ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ നിയോഗിക്കപ്പെട്ട രാംനാഥ് ഗോവിന്ദ് കമ്മിറ്റി മുമ്പാകെ എതിർപ്പറിയിക്കാതെ മുസ്ലിം ലീഗ് മാറിനിന്നത് മോദി സർക്കാരിൽ നിന്നുള്ള പ്രതികാര നടപടി ഭയന്നാണെന്നും മുമ്പും ഇത്തരം വിഷയങ്ങൾ വരുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിഞ്ഞുമാറിയ ചരിത്രമാണ് ലീഗിന്റേതെന്നും ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി. ഇ.ഡിയെ ഭയന്ന് കഴിയുന്ന ലീഗ് പ്രമാണി സംഘത്തിന് ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് അടക്കമുള്ള മറ്റ് ഘടക കക്ഷികൾ എടുക്കുന്ന തത്ത്വാധിഷ്ഠിതമായ നിലപാട് സ്വീകരിക്കാൻ ധൈര്യമില്ല എന്നതാണ് സത്യം. എന്നിട്ട് കോവിന്ദ് കമ്മിറ്റിയെ ഗൗരവമായെടുത്തില്ലെന്നും ലോ കമ്മീഷനും ഇലക്ഷൻ കമ്മീഷനും കത്ത് കൊടുത്തിട്ടുണ്ടെന്നുമൊക്കെ പി.കെ കുഞ്ഞാലിക്കുട്ടി തട്ടിവിടുന്നത് കാപട്യവും പച്ചക്കള്ളവുമാണ്.
ALSO READ : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്ലീം ലീഗ് സ്വാഗതം ചെയ്തു; റിപ്പോർട്ടിന്റെ പകർപ്പ് കൈരളി ന്യൂസിന്
ജനാധിപത്യ വ്യവസ്ഥയെ തന്നെ അപായപ്പെടുത്തുന്ന ഒരു നീക്കവുമായി ഹിന്ദുത്വശക്തികൾ ആസൂത്രിതമായി മുന്നോട്ടുപോകുമ്പോൾ അതിനെതിരെ ഉരിയാടാൻ പോലും തയാറാവാത്ത ഒരു പാർട്ടിക്ക് എന്ത് പ്രസക്തിയാണുള്ളത്? മുമ്പ് മുത്തലാഖ് വിഷയം പാർലമെന്റിൽ വന്നപ്പോഴും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്യേണ്ട അവസ്ഥയുണ്ടായപ്പോഴും ഞൊട്ട് ന്യായം പറഞ്ഞ് ഓടി രക്ഷപ്പെട്ടത് ആരും മറന്നിട്ടില്ല. ഹിന്ദുത്വ ഫാഷിസത്തിനു മുന്നിൽ മുട്ട് വിറക്കുന്ന ഇമ്മട്ടിലുള്ള നേതാക്കളെ തലപ്പത്ത് വെച്ച് എങ്ങനെ ഒരു ന്യൂനപക്ഷ പാർട്ടിക്ക് പുതിയ പുതിയ വെല്ലുവിളികളെ നേരിടാൻ കഴിയുമെന്ന് ലീഗണികളാണ് ചിന്തിക്കേണ്ടതെന്ന് പാർട്ടി സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here