“കാഴ്ച ശരിയല്ല”; നവകേരള സദസിന് മാധ്യമങ്ങള്‍ നല്‍കുന്നത് നെഗറ്റീവ് കവറേജ് ; മുരളി തുമ്മാരുകുടി എഴുതുന്നു

വളരെ കൃത്യമായ പ്ലാനിങ്ങോടെയാണ് നവകേരള യാത്രയും നവകേരള സദസും പുരോഗമിക്കുന്നതെന്ന് യുഎന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ഓരോ മീറ്റിംഗിലും മൂന്നു മന്ത്രിമാര്‍ സംസാരിക്കുന്നു, വികസന നേട്ടങ്ങള്‍ പറയുന്നു. മുഖ്യമന്ത്രി തന്നെയാണ് പ്രധാന താരമെന്നും അദ്ദേഹം പതിവ് പോലെ കാര്യങ്ങള്‍ കൃത്യമായി പറയുന്നുണ്ടെന്നും മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also Read : കേന്ദ്രഗവണ്‍മെന്റ് കേരളത്തോട് പകപോക്കുകയാണ്: മുഖ്യമന്ത്രി

എന്നാല്‍ നവകേരള യാത്രയ്ക്കും നവകേരള സദസിനും പത്ര മാധ്യമങ്ങള്‍ നെഗറ്റീവ് കവറേജ് ആണ് നല്‍കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. വണ്ടി ചെളിയില്‍ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ. ഇനി ഡീസല്‍ അടിക്കുന്നതും ടയര്‍ മാറ്റുന്നതും കൂടിയേ വരാനുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നവകേരള യാത്രയും നവകേരള സദസ്സും തുടങ്ങിയതില്‍ പിന്നെ എല്ലാ ദിവസവും അത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം എന്ന് ഞാന്‍ പറഞ്ഞല്ലോ. പത്ര മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ പൊതുവെ നെഗറ്റീവ് കവറേജ് ആണ് കാണുന്നത്. വണ്ടി ചെളിയില്‍ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ. ഇനി ഡീസല്‍ അടിക്കുന്നതും ടയര്‍ മാറ്റുന്നതും കൂടിയേ വരാനുള്ളു. ടെലിവിഷന്‍ ചര്‍ച്ചകള്‍ ഞാന്‍ പണ്ടേ ശ്രദ്ധിക്കാറില്ല. അവിടെയും കാര്യങ്ങള്‍ വ്യത്യസ്തമാകാന്‍ വഴിയില്ല. സാമൂഹ്യ മാധ്യമങ്ങള്‍ ഉള്ളത് കൊണ്ട് കാര്യങ്ങള്‍ ഇടനിലക്കാരില്ലാതെ നമുക്ക് നേരിട്ട് കാണാമല്ലോ. വളരെ കൃത്യമായ പ്ലാനിങ്ങോടെ ആണ് യാത്ര പുരോഗമിക്കുന്നത്. ഓരോ മീറ്റിംഗിലും മൂന്നു മന്ത്രിമാര്‍ സംസാരിക്കുന്നു, വികസന നേട്ടങ്ങള്‍ പറയുന്നു. മുഖ്യമന്ത്രി തന്നെയാണ് പ്രധാന താരം. അദ്ദേഹം പതിവ് പോലെ കാര്യങ്ങള്‍ കൃത്യമായി പറയുന്നു.

എല്ലായിടത്തും ജനങ്ങള്‍ ഉണ്ട്. അതൊരു അതിശയമല്ല. കേരളത്തില്‍ ഏതൊരു സ്ഥലത്തും വന്‍ ജനപങ്കാളിത്തമുള്ള യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സി പി എമ്മിന് സാധിക്കും. അത് മാത്രമല്ല, നമ്മുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രിസഭ മുഴുവന്‍ ഒരുമിച്ച് നാട്ടിലേക്കിറങ്ങുന്നത്. ഭരണപക്ഷം അല്ലെങ്കിലും രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലും അതിലൊക്കെ സാധാരണ ആളുകള്‍ക്ക് താല്പര്യം ഉണ്ടാകുമല്ലോ.

