തന്‍റെ സന്തോഷങ്ങളെക്കുറിച്ചും ജീവിതത്തിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും മനസ്സ് തുറന്ന് സംഗീത സംവിധായകൻ ഗോപിസുന്ദർ. ഒറ്റയ്ക്കാണെങ്കിലും താൻ എപ്പോഴും ഹാപ്പിയാണെന്നാണ് ഗോപി സുന്ദർ പറയുന്നത്. മൊബൈൽ ഓഫ് ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളെ നിലവിൽ ഉള്ളുവെന്നും, തന്റേതായ കാര്യങ്ങളുമായി ഞാന്‍ സന്തോഷത്തോടെ ജീവിക്കുകയാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോപി സുന്ദർ പറഞ്ഞു.
‘എനിക്ക് ആഗ്രഹങ്ങളിൽ. ആഗ്രഹിക്കുമ്പോഴല്ലേ നിരാശ ഉണ്ടാവുകയുള്ളൂ. എനിക്കങ്ങനെ ഒന്നിലും ഒരു ആഗ്രഹവുമില്ല. ഇത്ര സിനിമകള്‍, പാട്ടുകള്‍ ചെയ്യാൻ കിട്ടിയത് അനുഗ്രഹമായി കാണുന്നു. അതില്‍ സന്തോഷിക്കുന്നു. എന്റെ വിവരക്കേടുക്കൊണ്ടായിരിക്കാം ഒരിക്കല്‍ മാത്രം അത്തരം ചിന്തകൾ എനിക്ക് വന്നിട്ടുണ്ട്. ആദ്യ ചിത്രം ‘ഫ്‌ളാഷി’ല്‍ ഞാനൊരു പാട്ട് ചെയ്തിട്ടുണ്ടായിരുന്നു. ‘നിന്‍ ഹൃദയ മൗനം’ എന്ന നല്ലൊരു റൊമാന്റിക് മെലഡി. ഞാന്‍ വളരെ ഫീല്‍ ചെയ്ത് ഇഷ്ടപ്പെട്ട് ചെയ്ത പാട്ടാണ്. പ്രേക്ഷകര്‍ അത് ശ്രദ്ധിക്കുമെന്നും ഏറ്റെടുക്കുമെന്നുമായിരുന്നു എന്റെ വിശ്വാസം. പക്ഷേ ആ പാട്ട് ടിവിയിലൊന്നും വന്നില്ല. സിനിമയുടെ ബേസിക് കണ്ടന്റ് എല്ലാം കാണിക്കുന്ന പാട്ടായത് കൊണ്ട് ഇടാന്‍ പറ്റില്ല എന്നാണ് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് എനിക്കന്ന് ലഭിച്ച ഉത്തരം. 2007ലെ കാര്യമാണ്. ഇന്നത്തെ പോലെ ലിറിക്കല്‍ വീഡിയോ ഒന്നും ഇല്ലാത്ത കാലമാണ്. ആ പാട്ടൊന്ന് ടിവിയിലൊക്കെ വന്നിരുന്നുവെങ്കില്‍ എന്ന് ഞാനന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആ ആഗ്രഹം അതോടെ തീരുകയും ചെയ്തു’, ഗോപി സുന്ദർ പറഞ്ഞു.
