‘സൂര്യനിൽ നിന്ന് സിംപിളായി സുരക്ഷ നേടാം’, പത്ത് പരിഹാര മാർഗങ്ങൾ ഇതാ: മുരളി തുമ്മാരുകുടി എഴുതുന്നു

വേനൽ വലിയ രീതിയിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെയും, ആരോഗ്യത്തെയും ഇപ്പോൾ ബാധിച്ചിരിക്കുന്നത്. ചൂട് കൂടിയതോടെ അത് മനുഷ്യരുടെ ജീവന് തന്നെ അപകടമാകുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാടും കണ്ണൂരുമായി രണ്ട് മരണങ്ങളാണ് സൂര്യാഘാതം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ ചൂടിനെ മറികടക്കാം എന്ന ചിന്ത പങ്കുവെക്കുകയാണ് ദുരന്ത നിവാരണ വിദഗ്‌ധനും യു എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. കൊടും ചൂടിനെ മറികടക്കാൻ പത്ത് മാർഗങ്ങളാണ് മുരളി തുമ്മാരുകുടി മുന്നോട്ടുവെക്കുന്നത്. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.

മുരളി തുമ്മാരുകുടി എഴുതുന്നു

ALSO READ: ആർഎസ്എസുകാർ സാളഗ്രാമം ആശ്രമം കത്തിച്ചപ്പോൾ കേസന്വേഷിച്ച ടീമിലെ പ്രധാനി ഇപ്പോൾ ബിജെപിയുടെ ബൂത്ത് ഏജന്റ്‌; ചിത്രം പങ്കുവെച്ച് സന്ദീപാനന്ദ ഗിരി

ചൂടുകാലത്തെ തരണം ചെയ്യുമ്പോൾ

“ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിന് മുൻപ് ഉണ്ടായിട്ടില്ല” എന്ന് നാം പലപ്പോഴും പറയുമെങ്കിലും ഈ വർഷം സംഗതി സത്യമാണ്. നമ്മൾ മുൻപ് അനുഭവിച്ചിട്ടില്ലാത്ത നമുക്ക് പരിചയമില്ലാത്തത്ര ചൂടിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്. രാത്രിയിൽ പോലും ചൂട് 25 ന് താഴെ വരുന്നില്ല. പകൽ താപനില 35 – 36 ആണെങ്കിലും ഹ്യൂമിഡിറ്റിയും കൂടി ചേരുന്പോൾ ചൂട് 40 ന് മുകളിൽ അനുഭവപ്പെടുന്നു. ഇത് പഴയത് പോലെ പാലക്കാടോ, ഏതെങ്കിലും നഗരത്തിലോ മാത്രം ഉള്ള കാര്യമല്ല. കേരളമൊട്ടാകെ ഇതാണ് സ്ഥിതി. ചിലയിടങ്ങളിൽ കുറച്ചു നേരത്തേക്കെങ്കിലും ചെറിയ വേനൽ മഴകൾ കിട്ടുന്നുണ്ടെങ്കിലും ഉടനെയൊന്നും മൊത്തത്തിൽ ചൂട് കുറയുന്ന ലക്ഷണമില്ല.

ആഗോളമായിത്തന്നെ ഓരോ വർഷവും മുൻ വർഷത്തേക്കാൾ ചൂട് കൂടിവരുന്ന പ്രതിഭാസമാണ് കാണുന്നത്. കാലാവസ്ഥാ വ്യതിയാനരംഗത്ത് പ്രവർത്തിച്ചിരുന്നവർ മുപ്പത് കൊല്ലം മുൻപേ പ്രവചിച്ചിരുന്ന കാര്യമാണ്. അതിനാൽ ഈ അവസ്ഥയെ ഒരു വർഷം മാത്രം സംഭവിക്കുന്ന, ഒറ്റപ്പെട്ട, കാര്യമായി കാണാതിരിക്കുന്നതാണ് ബുദ്ധി. ഈ സാഹചര്യത്തിൽ ചൂടിനെ പ്രതിരോധിക്കാൻ നമുക്ക് എന്തൊക്കെയാണ് ചെയ്യാൻ കഴിയുന്നത്? ചില നിർദ്ദേശങ്ങൾ പറയാം.

