ഭാരവാഹികളെ നിശ്ചയിക്കാൻ സംസ്ഥാന കൗൺസിൽ നാളെ യോഗം ചേരാനിരിക്കെ മുസ്ലിംലീഗിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത കരുനീക്കങ്ങൾ. മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറി ആരായിരിക്കണമെന്നത് സംബന്ധിച്ചുള്ള തർക്കങ്ങൾ പ്രമുഖ നേതാക്കളെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്.
പിഎംഎ സലാമിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കമെന്ന കടുംപിടുത്തത്തിലാണ് പികെ കുഞ്ഞാലിക്കുട്ടി. എന്നാൽ എം.കെ മുനീർ ജനറൽ സെക്രട്ടറി ആകണമെന്നാണ് നേതൃനിരയിൽ പ്രവർത്തിക്കുന്ന പ്രമുഖ നേതാക്കളിൽ ഭൂരിപക്ഷത്തിന്റെയും താൽപ്പര്യം.
സാധാരണനിലയിൽ പാണക്കാട് നിന്ന് വരുന്ന തീരുമാനം സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിക്കുന്നതാണ് മുസ്ലിം ലീഗിലെ രീതി. എന്നാൽ പ്രമുഖ നേതാക്കൾ രണ്ടു ചേരിയിലായി നിന്ന് പോരടിക്കാൻ തുടങ്ങിയതോടെ സാദിഖലി തങ്ങൾ കടുത്ത സമ്മർദ്ദത്തിലാണ്. പിഎംഎ സലാമിനെ ജനറൽ സെക്രട്ടറിയായി തുടരാൻ അനുവദിക്കണമെന്ന കടുത്ത നിലപാടിലാണ് കുഞ്ഞാലിക്കുട്ടി. എന്നാൽ എംകെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന താൽപര്യത്തിലാണ് നേതൃനിരയിലെ പ്രബലവിഭാഗം. ഇടി മുഹമ്മദ് ബഷീർ, കെപിഎ മജീദ്, അബ്ദുൾ വഹാബ്, കെഎം ഷാജി തുടങ്ങിയവരെല്ലാം മുനീർ ജനറൽ സെക്രട്ടറിയായി വരണമെന്ന താൽപ്പര്യക്കാരാണ്. കെ.എം ഷാജിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം സാദിഖലി തങ്ങളെ നേരിട്ട് കണ്ടു തന്നെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയെ പിണക്കി തീരുമാനമെടുക്കാൻ സാദിഖലി തങ്ങൾ മടിക്കുന്നതാണ് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നത്.
ഇതേ തുടർന്നാണ് സംസ്ഥാന ഭാരിവാഹികളുമായും ജില്ലാ ഭാരവാഹികളുമായും നേരിട്ട് ആശയവിനിമയം നടത്താൻ സാദിഖലി തങ്ങൾ തയാറയത്. സംസ്ഥാന ഭാരവാഹികൾ കുഞ്ഞാലിക്കുട്ടിയെ പിണക്കാൻ മടിയുള്ളവരാണ്. എന്നാൽ കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലാ നേതൃത്വത്തിൽ കുഞ്ഞാലിക്കുട്ടി വിരുദ്ധർക്കാണ് മേൽക്കൈ.
യൂത്ത് ലീഗ് നേതൃത്വത്തിലെ ഒരു പ്രബലവിഭാഗം കുഞ്ഞാലിക്കുട്ടി അനുകൂലികളാണ്. അതിനാൽ തന്നെ പിഎംഎ സലാം ജനറൽ സെക്രട്ടറിയായി വരുന്നതിനോടാണ് ഇവർക്ക് താൽപ്പര്യം. എന്നാൽ പാണക്കാട് കുടുംബത്തിൽ മുനീർ ജനറൽ സെക്രട്ടറിയായി വരമെന്ന താൽപര്യക്കാർക്കാണ് ഭൂരിപക്ഷം. മുനവറലി തങ്ങൾ മുനീർ ജനറൽ സെക്രട്ടറിയാകുന്നതിനെ ശക്തമായി പിന്തുണക്കുന്നുണ്ട്. അപ്പോഴും സാദിഖലി തങ്ങൾ എടുക്കുന്ന തീരുമാനത്തെ പാണക്കാട് കുടുംബം പരസ്യമായി ചോദ്യം ചെയ്യാൻ തയ്യാറാകില്ല.
ഇതിനിടെ സംസ്ഥാന കൗൺസിലിൽ നിലവിലുള്ള മേൽക്കൈ ഉപയോഗിച്ച് പിഎംഎ സലാമിനെ ജനറൽ സെക്രട്ടറിയാക്കാനും കുഞ്ഞാലിക്കുട്ടി പക്ഷം കരുക്കൾ നീക്കുന്നുണ്ട്. സാദിഖലി തങ്ങൾ സ്വന്തം നിലയിൽ ഒരു നിലപാട് പറഞ്ഞില്ലെങ്കിൽ ഭാരവാഹികളെ സംസ്ഥാന കൗൺസിൽ തീരുമാനിക്കട്ടെ എന്ന തീരുമാനവും ഉണ്ടായേക്കാം. ഇതിനിടെ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ നേതൃതലത്തിൽ ധാരണയായില്ലെങ്കിൽ സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയുടെ പേർ ഉയർത്തിക്കൊണ്ടു വരാനും ശ്രമമുണ്ടെന്ന് സൂചനയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here