തൻ്റെ അച്ഛനെ ഓർക്കാൻ ഇഷ്ടമല്ലെന്ന് മുരളി തുമ്മാരുകുടി

ലോക പിതൃദിനത്തിൽ കണ്ണീരണിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുരളി തുമ്മാരുകുടി. സ്‌നേഹനിധിയായ തന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മയാണ് അദ്ദേഹം തൻ്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഓരോ വാക്കിലും അച്ഛൻ തനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നുവെന്നും ആ സ്‌നേഹത്തിന്റെ അളവും അദ്ദേഹത്തിൻ്റെ വാക്കുകളിൽ വ്യക്തമാണ്. അച്ഛനെ താൻ എത്രത്തോളം മനസിലാക്കിയിരുന്നുവെന്നും വേർപാട് എത്ര വേദനയുണ്ടാക്കി എന്നും വ്യക്തമാകുന്നതാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അച്ഛന്റെ ഓർമ്മ
അച്ഛനെ ഞാൻ ഇപ്പോൾ ഓർക്കാറില്ല.
സത്യത്തിൽ അച്ഛനെ ഓർക്കാൻ എനിക്കിഷ്ടമല്ല.
അത് അച്ഛനെ ഏതെങ്കിലും തരത്തിൽ ഇഷ്ടമല്ലാതിരുന്നത് കൊണ്ടല്ല കേട്ടോ.
കാരണം അച്ഛൻ ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തായിരുന്നു.
അച്ഛന്റെ വ്യക്തിത്വം മാത്രമല്ല അന്നത്തെ സാമൂഹ്യ സാഹചര്യം കൂടി അതിനൊരു കാരണമായിരുന്നു.
നായർ തറവാടുകൾ മരുമക്കത്തായത്തിൽ നിന്നും മക്കത്തായത്തിലേക്ക് മാറിക്കൊണ്ടിരുന്ന കാലത്താണ് അച്ഛൻ അമ്മയെ വിവാഹം കഴിക്കുന്നത്.
വിവാഹത്തിന് ശേഷം ‘അമ്മ അമ്മയുടെ വീട്ടിൽ തന്നെയായിരുന്നു. തുമ്മാരുകുടി അമ്മയുടെ തറവാടാണ്.
വീട്ടിൽ അമ്മയുടെ സഹോദരൻ ഉണ്ട്, ഞങ്ങളുടെ വല്യമ്മാവൻ, അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല. പറമ്പും പാടവും കൃഷിയും ഒക്കെ നോക്കി നടത്തുന്നത് അമ്മാവനാണ്. ഞങ്ങളെ ശാസിക്കുകയും നേർവഴിക്കു നടത്തേണ്ടതും ആൺകുട്ടികളെ ഉഴവും, വിത്തും, വിതയും, ജലസേചനവും മറ്റു ഉത്തരവാദിത്തങ്ങളും ഒക്കെ പഠിപ്പിക്കുന്നത് അമ്മാവനാണ്.
വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് അമ്മയാണ്. ഞങ്ങളെ എല്ലാവരേയും പാചകവും പശുവിനെ നോട്ടവും ഉൾപ്പടെയുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നത് അമ്മയാണ്.
അച്ഛന് അത്തരം ഉത്തരവാദിത്തങ്ങൾ ഒന്നുമില്ല.
മക്കളോട് സ്‌നേഹത്തോടെ സംസാരിക്കുക, കഥകൾ പറയുക, അവർക്ക് വേണ്ടതെന്താണെന്ന് വച്ചാൽ അത് വാങ്ങിയോ ഉണ്ടാക്കിയോ കൊടുക്കുക, അവർക്ക് കുട്ടിപ്പുര വച്ച് കെട്ടിക്കൊടുക്കുക, അവർക്ക് സുഖമില്ലെങ്കിൽ കെട്ടിപ്പിടിച്ചു കിടക്കുക ഇതൊക്കെ മാത്രമേ അച്ഛന് ചെയ്യാനുള്ളൂ.
ഞങ്ങൾക്ക് ചെറിയതായി ഒരു തലവേദന എങ്കിലും ഉണ്ടെങ്കിൽ പിന്നെ കോളാണ്. അച്ഛൻ കൂടെ കിടക്കും, കഥ പറയും, സ്‌കൂളിൽ പോകേണ്ട എന്ന് പറയും.
‘അമ്മ അച്ഛനെ വിരട്ടും. അതുകൊണ്ട് ‘അമ്മ വരുമ്പോൾ ഞങ്ങൾ കണ്ണടച്ചു കിടക്കും. ‘അമ്മ തലയിൽ തൊട്ടു നോക്കി പനിയൊന്നുമില്ല സ്‌കൂളിൽ പൊക്കോളാൻ പറയും. തലവേദന പറഞ്ഞാൽ ഒരു വെള്ളക്കാ അരച്ച് നെറ്റിയിൽ പുരട്ടി സ്‌കൂളിൽ വിടും.