1. എല്ലാ ദിവസവും കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കുന്നത് ശീലമാക്കുക. നമ്മുടെ ദൈനംദിന പരിപാടികൾ സാധിക്കുന്നതും അതനുസരിച്ച് പ്ലാൻ ചെയ്യുക. ഉദാഹരണത്തിന് നമ്മൾ എപ്പോൾ നടക്കാൻ പോകുന്നു, വ്യായാമം ചെയ്യാൻ പോകുന്നു (നടക്കാൻ പോകണോ/വ്യായാമം ചെയ്യണോ), ഷോപ്പിങ്ങിനും മറ്റു പ്ലാൻ ചെയ്യാവുന്ന പരിപാടികൾക്കും പോകുന്നു എന്നതൊക്കെ ദിനാന്തരീക്ഷ സ്ഥിതിയുമായി ബന്ധിപ്പിക്കുക. നമ്മുടെ ഫോണിൽ തന്നെ ദിവസത്തിൽ എങ്ങനെ ചൂട് മാറുന്നു എന്നുള്ള വിവരം ലഭ്യമാണല്ലോ.

2. വീടിന് പുറത്ത് തൊഴിൽ സംബന്ധമായോ മറ്റു കാര്യങ്ങൾക്കായോ നിർബന്ധമായും പുറത്ത് ഇറങ്ങേണ്ടി വരുന്നവർ ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ കയ്യിൽ കരുതുക. ചൂടുകൊണ്ടുണ്ടാകുന്ന ക്ഷീണം, സൂര്യതാപം, ഇവയുടെ ലക്ഷണം മനസ്സിലാക്കി അപകടസ്ഥിതിയിലേക്ക് പോകുന്നതിന് മുൻപ് തന്നെ കത്തുന്ന ചൂടിൽ നിന്നും മാറുക. ജോലി സമയം ചൂടു കുറവുള്ള സമയം നോക്കി ക്രമീകരിക്കുന്നതും തുടർച്ചയായി ചൂടിൽ നിൽക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്. സർക്കാരിനും തൊഴിൽ ഉടമകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാനുണ്ട്.

3. നമ്മുടെ വസ്ത്രങ്ങൾ കാലാവസ്ഥക്കനുസരിച്ച് ക്രമീകരിക്കുക. ഇറുകിയ വസ്ത്രങ്ങൾ, കട്ടിയുള്ള വസ്ത്രങ്ങൾ, പല ലെയറുകളുള്ള വസ്ത്രങ്ങൾ, കടും നിറങ്ങൾ, വായു സഞ്ചാരം കുറക്കുന്ന വസ്ത്രങ്ങൾ ഇവ ഒഴിവാക്കുക. ഇളം നിറങ്ങളുള്ള കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം.

4. വീട്ടിൽ നിന്നും ഇറങ്ങുന്പോൾ കയ്യിൽ/ബാഗിൽ ഒരു ബോട്ടിൽ വെള്ളം ഉറപ്പായും കരുതുക. ഇടക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒപ്പം കുടിക്കുന്ന വെള്ളം/പാനീയങ്ങൾ ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടതും പ്രാധാനമാണ്. റോഡ് സൈഡിൽ കിട്ടുന്ന ജ്യൂസുകളും മറ്റും കുടിക്കുന്പോൾ ഐസ് ഒഴിവാക്കുക എന്നത് ഞാൻ നാല്പത് വർഷം മുൻപ് കാൺപൂരിൽ നിന്നേ ശീലിച്ചതാണ്. കാരണം അതിന്റെ ശുദ്ധത ഉറപ്പിക്കാൻ പറ്റില്ല എന്നത് തന്നെ.

ALSO READ: ആർഎസ്എസുകാർ സാളഗ്രാമം ആശ്രമം കത്തിച്ചപ്പോൾ കേസന്വേഷിച്ച ടീമിലെ പ്രധാനി ഇപ്പോൾ ബിജെപിയുടെ ബൂത്ത് ഏജന്റ്‌; ചിത്രം പങ്കുവെച്ച് സന്ദീപാനന്ദ ഗിരി

5. പുറത്തിറങ്ങുന്പോൾ നേരിട്ട് ചൂടേൽക്കുന്നത് കുറക്കാൻ കുടയോ തൊപ്പിയോ എപ്പോഴും കൈയിൽ കരുതണം. പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവർ സൺ ഹാറ്റ് വക്കുന്നത് ശീലമാക്കണം.

