മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയായി കേരളത്തെ നിലനിർത്തിക്കൊണ്ട് മാത്രമേ കേരളത്തെ തകർക്കാനുള്ള ബി ജെ പി യുടെ ഹീന ശ്രമങ്ങളെ പ്രതിരോധിക്കാനാകൂ എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ നെടുമങ്ങാട് ഏര്യാ കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച വജ്ര ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ എസ്എസിന്റെ ആഭ്യന്തര ശത്രുക്കൾ കൂടുതലുള്ള നാട് കേരളമായതിനാലാണ് ഇതിനെ ഇല്ലാതാക്കാൻ ബി ജെ പി കോടികൾ ഇറക്കുന്നതെന്നും, ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിലേക്കാണ് ബി ജെ പി യുടെ എല്ലാ പ്രവർത്തനങ്ങളും ചെന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: രണ്ടാം വന്ദേ ഭാരത് കേരളത്തിലെത്തി
‘ഹിന്ദുത്വ അജണ്ടയിലേക്ക് നീങ്ങുന്നതിനുള്ള കൈവഴിയാണ് ഏക സിവിൽ കോഡ്. ഹിന്ദു എന്നതിൻ്റെ വിപരീതമായി മുസ്ളീമിനെ മാറ്റാനാണ് ബി ജെ പി ശ്രമം. ഗുജറാത്തിലേതു പോലെ ആധിപത്യം നേടുന്നതിന് ആസൂത്രിതമായി സംഘടിപ്പിച്ച വംശഹത്യയാണ് മണിപ്പൂരിലേത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ല മുൻകരുതൽ വേണം. യുക്തിബോധവും ശാസ്ത്ര ബോധവും നേടിക്കൊണ്ട് മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ. ഇന്നത്തെ ഇന്ത്യൻ സമൂഹം ഒരു ഫ്യൂഡൽ ജീർണതയിലാണ്. ഒറ്റപ്പെട്ട നിലയിൽ കേരളത്തിലും ഇത് ഇന്നും നിലനിൽക്കുന്നു. മന്ത്രിക്കുണ്ടായ അനുഭവം ഇത് വെളിപ്പെടുത്തുന്നു. ആളെപ്പറ്റിക്കാനുള്ള മോദി സർക്കാരിൻ്റെ അവസാനത്തെ അടവാണ് വനിതാ സംവരണ ബിൽ. സ്ത്രീ സംവരണത്തിൽ എക്കാലവും നിഷേധാത്മക നിലപാട് സ്വീകരിച്ചവരാണ് ബി ജെ പി. 2024 ലെ തെരഞ്ഞെടുപ്പിൽ വോട്ട് നേടുന്നതിന് മാത്രമാണ് തിടുക്കത്തിൽ ഈ ബിൽ കൊണ്ടുവരുന്നത്. ഭരണഘടനയുടെ അനുച്ഛേദം 1 ൽ രേഖപ്പെടുത്തിയിട്ടുള്ള ഇന്ത്യ എന്ന പേര് മാറ്റാൻ ബി ജെ പിക്ക് അവകാശമില്ല. ഇന്ത്യ എന്ന പേര് മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് 2015ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ മോദി സർക്കാരാണ് പേരുമാറ്റാൻ വീണ്ടും ശ്രമം നടത്തുന്നത്’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
‘അതിശക്തമായ ഒരു പ്രതിപക്ഷ നിര രാജ്യത്ത് ഉയർന്നു വന്നിട്ടുണ്ട്. ബി ജെ പി വിരുദ്ധ വോട്ടുകൾ ഛിന്നഭിന്നമാകുന്നതുകൊണ്ട് മാത്രമാണ് 37 ശതമാനം വോട്ടു മാത്രമുള്ള അവർക്ക് അധികാരത്തിൽ വരാനാകുന്നത്. ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതാണ് സി പി എമ്മിൻ്റെ ലക്ഷ്യം. അതിനു വേണ്ടി നടത്തുന്ന ചെറുതും വലുതുമായ എല്ലാ ശ്രമങ്ങളുടെ പിന്നിലും സി പി എം ഉണ്ട്. കോൺഗ്രസിന് മൃദു ഹിന്ദുത്വ സമീപനമാണ്. അവരുടെ ഒന്നാമത്തെ ശത്രു സി പി എം എന്നാണവർ പറയുന്നത്. ബി ജെ പിയും ഇത് തന്നെയാണ് പറയുന്നത്. കേരളത്തിൽ ഒരിടത്തും നിലവിലെ സാഹചര്യത്തിൽ ബി ജെ പിക്ക് ജയിക്കാനാകില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്വ.വി. ജോയി എം എൽ എ ഇ.പത്മനാഭൻ്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ അധ്യക്ഷനായി. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ, ട്രഷറർ വി.കെ.ഷീജ, വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ, സംസ്ഥാന സെക്രട്ടറി പി.സുരേഷ്, ഹാബിറ്റാറ്റ് ചെയർമാൻ പത്മശ്രീ.ജി.ശങ്കർ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ജെ.എസ്.ഷിജുഖാൻ, യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ വി.കെ.ഉദയൻ, കെ.പി.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എ.ബിജുരാജ്, പനവൂർ നാസർ, പി.ആർ.ആശാലത, ജി.ശ്രീകുമാർ, കെ.എം.സക്കീർ തുടങ്ങിയവർ സംസാരിച്ചു. വജ്രജൂബിലി മന്ദിരത്തിൽ ജില്ലാ പ്രസിഡൻ്റ് എം.സുരേഷ്ബാബു പതാക ഉയർത്തി. ഏര്യാ സെക്രട്ടറി ടി.സജി നന്ദി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here