അച്ഛൻ ഞങ്ങളോട് സ്‌കൂളിൽ പോകേണ്ട എന്ന് പറയുന്നതിന് ഒരു സ്വാർത്ഥ താല്പര്യം കൂടി ഉണ്ടായിരുന്നു. ഞങ്ങൾക്ക് വയ്യ എന്ന കണക്കും പറഞ്ഞു അച്ഛൻ ഫാക്ടറിയിൽ പോകില്ല !
ഞങ്ങളെ സ്‌കൂളിൽ വിട്ടതിന് ശേഷം അച്ഛനെയും ‘അമ്മ വിരട്ടി ഫാക്ടറിയിൽ വിടും.
അച്ഛന് ഞങ്ങളുടെ അടുത്ത് നിന്ന് പോകാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. ഞങ്ങൾക്കപ്പറും അച്ഛനൊരു ലോകം ഇല്ലായിരുന്നു.
ഒട്ടും സുഖമായിരുന്നില്ല അച്ഛന്റെ ബാല്യകാലം.
നാലാം ക്ളാസിൽ തന്നെ പഠനം അവസാനിപ്പിക്കേണ്ടി വന്നു.
പത്തു വയസ്സിന് മുൻപ് സ്വന്തം അളിയന്റെ ചായക്കടയിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്ത് തുടങ്ങിയതാണ്. ശിവരാത്രി കാലത്തൊക്കെ ഇരുപത്തി നാലു മണിക്കൂറും ജോലിയാണ്
പന്ത്രണ്ട് വയസ്സിൽ ആലുവയിലെ തരകൻ കുടുംബത്തിലെ റബ്ബർ വെട്ടുകാരനായി. രാവിലെ നാലുമണിക്ക് എഴുന്നേറ്റ് നാലു കിലോമീറ്റർ നടക്കണം. തിരിച്ചും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് വീട്ടിൽ എത്തിയാലാണ് പച്ച വെള്ളം പോലും കുടിക്കാൻ പറ്റുന്നത്.
പതിനഞ്ചു വയസ്സിൽ അലുമിനിയം കമ്പനിയിൽ ജോലിക്ക് ചേർന്നു. ഫർണസിന് തൊട്ടടുത്ത ജോലിയാണ്, ചുട്ടു പൊള്ളുന്ന അന്തരീക്ഷം. കമ്പിളിയിൽ വെള്ളം ഒഴിച്ച് നനച്ച് അത് പുതച്ചാണ് ജോലി ചെയ്യുന്നത്. ഒരിക്കൽ അത് കണ്ട മുത്തച്ഛൻ അച്ഛനെ വിളിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു, പിന്നീട് ആ ജോലിക്കയച്ചില്ല.
ഇരുപത് വയസ്സിൽ എഫ് എ സി ടി യിൽ ജോലിക്ക് ചേർന്നു.
അപ്പോഴേക്കും അച്ഛൻ ഒരു മനുഷ്യ ജീവിതത്തിനുള്ള അദ്ധ്വാനം ഒക്കെ ചെയ്തു കഴിഞ്ഞിരുന്നു.
എഫ് എ സി ടി യിലെ ബാച്ചിലർ കാലം സന്തോഷത്തിന്റെ കാലമായിരുന്നു.
എല്ലാ ദിവസവും സിനിമ കാണും. ഒരു സിനിമ ഒന്നിൽ കൂടുതൽ തവണ കാണും. ചന്ദ്രലേഖ എന്ന പഴയ സിനിമ നാല്പത്തി ഒമ്പത് പ്രാവശ്യം കണ്ടുവത്രെ.
കൂട്ടുകാരോടൊത്ത് നാടകത്തിൽ അഭിനയം
അച്ഛൻ നന്നായി പാടുമായിരുന്നു. യേശുദാസിന്റെ പിതാവൊക്കെ അച്ഛൻ അഭിനയിച്ച നാടകങ്ങളിൽ പിന്നണി പാടാൻ വന്നിട്ടുണ്ട് എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.
അങ്ങനെ അടിപൊളി ആയി നടന്ന സമയത്ത് അച്ഛൻ വിവാഹം കഴിച്ചു.
പിന്നെ കുട്ടികൾ ആയി. കുടുംബം ആയി.
പിന്നെ അധികം ജോലി ചെയ്യാൻ അച്ഛന് താല്പര്യം ഇല്ലായിരുന്നു. സിനിമ കാണലും കഥ പറയലും ഒക്കെ അച്ഛന്റെ പ്രധാന താല്പര്യം.