6. സൺ ഹാറ്റ്, കൂളിംഗ് ഗ്ലാസ്, സൺ സ്‌ക്രീൻ ലോഷനുകൾ ഒന്നുംതന്നെ മലയാളികളുടെ ശീലമല്ല. ടൂറിസ്റ്റുകൾ ചെയ്യുന്നതോ, ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്ന പൊങ്ങച്ചക്കാർ ചെയ്യുന്നതോ ഒക്കെയായി ഇതിനെ ഇപ്പോഴും കാണുന്നവരുണ്ട്. എന്നാൽ അതാത് നാട്ടിലെ കാലാവസ്ഥക്കനുസരിച്ച് അവർ പരിശീലിച്ച ആരോഗ്യകരമായ ശീലങ്ങളാണ് ഇതൊക്കെ. പുറത്തിറങ്ങുന്പോൾ സൺ സ്‌ക്രീൻ ലോഷനുകൾ പുരട്ടുന്നതും കൂളിംഗ് ഗ്ലാസ് വെക്കുന്നതും ശീലമാക്കുക.

7. ചൂട് കൂടിയതിനാൽ അംഗൻവാടികൾ ഒരാഴ്ചത്തേക്ക് അടച്ചു എന്ന് വായിച്ചു. ഈ നിയന്ത്രണം സ്‌കൂളുകളിലേക്കും എൻട്രൻസ് കോച്ചിങ്ങിലേക്കും വ്യാപിപ്പിക്കുന്നതും നല്ല കാര്യമാണ്. വീട്ടിലും അധികം ചൂടുള്ള സമയത്ത് കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നത് നിയന്ത്രിക്കുക. സമയാസമയം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് മുതിർന്നവർ ഉറപ്പാക്കുക. ചൂടിനെ പ്രതിരോധിക്കുന്ന മുൻപറഞ്ഞ കാര്യങ്ങൾ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക, അവർക്ക് ഇനിയങ്ങോട്ട് ഇതൊക്കെ ശീലമായേ പറ്റൂ.

8. വീട്ടിലുള്ള പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തിറങ്ങി ചൂടുകൂടി സൂര്യാഘാതം കൊണ്ട് സംഭവിക്കുന്ന മരണങ്ങളെക്കാൾ കൂടുതൽ സംഭവിക്കുന്നത് വീടിനുള്ളിൽ പ്രായമായവർക്ക് ചൂടുള്ള സമയത്ത് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തത് കൊണ്ടാണ്. 2003 ൽ ആഗസ്റ്റിൽ യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ആ വർഷം സാധാരണ വർഷങ്ങളേക്കാൾ ഇരുപതിനായിരം മരണങ്ങൾ കൂടുതലായുണ്ടായി എന്ന് ആരോഗ്യവിദഗ്ദ്ധരും സർക്കാരും മനസ്സിലാക്കിയത്. വേനൽക്കാലത്ത് പ്രായമായവരെ സംരക്ഷിക്കാൻ യൂറോപ്പിൽ ഇപ്പോൾ പ്രത്യേക സംവിധാനങ്ങളുണ്ട്. വീട്ടിൽ ഏറ്റവും ചൂട് കുറഞ്ഞ മുറി പ്രായമായവർക്ക് നൽകുക, അവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്നും ഉഷ്‌ണപാനീയങ്ങളോ മദ്യമോ കുടിക്കുന്നില്ല എന്നും ഉറപ്പു വരുത്തുക. മുറിയിൽ ചൂട് കുറക്കാനായി സാധ്യമായതെല്ലാം ചെയ്യുക. ചൂടിനോട് അനുബന്ധമായതല്ലാത്ത മറ്റു രോഗമോ ക്ഷീണമോ കണ്ടാലും ഉടൻ ഡോക്ടറുടെ ഉപദേശം തേടുക.

9. നമ്മുടെ ഭക്ഷണ ശീലങ്ങളിൽ കാലാവസ്ഥക്കനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മലയാളികളുടെ സമകാലീന ശീലങ്ങളിൽ ഒഴിവാക്കാൻ പറ്റാത്തവയാണ് ചായയും കാപ്പിയും. ഈ ചൂടുകാലം അവസാനിക്കുന്നത് വരെ ചായയും കാപ്പിയും ചൂടുള്ള മറ്റു പാനീയങ്ങളും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇനിയും മഴക്കാലം വരുമല്ലോ, അപ്പോൾ ക്ലാരയോടൊത്ത് ചൂടൻ കട്ടൻകാപ്പി കുടിക്കണമെങ്കിൽ ഇപ്പോൾ അവ ഒഴിവാക്കുന്നതാണ് ബുദ്ധി. ചൂട് കൂടുന്നതിനാൽ ബിവറേജസിലോ ബാറിലോ പോയി അല്പം മദ്യപിച്ചേക്കാം എന്ന് കരുതുന്നതും റിസ്ക് ആണ്. മലയാളികൾ ശീലമാക്കിയിരിക്കുന്ന തരം മദ്യങ്ങൾ ചൂടുകാലത്ത് റിസ്ക് കൂട്ടുന്നവയാണ്. (ഈ ചൂടുകാലത്തും ബിവറേജസിൽ ആളുകൾ ക്യൂ നിൽക്കേണ്ടി വരുന്നു എന്നത് എന്നത്തേയും പോലെ കഷ്ടവുമാണ്).

