ഏകീകൃത സിവിൽകോഡിനെതിരെ അടിയന്തര യോഗം വിളിച്ച് ആൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്. ഏകീകൃത സിവിൽകോഡിനെ പൂർണമായും എതിർക്കുമെന്ന് ബോർഡ് അറിയിച്ചു. നിയമ കമ്മിഷനുമുന്നിൽ ബോർഡിന്റെ നിലപാട് അറിയിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിനു പിന്നാലെയാണ് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ഓൺലൈനായി നിർവാഹക സമിതി യോഗം ചേർന്നത്.
Also Read: അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്നിരുന്ന കുട്ടിയാന ചരിഞ്ഞു
രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടിയാണ് കേന്ദ്ര സർക്കാർ ഏക സിവിൽകോഡ് നടപ്പാക്കുന്നതെന്ന് പേഴ്‌സനൽ ബോർഡ് അധ്യക്ഷൻ ഖാലിദ് സൈഫുല്ല റഹ്മാനി ആരോപിച്ചു. 2024 ലോക്സഭ ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് വിഷയം ഉയർത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ കുടുംബനിയമങ്ങളിൽ ഇടപെടുന്നതിൽനിന്ന് ഭരണഘടനയുടെ 371(എ), 371(ജി) വകുപ്പുകൾ പാർലമെന്റിനെ വിലക്കിയിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Also Read: ആർ കെ അറോറ അറസ്റ്റിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുസ്‌ലിം നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഏക സിവിൽ കോഡ് അനാവശ്യവും അപ്രായോഗികവും ബഹുസ്വരമായ രാഷ്ട്രത്തിന് തീർത്തും ഹാനികരവുമാണെന്ന് യോഗത്തിനുശേഷം ബോർഡ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. അനാവശ്യമായ കാര്യത്തിനുവേണ്ടി രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കുകയും സമൂഹത്തിൽ കുഴപ്പങ്ങൾ വിളിച്ചുവരുത്തരുതെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ഭരണഘടനയും സുപ്രിംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചൊവ്വാഴ്ച ഭോപ്പാലിൽ നടന്ന ബിജെപി പരിപാടിയില്‍ നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ടു നിയമവുമായി രാജ്യം എങ്ങനെ മുന്നോട്ടുപോകുമെന്നായിരുന്നു മോദിയുടെ ചോദ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here