കഥ പറയാൻ അച്ഛന് അപാര കഴിവുണ്ടായിരുന്നു. ഓഫീസിൽ ആണെകിലും വീട്ടിൽ ആണെങ്കിലും അച്ഛൻ കഥ പറയാൻ ഇരുന്നാൽ ചുറ്റും ആളുകൾ കൂടും.
അച്ഛന് ആരോടും വൈരാഗ്യമില്ല, ഓഫീസിലോ കുടുംബത്തിലോ പൊളിറ്റിക്‌സ് ഇല്ല.
അതുകൊണ്ട് തന്നെ തെളിഞ്ഞ മനസ്സായിരുന്നു. എന്നും സന്തോഷമായിരുന്നു.
ആ സന്തോഷം ഞങ്ങൾക്ക് പകർന്നു തന്നു.
ഒരു കാര്യത്തിനും നിയന്ത്രണമില്ല. ഒന്നിനും.
അച്ഛന്റെ ചെറുപ്പകാലത്ത് അച്ഛൻ കഞ്ചാവ് വലിച്ച കഥ പറയും. എന്നിട്ട് ഒരു ബീഡി പോലും വലിക്കാത്ത മക്കളെ നോക്കി പറയും.

‘വലിക്കാനും കുടിക്കാനും ഇഷ്ടമില്ല എന്നൊക്കെ പറയണമെങ്കിൽ ആദ്യം അതൊന്നു പരീക്ഷിച്ചു നോക്കണം!’
ഞങ്ങൾ അനുസരിച്ചില്ല
‘മക്കൾ ആരെങ്കിലും ഒക്കെ ഒന്ന് ബീഡിയോ സിഗരറ്റോ വലിക്കാൻ പഠിച്ചിരുന്നെങ്കിൽ വയസ്സുകാലത്ത് ബീഡി കിട്ടാൻ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല അന്ന് അച്ഛൻ സീരിയസ് ആയി പറയും.

ഞങ്ങൾ കേട്ടില്ല എന്റെ സൃഹുത്തുക്കൾ ഒക്കെ ഒരു ബൈക്ക് മേടിച്ചു തരാൻ പറഞ്ഞു അവരുടെ അച്ഛന്മാരോട് വഴക്ക് കൂടുന്ന കാലത്ത് അച്ഛൻ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പണവുമായി ഞങ്ങളുടെ പുറകെ നടക്കുകയാണ്.
‘എടാ ഒരു ബുള്ളറ്റ് വാങ്ങ്, എന്താ അതിന്റെ ഒരു ഗമ !’
ഞങ്ങൾ കേട്ടില്ല
ഞങ്ങൾ കേട്ടത് അച്ഛന്റെ കഥകൾ ആണ്.
ഞങ്ങൾ അനുഭവിച്ചത് അച്ഛന്റെ സ്‌നേഹം മാത്രമാണ്.
അച്ഛനെ ഓർക്കാൻ ഇഷ്ടമല്ല എന്ന് പറഞ്ഞല്ലോ. അത് എന്ന് അച്ഛനെ ഓർത്തലും എനിക്ക് കരച്ചിൽ വരും അതുകൊണ്ടാണ്.
അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഞങ്ങളെ കരയിപ്പിച്ചിട്ടില്ല, കരയാൻ സമ്മതിച്ചിട്ടുമില്ല.
മരിച്ചാലും മക്കൾ വിഷമിക്കരുതെന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു.
സാധാരണ ഒരു വീട്ടിൽ ആരെങ്കിലും മരിച്ചാൽ അവരുടെ സംസ്‌കാര ചടങ്ങുകൾ കഴിയുന്നത് വരെ അടുത്ത ബന്ധുക്കൾ ഭക്ഷണം കഴിക്കില്ല.
അച്ഛനത് മുന്നേ കണ്ടു.
ഞങ്ങളോട് പറഞ്ഞു.
ഞാൻ മരിച്ചു കഴിഞ്ഞാൽ കരയരുത് എന്നൊന്നും പറയില്ല. പക്ഷെ ഭക്ഷണം കഴിക്കാതെ ഇരിക്കരുത്. ജീവനില്ലെങ്കിൽ പോലും അതെനിക്ക് സഹിക്കില്ല.
അച്ഛൻ മരിച്ചപ്പോൾ ഞങ്ങൾ കെട്ടിപ്പിടിച്ചു പൊട്ടിപ്പൊട്ടി കരഞ്ഞു.
പക്ഷെ പിന്നൊരിക്കലും അച്ഛനെ ഓർത്തു ഞാൻ കരഞ്ഞില്ല.
അച്ഛനെ ഓർക്കാതിരിക്കാൻ ഞാൻ പഠിച്ചു.
ഇന്നിപ്പോൾ വീണ്ടും അച്ഛനെ ഓർത്തു.
കരഞ്ഞു.
അച്ഛനോർമ്മകൾ ഏറെ ഉണ്ട്. എഴുതാം.
മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News