10. ഇപ്പോൾ കേരളത്തിലെ മിക്ക വീടുകളും തന്നെ വിശാലമായ വാതിലുകളും ജനലുകളും ഉള്ളവയാണ്. ജനലുകൾ മിക്കതും ഗ്ലാസ്സ് ഇട്ടവയും. പുതിയ കെട്ടിടങ്ങൾക്ക് കൂളിഗ്ഗ് ഗ്ലാസ്സുകൾ ഉണ്ടെങ്കിലും പൊതുവിൽ മുഴുവൻ വെളിച്ചവും (ചൂടും) അകത്തേക്ക് കടത്തിവിടുന്ന രീതിയിലാണ് നമ്മുടെ ജനാലകൾ. നമ്മുടെ കർട്ടനുകളും വീടിനകത്താണ്. ഇത്തരത്തിലുള്ള സംവിധാനം പുറത്തുള്ള ചൂടിനെ അകത്തു കയറ്റിയതിന് ശേഷം വെളിച്ചത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ എ.സി.യും ഫാനും ഉണ്ടെങ്കിൽ പോലും അത് ചൂടിന്റെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനാലകൾക്ക് പുറത്തു തന്നെ ചൂടിനേയും വെയിലിനേയും പ്രതിരോധിക്കുന്ന തരത്തിൽ ഔട്ട് ഡോർ കർട്ടനോ ചുരുങ്ങിയത് ഒരു തുണിയോ കെട്ടിയിടുന്നത് ചൂട് കുറക്കാനും എ.സി.യെ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും.

പ്രളയകാലത്തും കോവിഡ് കാലത്തും നമ്മുടെ മുഖ്യമന്ത്രി നേരിട്ട് ഇത്തരം വിഷയങ്ങൾ ജനങ്ങളോട് പറയുന്ന ഒരു രീതി ഉണ്ടായിരുന്നു. ഇത്തരത്തിൽ മുഖ്യമന്ത്രി ഒരു പത്രസമ്മേളനം നടത്തിയാൽ ഈ ചൂടുകാലത്തെ നേരിടാൻ സർക്കാർ എടുക്കുന്ന നടപടികളെപ്പറ്റിയും നാട്ടുകാർ ചെയ്യേണ്ട കാര്യങ്ങളെ പറ്റിയും ആളുകളെ ബോധവൽക്കരിക്കാൻ സഹായിക്കും.

ചൂട് കൂടുന്ന സമയത്ത് ‘ഇപ്പോൾ ശരിയാക്കിത്തരാം’ എന്ന തരത്തിലുള്ള ചൂട് കുറക്കുന്ന പെയിന്റുകളുടെയും മറ്റും പരസ്യങ്ങൾ എപ്പോഴും കാണാം. ‘ഇപ്പോൾ ശരിയാക്കുന്നതൊന്നും’ ശരിയാകാറില്ല എന്നതാണ് സത്യം. ഇവിടെ ചൂട് കുറഞ്ഞു എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം പണം എന്ന തരത്തിൽ ഇടപെടുന്നതാണ് ബുദ്ധി. ഈ ചൂട് എത്ര കാലം നിൽക്കും, എല്ലാ വർഷവും ചൂട് ഉണ്ടാകുമോ എന്നൊക്കെ എന്നോട് പലരും ചോദിക്കുന്നുണ്ട്. ഉയരുന്ന താപനിലയും അതിസാന്ദ്രതയിൽ പെയ്യുന്ന മഴയും ഇനി നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാൻ പോകുകയാണ്. മാറുന്ന കാലാവസ്ഥക്കനുസരിച്ച് നമ്മുടെ ജീവിതത്തിന്റെ സമഗ്ര മേഖലകളും (കെട്ടിടം എവിടെ നിർമ്മിക്കുന്നു, നിർമ്മാണ വസ്തുക്കൾ, രീതികൾ, തൊഴിൽ സമയം, വസ്ത്രം, ഭക്ഷണം, ആരോഗ്യശീലങ്ങൾ) പുനഃക്രമീകരിക്കേണ്ടി വരും.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News