുരന്തത്തിനു ശേഷം 1202 കോടി രൂപയുടെ പാക്കേജാണ് ആവശ്യപ്പെട്ടതെന്നും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ലെന്നും എ ജി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവതരിപ്പിക്കുന്ന കണക്കുകളില്‍ സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത് എന്താണെന്ന് കോടതിയെ അറിയിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കൂടാതെ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രം കൂടുതല്‍ വ്യക്തത വരുത്തണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍,ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.കേസ് അടുത്ത വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here