സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ സിനിമകളില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. എന്‍സ്വരം പൂവിടും, കാലിത്തൊഴുത്തില്‍ പിറന്നവനെ, കസ്തൂരി മാന്‍മിഴി തുടങ്ങിയവ പ്രധാന ഗാനങ്ങളാണ്.

ALSO READ:അതി ശൈത്യത്തിൽ മരവിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

നൂറോളം സംഗീത സംവിധായകര്‍ക്ക് വേണ്ടി അക്കോര്‍ഡിയനും കീബോര്‍ഡും വായിച്ച ബഹുമതിയുള്ള സംഗീതജ്ഞനാണ് അദ്ദേഹം. തുടക്കകാലത്ത് പള്ളികളിലെ ക്വയര്‍ സംഘത്തിന് വയലിന്‍ വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത് തുടക്കം. അക്കോര്‍ഡിയന്‍ എന്ന സംഗീതോപകരണം ഏറ്റവും വിദഗ്ധമായി കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരില്‍ ഒരാളാണ് അദ്ദേഹം.

പ്രശസ്ത സംഗീതജ്ഞനായ എം എസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയില്‍ ജോയ് പതിനെട്ടാം വയസ്സില്‍ ചേര്‍ന്നു. സംഗീത നൊട്ടേഷനുകള്‍ നോക്കാതെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ത്തന്നെ അത് വായിച്ചു കേള്‍പ്പിച്ചിരുന്ന ജോയ് എം എസ് വിശ്വനാഥനു വേണ്ടി മാത്രം 500ലധികം സിനിമകള്‍ക്ക് സഹായി ആയി പ്രവര്‍ത്തിച്ചു. അക്കാലത്തെ പ്രമുഖനായിരുന്ന കെ വി മഹാദേവന്റെയും സംഗീത സംവിധാന സഹായി ജോയി തന്നെയായിരുന്നു. 1969ല്‍ ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ കീബോര്‍ഡ് ആദ്യമായി അവതരിപ്പിച്ച് ജോയ് അക്കാലത്ത് വിവിധതരം ഭാഷകളില്‍ ദിവസത്തില്‍ 12ലധികം പാട്ടുകള്‍ക്ക് വേണ്ടി വായിച്ചിരുന്നു.

ALSO READ:ഇന്ന് മകരവിളക്ക്; ദര്‍ശനം കാത്ത് തീര്‍ഥാടക ലക്ഷങ്ങള്‍

ലിസ, സര്‍പ്പം, മുത്തുച്ചിപ്പി തുടങ്ങി ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1990 വരെ മലയാള ചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്ന ജോയ് ഒരു കൂട്ടം കഴിവുള്ള ഗായകരേയും ഗാനരചയിതാക്കളേയും പരിചയപ്പെടുത്തിയിരുന്നു. ചലച്ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കുന്നതില്‍ മാത്രമായിരുന്നില്ല ജോയിയുടെ താത്പര്യം. ഏകദേശം പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. അതോടൊപ്പം തന്നെ നൗഷാദ്, ലക്ഷ്മികാന്ത് പ്യാരിലാല്‍, മദന്മോഹന്‍, ബാപ്പി ലഹരി, ആര്‍ ഡി ബര്‍മ്മന്‍ തുടങ്ങിയ സംഗീത ഇതിഹാസങ്ങളോടൊത്ത് ജോലി ചെയ്യാനും ജോയിക്ക് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News