മതരാഷ്ട്രവാദവുമായി രംഗപ്രവേശം ചെയ്ത അബുല്‍ അലാ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിയെ അതിന്റെ സ്ഥാപിതകാലം മുതല്‍ നഖശിഖാന്തം എതിര്‍ക്കുന്നവരാണ് ഇന്ത്യയിലെയും കേരളത്തിലെയും പാരമ്പര്യ സുന്നി മുസ്ലിംകള്‍. ഇതേ എതിര്‍പ്പ് തന്നെയാണ് ജമാഅത്തുമായി കൂട്ടുകൂടുന്നവരോടും ഭൂരിപക്ഷ മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന സുന്നികള്‍ സ്വീകരിക്കുന്നത്. പാരമ്പര്യ മുസ്ലിംകളുടെ വോട്ട് വാങ്ങി വിജയിക്കുകയും എന്നാല്‍, ജമാഅത്തിന്റെയും സലഫികളുടെയും നയനിലപാടുകള്‍ പ്രവൃത്തിമണ്ഡലത്തില്‍ കൊണ്ടുവരികയും ചെയ്യുന്നതില്‍ സുന്നികള്‍ എന്നും കലഹിക്കാറുണ്ട്.
കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന പാണക്കാട് കൊടപ്പനക്കല്‍ തങ്ങള്‍ കുടുംബം പാരമ്പര്യ മുസ്ലിംകളെ പ്രതിനിധീകരിക്കുന്നവരാണ്. സുന്നി ആശയങ്ങളും ആചാരങ്ങളുമാണ് ഇവര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയും സലഫികളും പാണക്കാട് തങ്ങള്‍മാരെ പലപ്പോഴും അപഹസിക്കാറുമുണ്ട്. ഇതിനെതിരെ എപി- ഇകെ സമസ്തകളും രംഗത്തുവരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഹൈദരലി തങ്ങളുടെ വിയോഗാനന്തരം ലീഗ് അധ്യക്ഷ സ്ഥാനത്തെത്തിയ സാദിഖലി തങ്ങള്‍ ജമാഅത്ത്- സലഫി ആശയങ്ങളോട് കൂടുതലായി സമരസപ്പെടുന്നത്. സിഐസി- സമസ്ത പ്രശ്‌നത്തിന്റെ കാതല്‍ പോലും ജമാഅത്തെ ആശയങ്ങളുടെ സ്വാധീനമാണ്. സിഐസി പ്രശ്‌നത്തെ തുടര്‍ന്നാണല്ലൊ മതപണ്ഡിതനല്ലാത്ത സാദിഖലി തങ്ങളുടെ ഖാസി സ്ഥാനാരോഹണത്തെ സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയെ പോലുള്ളവര്‍ ചോദ്യം ചെയ്തത്.
ചുരുക്കത്തില്‍ പാരമ്പര്യ മുസ്ലിംകളുടെ വോട്ട് വാങ്ങി ജമാഅത്ത് പോലുള്ള ശത്രുപക്ഷത്തോട് ഒട്ടിനില്‍ക്കുന്ന ലീഗിന്റെ നിലപാടുമാറ്റത്തില്‍ മുസ്ലിം സമൂഹത്തിന് തന്നെ വലിയ പ്രതിഷേധമുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ജമാഅത്തിനോടും എസ്ഡിപിഐയോടും ലീഗ് കൂട്ടുകൂടുന്നുവെന്നും ഇപ്പോഴത്തെ അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ അതിന് വളംവെച്ച് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയത്. വിമര്‍ശിക്കുന്നവരെ മുഴുവന്‍ ഇസ്ലാമോഫോബുകളാക്കുന്ന പതിവ് ജമാഅത്ത് രീതി തന്നെയാണ് ഈ വിമര്‍ശനത്തെ നേരിടാന്‍ ലീഗ് നേതൃത്വം ഉപയോഗിക്കുന്നത് എന്നതില്‍ തന്നെയുണ്ട് അവരുടെ ജമാഅത്ത് ചായ്‌വ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here