ALSO READ: ‘നടിയുടെ തലയിൽ തട്ടമില്ല’, എങ്കിൽ ഫിലിം ഫെസ്റ്റിവൽ നടത്തേണ്ട’, ഇറാനിൽ വിവാദ ഉത്തരവെന്ന് റിപ്പോർട്ട്
‘ട്രോളുകൾ കൊണ്ടൊന്നും നമ്മൾ ഇല്ലാതാവുന്നില്ല. എന്റെ വ്യക്തിജീവിതം എന്ന വാക്കില്‍ തന്നെ സ്വകാര്യത എന്നർഥമുണ്ട്. ഈ സ്വകാര്യതയില്‍ ഇടപെടുന്നത് തന്നെ തെറ്റാണെന്നും അതില്‍ അര്‍ഥമുണ്ട്. ആകെ കുറച്ച് സമയമാണ് നമ്മള്‍ ജീവിക്കുന്നത്. അത് നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് ജീവിതം. അത് സന്തോഷമായിട്ട് ജീവിക്കുക. നമ്മുടെ ഇഷ്ടമാണ്. അതിൽ വേറൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ നമ്മുടെ അടുത്ത് നേരിട്ട് വന്ന് പറയാം. അല്ലാതെ ഒരാളോട് വിഭിന്നാഭിപ്രായം ഉണ്ടെങ്കില്‍ കാണുന്നിടത്തെല്ലാം വച്ച് അയാളെ ചീത്ത വിളിക്കുകയും അസഭ്യം പറയുകയും അല്ല വേണ്ടത്. പിന്നെ സദാചാര പോലീസിങ്ങും മറ്റും ഞാന്‍ നേരിട്ടിട്ടില്ല. നേരിടണം എങ്കില്‍ നമ്മല്‍ അതിന്റെ മുന്നില്‍ ചെന്നിരിക്കണമല്ലോ. അത് വേണോ വേണ്ടയോ എന്ന് തീരുമാനിച്ചാൽ ആ പ്രശ്‌നവും തീര്‍ന്നു. പിന്നെ ഒരു രസത്തിന്റെ പുറത്താണ് തിരിച്ച് പ്രതികരിച്ച് തുടങ്ങിയത്. ജീവിതത്തിലെ പല രസങ്ങളില്‍ ഒന്നായിട്ട് കാണാം. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാനല്ല’, ഗോപി സുന്ദർ വ്യക്തമാക്കി.
‘എന്റേതായ കാര്യങ്ങളുമായി ഞാൻ സന്തോഷത്തോടെ ജീവിക്കുകയാണ്. സിനിമയില്‍ ചാന്‍സ് ഉണ്ടോ ഇല്ലയോ എന്നുള്ളതൊന്നും എന്നെ ബാധിക്കുന്നില്ല. ഒറ്റക്കാണെങ്കിലും ഞാന്‍ ഹാപ്പിയാണ്. പ്രകൃതിയും മറ്റും ആസ്വദിച്ച് ഞാനവിടെ സന്തോഷമായിട്ട് ഇരുന്നോളും. നേരത്തെ പറഞ്ഞ പോലെ വലിയ ആഗ്രഹങ്ങളോ ഇന്നത് നേടിയെടുക്കണമെന്നോ എനിക്കില്ല. പത്താം ക്ലാസ് തോട്ടപ്പോഴുള്ള ഒരു അവസ്ഥയുണ്ടല്ലോ. ബാക്കിയുള്ളവര്‍ക്കേ അന്ന് ബുദ്ധിമുട്ട് ഉണ്ടായിരുന്നുള്ളൂ. എനിക്കില്ല, ഞാനന്നും ഹാപ്പിയാണ്. ആദ്യമായി സിനിമയില്‍ അവസരം കിട്ടിയപ്പോഴും ഞാന്‍ ഹാപ്പിയാണ്. അവസരം ഇല്ലാത്തപ്പോഴും ഹാപ്പിയാണ്. എന്റെ സന്തോഷം ഇതിലൊന്നുമല്ല. സിനിമകൾ കൂടുതല്‍ ചെയ്യുന്നതോ പാട്ടുകൾ ഹിറ്റാവുന്നതോ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളല്ല. മറ്റു പലതിലുമാണെന്റെ സന്തോഷം നിലനിൽക്കുന്നത്. അന്നന്നത്തെ ദിവസം സന്തോഷമായിട്ടിരിക്കുക എന്നാണ്. സന്തോഷമായി ഉറങ്ങുക, സന്തോഷമായി എഴുന്നേല്‍ക്കുക അത്രയേ ഉള്ളൂ. ഇന്ന് സന്തോഷമായിട്ടിരുന്നാലേ നാളെ സന്തോഷമായിരിക്കാന്‍ പറ്റുള്ളൂ. നമ്മള്‍ സന്തോഷമായിട്ടിരുന്നാലേ മറ്റൊരാളെ സന്തോഷിപ്പിക്കാന്‍ നമുക്ക് പറ്റൂ’, ഗോപി സുന്ദർ കൂട്ടിച്ചേർത്തു.
ALSO READ: മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here