കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ പശു സംരക്ഷകര്‍ കൊലപ്പെടുത്തി

കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച് പശു സംരക്ഷകര്‍ കൊലപ്പെടുത്തിയതായി ആരോപണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സാത്തന്നൂര്‍ സ്വദേശിയായ ഇദ്രിസ് പാഷയെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  പുനീത് കാരെഹള്ളി എന്നയാള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് നിരന്തരമായി പാഷയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ പാഷയോട് പാകിസ്താനിലേക്ക് പോകാനും പറഞ്ഞു. തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായതെന്ന് പൊലീസ് പറയുന്നത്.

ഇമ്രാന്‍ ഖാന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മാര്‍ച്ച് 31 ന് രാത്രി പശുക്കളെ വണ്ടിയില്‍ കൊണ്ടുപോവുകയായിരുന്നു ഇദ്രിസ് പാഷ. പുനീത് കാരെഹള്ളിയും സംഘവും ഈ വാഹനം തടഞ്ഞു. പശുക്കളെ അറുക്കാന്‍ കൊണ്ടുപോവുകയാണെന്ന് ആരോപണം ഉന്നയിച്ചു. ഇദ്രിസ് പാഷയോട് പാകിസ്ഥാനിലേക്ക് പോ എന്ന് ആക്രോശിച്ചു. തുടര്‍ന്ന് ഇദ്രിസ് പാഷയെ ക്രൂരമായി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തുടര്‍ന്നാണ് ഇദ്രിസ് പാഷയുടെ മൃതദേഹം റോഡില്‍ കണ്ടെത്തിയത്. പാഷയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധവുമുണ്ടായി. ഇദ്രിസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കള്‍ സാത്തന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് പുനീത് കാരെഹള്ളിക്ക് എതിരെ പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News