ഷൊർണ്ണൂരിലെ വൃദ്ധ സഹോദരിമാരുടെ കൊലപാതകം, തെളിവെടുപ്പ് ആരംഭിച്ചു

പാലക്കാട് ഷൊർണ്ണൂരില്‍ വൃദ്ധ സഹോദരിമാരുടെ കൊലപാതകത്തില്‍ പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു.  പ്രതി മണികണ്ഠനുമായി (48) പൊലീസ് കൊലപാതകം നടന്ന വീട്ടിൽ എത്തി. ഷൊർണ്ണൂർ സി.ഐ-യുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.

കവര്‍ച്ചാശ്രമത്തിനിടെയാണ് കവളപ്പാറയില്‍ സഹോദരിമാരെ വീട്ടിലെ പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ട് കത്തിച്ച് കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു. പട്ടാമ്പി തൃത്താല മാട്ടായ സ്വദേശിയാണ് പ്രതി മണികണ്ഠന്‍.

ALSO READ: നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കും

കവളപ്പാറ കാരക്കാട് നീലിമലക്കുന്നിന് സമീപം മുടിഞ്ഞാറേതില്‍ തങ്കം (71), സഹോദരി പദ്മിനി (72) എന്നിവരെയാണ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യം. കവര്‍ന്ന സ്വര്‍ണാഭരണം മണികണ്ഠന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ പൊലീസ് കണ്ടെത്തി. പദ്മിനിയുടെ മൂന്നുവളകള്‍, തങ്കത്തിന്‍റെ മാല എന്നിവയാണ് കണ്ടെടുത്തത്. പൊള്ളലേറ്റതും മറ്റുള്ള രീതിയില്‍ പരിക്കേല്പിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികവിവരം.

സംഭവസമയത്ത് വീട്ടില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച മണികണ്ഠനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിക്കുകയായിരുന്നു. സഹോദരിമാരുടെ വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്ന മണികണ്ഠന്‍ ഈ പരിചയം ഉപയോഗപ്പെടുത്തി വീട്ടിലെത്തുകയായിരുന്നു. സഹോദരിമാരുടെ വീടുകളില്‍ ഇടക്കിടെ എത്തുകയും സാമ്പത്തികസഹായം വാങ്ങുകയും ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇരുവരുടെയും കൈവശം സ്വര്‍ണാഭരണങ്ങളുണ്ടെന്ന് കണ്ട മണികണ്ഠന്‍ ഇത് കവരാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഉച്ചയോടെ പദ്മിനിയുടെ വീട്ടില്‍ മണികണ്ഠനെത്തി മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചു. ഇതിനിടെ, സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചത് സഹോദരിമാര്‍ ചെറുക്കുകയും ചെയ്തു. വീടിനകത്തിരുന്ന വടികൊണ്ടും ഇരുമ്പുപൈപ്പുകൊണ്ടും മണികണ്ഠനെ ഇവര്‍ അക്രമിച്ചു. ഈ വടിയും ഇരുമ്പുപൈപ്പും മണികണ്ഠന്‍ പിടിച്ചുവാങ്ങി തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിന്നീടാണ് ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കത്തിച്ചത്. പുക ഉയരുന്നതും നിലവിളിയും കേട്ട സമീപവാസിയായ സ്ത്രീ സംഭവം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

ALSO READ: കൊടുവള്ളിയില്‍ മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാര്‍ മറിഞ്ഞു

തൃത്താല പോലീസ് സ്റ്റേഷനില്‍ 2006-ല്‍ പ്രായമായ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മണികണ്ഠനെതിരേ ലൈംഗികാതിക്രമ കേസുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകീട്ട് ഏഴോടെയാണ് സഹോദരിമാരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. രണ്ട് മൃതദേഹവും ഷൊര്‍ണൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News