കോടതി ഉത്തരവിനിടയില്‍ തര്‍ക്കങ്ങള്‍ തലവേദനയായി മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച

തര്‍ക്കങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ഇടയില്‍ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച ചേരും. രാവിലെ 11നാണ് സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിക്കുന്നത്. തുടര്‍ന്ന് വൈകുന്നേരം മൂന്നിന് പുതിയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ മുസ്ലിംലീഗിനെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. പിഎം.എ. സലാം, എം.കെ. മുനീര്‍ എന്നീ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.

ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ക്ക് പുറമെ, എട്ട് വൈസ് പ്രസിഡന്റുമാരും, എട്ട് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന 19 അംഗ കമ്മിറ്റിയെയാണ് സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുക്കുക. 21 അംഗ സെക്രട്ടേറിയറ്റും 75 അംഗ പ്രവര്‍ത്തക സമിതിയേയും ഇന്ന് തെരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ മൂന്ന് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ കേസില്‍ ജില്ലാ കൗണ്‍സിലുകള്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേയാണ് ഇന്ന് യോഗം ചേരുന്നത്. എല്ലാ ജില്ലാ കൗണ്‍സിലുകളും യോഗം ചേര്‍ന്നതായ മിനിട്ട്‌സുകളുടെ പിന്‍ബലത്തിലാണ് സംസ്ഥാന കൗണ്‍സില്‍ ഇന്ന് യോഗം ചേരുന്നത്. ഇതുസംബന്ധിച്ച് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കൗണ്‍സില്‍ ചേരാന്‍ നേതൃത്വം തീരുമാനിച്ചത്.

ഇതിനിടെ മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ആരായിരിക്കണമെന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പ്രമുഖ നേതാക്കളെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. പിഎംഎ സലാമിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കമെന്ന കടുംപിടുത്തത്തിലാണ് പികെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ എം.കെ മുനീര്‍ ജനറല്‍ സെക്രട്ടറി ആകണമെന്നാണ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ നേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും താല്‍പ്പര്യം.

സാധാരണനിലയില്‍ പാണക്കാട് നിന്ന് വരുന്ന തീരുമാനം സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിക്കുന്നതാണ് മുസ്ലിം ലീഗിലെ രീതി. എന്നാല്‍ പ്രമുഖ നേതാക്കള്‍ രണ്ടു ചേരിയിലായി നിന്ന് പോരടിക്കാന്‍ തുടങ്ങിയതോടെ സാദിഖലി തങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. പിഎംഎ സലാമിനെ ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കണമെന്ന കടുത്ത നിലപാടിലാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ എംകെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന താല്‍പര്യത്തിലാണ് നേതൃനിരയിലെ പ്രബലവിഭാഗം. ഇടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ്, അബ്ദുള്‍ വഹാബ്, കെഎം ഷാജി തുടങ്ങിയവരെല്ലാം മുനീര്‍ ജനറല്‍ സെക്രട്ടറിയായി വരണമെന്ന താല്‍പ്പര്യക്കാരാണ്. കെ.എം ഷാജിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം സാദിഖലി തങ്ങളെ നേരിട്ട് കണ്ടു തന്നെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയെ പിണക്കി തീരുമാനമെടുക്കാന്‍ സാദിഖലി തങ്ങള്‍ മടിക്കുന്നതാണ് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്.

ഇതേ തുടര്‍ന്നാണ് സംസ്ഥാന ഭാരിവാഹികളുമായും ജില്ലാ ഭാരവാഹികളുമായും നേരിട്ട് ആശയവിനിമയം നടത്താന്‍ സാദിഖലി തങ്ങള്‍ തയാറയത്. സംസ്ഥാന ഭാരവാഹികള്‍ കുഞ്ഞാലിക്കുട്ടിയെ പിണക്കാന്‍ മടിയുള്ളവരാണ്. എന്നാല്‍ കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലാ നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ക്കാണ് മേല്‍ക്കൈ.

യൂത്ത് ലീഗ് നേതൃത്വത്തിലെ ഒരു പ്രബലവിഭാഗം കുഞ്ഞാലിക്കുട്ടി അനുകൂലികളാണ്. അതിനാല്‍ തന്നെ പിഎംഎ സലാം ജനറല്‍ സെക്രട്ടറിയായി വരുന്നതിനോടാണ് ഇവര്‍ക്ക് താല്‍പ്പര്യം. എന്നാല്‍ പാണക്കാട് കുടുംബത്തില്‍ മുനീര്‍ ജനറല്‍ സെക്രട്ടറിയായി വരമെന്ന താല്‍പര്യക്കാര്‍ക്കാണ് ഭൂരിപക്ഷം. മുനവറലി തങ്ങള്‍ മുനീര്‍ ജനറല്‍ സെക്രട്ടറിയാകുന്നതിനെ ശക്തമായി പിന്തുണക്കുന്നുണ്ട്. അപ്പോഴും സാദിഖലി തങ്ങള്‍ എടുക്കുന്ന തീരുമാനത്തെ പാണക്കാട് കുടുംബം പരസ്യമായി ചോദ്യം ചെയ്യാന്‍ തയ്യാറാകില്ല.

ഇതിനിടെ സംസ്ഥാന കൗണ്‍സിലില്‍ നിലവിലുള്ള മേല്‍ക്കൈ ഉപയോഗിച്ച് പിഎംഎ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കാനും കുഞ്ഞാലിക്കുട്ടി പക്ഷം കരുക്കള്‍ നീക്കുന്നുണ്ട്. സാദിഖലി തങ്ങള്‍ സ്വന്തം നിലയില്‍ ഒരു നിലപാട് പറഞ്ഞില്ലെങ്കില്‍ ഭാരവാഹികളെ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കട്ടെ എന്ന തീരുമാനവും ഉണ്ടായേക്കാം. ഇതിനിടെ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ നേതൃതലത്തില്‍ ധാരണയായില്ലെങ്കില്‍ സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര്‍ ഉയര്‍ത്തിക്കൊണ്ടു വരാനും ശ്രമമുണ്ടെന്ന് സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News