1973 ലാണെന്ന് തോന്നുന്നു ലക്ഷം വീട് പദ്ധതി ഉല്‍ഘാടനം ചെയ്യാന്‍ ശ്രീമതി ഇന്ദിരാഗാന്ധി കോലഞ്ചേരിയിലേക്ക് വെങ്ങോല വഴി പോയത്. അന്ന് അവധി കിട്ടിയതാണോ അവധി ദിനമാണോ എന്നോര്‍മ്മയില്ല. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ജനങ്ങള്‍ മുഴുവന്‍ പി പി റോഡിന്റെ ഇരുവശത്തും ഉണ്ടായിരുന്നു. അതില്‍ രാഷ്ട്രീയം ഒന്നുമില്ല. ഈ പത്രങ്ങള്‍ അന്നും ഉണ്ടായിരുന്നു, പക്ഷെ ഇപ്പോള്‍ പറയുന്ന ‘പൊരി വെയില്‍’ ഒന്നും പത്രങ്ങളില്‍ കണ്ടതായി ഓര്‍മ്മയുമില്ല. കാലാവസ്ഥ വ്യതിയാനം ആയിരിക്കണം.

വിവിധ സ്ഥലങ്ങളില്‍ ആയി ശ്രീമതി വീണ ജോര്‍ജ്ജ്, ശ്രീ. പി രാജീവ്, ശ്രീ. എം ബി രാജേഷ് ശ്രീ. മുഹമ്മദ് റിയാസ് ഇവരുടെ പ്രസംഗം ഞാന്‍ മുഴുവന്‍ കേട്ടിരുന്നു. എല്ലാവരും നന്നായി സംസാരിക്കുന്നവരും അവരുടെ വകുപ്പിലെ കാര്യങ്ങള്‍ നന്നായി പഠിച്ചിട്ടുള്ളവരും രാഷ്ട്രീയത്തെ പറ്റി കൃത്യമായ കാഴ്ചപ്പാടുകള്‍ ഉള്ളവരുമാണ്. അവരുടെ പ്രസംഗങ്ങള്‍ നമ്മുടെ അടുത്ത തലമുറക്ക് നേതൃത്വത്തെ പറ്റി ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ്.

ആത്മവിശ്വാസം കിട്ടാത്തത് നമ്മുടെ അടുത്ത തലമുറ മാധ്യമങ്ങളെ പറ്റിയാണ്. പൊതുവെ കൂടുതല്‍ യുവാക്കള്‍ ഉള്ള മേഖലയാണ് മാധ്യമങ്ങള്‍. എന്നിട്ടും എന്തുകൊണ്ടാണ് ഇവരൊക്കെ മൊത്തം നെഗറ്റിവിറ്റിയുടെ പുറകേ പോകുന്നത്? നെറ്റിപ്പട്ടവും കെട്ടി, ചെവിയും ആട്ടി ഗംഭീരഭാവത്തോടെ ഒരു ആന നടന്നുപോകുമ്പോള്‍ സ്ഥിരമായി ആനപിണ്ഡത്തിലേക്ക് കാമറയും വച്ചിരിക്കുന്നവരുടെ കാലിനടിയില്‍ നിന്നും മണ്ണ് ഊര്‍ന്നു പോകുന്നത് അവര്‍ കാണുന്നില്ലേ?

എന്റെ അടുത്ത് കരിയര്‍ കൗണ്‍സിലിങ്ങിനായി വരുന്നവരോട് ഞാന്‍ ജേര്‍ണലിസം ഒരു തൊഴിലായി എടുക്കുന്നതിനെ നിരുത്സാഹപ്പെടുത്താറുണ്ട്. കാരണം സാമൂഹ്യമാധ്യമങ്ങളുടെയും നിര്‍മ്മിത ബുദ്ധിയുടെയും കാലത്ത് ജേര്‍ണലിസത്തിന് ഒരു നല്ല ഭാവി ഞാന്‍ കാണുന്നില്ല. ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം കാണുമ്പോള്‍ അത് ഭാവിയല്ല വര്‍ത്തമാനം ആണെന്ന് തോന്നുന്നു.

മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News