2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ അടക്കമുള്ളവര്‍ക്കെതിരെ പ്രത്യേക എംപി- എംഎല്‍എ കോടതി വെള്ളിയാഴ്ച കുറ്റം ചുമത്തി. യുപി മുന്‍ മന്ത്രി സുരേഷ് റാണ തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തി. സമാജ്‌വാദി പാര്‍ട്ടി എംപി ഹരേന്ദര്‍ മാലിക്കിനെതിരെയും കുറ്റം ചുമത്തി.
പ്രത്യേക എംപി- എംഎല്‍എ കോടതി ജഡ്ജി ദേവേന്ദര്‍ സിംഗ് ഫൗസ്ദര്‍ ആണ് 19 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. വിഎച്ച്പി നേതാവ് സാധ്വി പ്രാചി, മുന്‍ ബിജെപി എംപി ഭരതേന്ദു സിംഗ്, വിവാദ പുരോഹിതന്‍ യതി നരസിംഹാനന്ദ്, മുന്‍ ബിജെപി എംഎല്‍എമാരായ അശോക് കന്‍സാല്‍, ഉമേഷ് മാലിക്, യുപി മുന്‍ മന്ത്രി അശോക് കഠാരി എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചതിനും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വാദത്തിനിടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.
സെക്ഷന്‍ 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക), 188 (പൊതുപ്രവര്‍ത്തകന്‍ യഥാവിധി പുറപ്പെടുവിച്ച ഉത്തരവിനോട് അനുസരണക്കേട് കാണിക്കുക), 341 (ആരെയെങ്കിലും അനധികൃതമായി തടയുക), 353 (പൊതുപ്രവര്‍ത്തകനെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയത്. അടുത്ത വാദം ജനുവരി 30ന് നടക്കുമെന്ന് പ്രോസിക്യൂഷന്‍ ഓഫീസര്‍ നിരജ് സിംഗ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here