തിരുവനന്തപുരം പെരുങ്കടവിളയിലാണ് മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് രാവിലെ പതിനൊന്നുമണിയോടെ ബൈക്കില്‍ ടിപ്പറിടിച്ച് മരിച്ചത്. വടകര ജോസ് എന്നയാളെ മാരായമുട്ടം ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് മരിച്ച രഞ്ജിത്. ഈ കേസിലെ മുഖ്യപ്രതി കാക്ക അനീഷ് പിന്നീട് കൊല്ലപ്പെട്ടിരുന്നു.
ടിപ്പറിടിച്ച് ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനൊപ്പം ടിപ്പറോടിച്ച ശരത്തിനെയും നാട്ടുകാര്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കയറ്റി വിട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ഉടന്‍ ശരത് കടന്നുകളഞ്ഞു. ഇതോടെ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അപ്പോഴാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ഇരുവരും തമ്മില്‍ കയ്യാങ്കളി നടത്തിയ വിവരം പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്.
ബൈക്കില്‍ വരികയായിരുന്ന രഞ്ജിത്തിനെ, എതിര്‍ദിശയില്‍ നിന്ന് വന്ന ടിപ്പര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയോട്ടി ഏകദേശം പൂര്‍ണമായും തകര്‍ന്നു. വലതു കാല്‍ ഒടിഞ്ഞു തൂങ്ങി. ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മരിച്ച രഞ്ജിത്തും ടിപ്പര്‍ ഡ്രൈവര്‍ ശരത്തും തമ്മില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് കയ്യാങ്കളി നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒളിവിലുള്ള ശരത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. അപകടമുണ്ടാകുന്ന സമയത്ത് മറ്റ് രണ്ട് പേര്‍ കൂടി വണ്ടിയില്‍ ഉണ്ടായിരുന്നു. ഇവരെ കണ്ടെത്താനും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. രഞ്ജിത്തിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
രഞ്ജിത്തിന്റെ വരവും കാത്ത് ടിപ്പര്‍, അപകടം നടന്നതിന്റെ ഏതാണ്ട് 300 മീറ്റര്‍ മാറി പാര്‍ക്ക് ചെയ്തിരുന്നതായി നാട്ടുകാര്‍ സംശയം പറയുന്നുണ്ട്. മണ്ണ്, പാറ ഖനന ലോബിയുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് 8 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട ഇടവഴിക്കര ജോസും ഇന്നലെ കൊല്ലപ്പെട്ട രഞ്ജിത്തും. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഇവര്‍ സജീവമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here