വ്യാജ വാര്‍ത്തകള്‍ ചമച്ച വലതുപക്ഷ മാധ്യമങ്ങള്‍ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതിലൂടെ ലക്ഷ്യമിട്ടത് നാടിനെ തകര്‍ക്കുക എന്നതാണ്. കേന്ദ്ര സഹായം ലഭിക്കരുത് എന്നതും വ്യാജ വാര്‍ത്തയിലൂടെ ചില മാധ്യമങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ മനസാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.
വയനാട് ദുരന്തം ഉണ്ടാക്കിയ മാനസിക വേദന ഇതുവരെ മാറിയിട്ടില്ല. ലോകം മുഴുവന്‍ ദുരന്തത്തില്‍ നടുങ്ങി പോയി. വയനാട്ടില്‍ മനുഷ്യ സ്‌നേഹത്തിന്റെ ഇടപെടല്‍ എന്തായിരുന്നു എന്നത് ലോകം കണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമാണ് സഹായം എത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സംവിധാനവും കൂട്ടിയോജിപ്പിച്ച് കുറ്റമറ്റ രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി. ഈ ഘട്ടത്തില്‍ ആണ് ഒരു മാധ്യമം ഒരു വ്യാജ വാര്‍ത്ത ചെയ്തത്, മറ്റ് ദൃശ്യമാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ചു. ഒറ്റ ദിവസം കൊണ്ട് വാര്‍ത്ത പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം എന്ന് കാണിച്ച് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ് ഇറക്കി. എന്നിട്ടും ഈ പ്രചാരണം തുടര്‍ന്നു. കണക്കുകള്‍ പെരിപ്പിച്ച് കാണിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളം പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പ്രചാരണം. ഒരു കൈയബദ്ധം പറ്റിയതല്ല, കൃത്യമായ ലക്ഷ്യം വെച്ചായിരുന്നു വലതുപക്ഷ മാധ്യമാങ്ങളുടെ വ്യാജ പ്രചാരണം. കേരളത്തെ അവഹേളിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കേന്ദ്ര സഹായം ലഭിക്കരുത് എന്നതായിരുന്നു വ്യാജ വാര്‍ത്തയുടെ പിന്നിലെ ലക്ഷ്യം. തെറ്റായ വാര്‍ത്ത നല്‍കുമ്പോള്‍ ബന്ധപ്പെട്ടവരോട് ചോദിക്കാന്‍ പോലും ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. നാടിന് സഹായം ലഭിക്കരുത് എന്നതാണ് പ്രതിപക്ഷ നിലപാട്. കൃത്യമായ മാനദണ്ഡം പാലിച്ചാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്. ചുരുങ്ങിയ സഹായം മാത്രമാണ് അതുപ്രകാരം ലഭിക്കുക. അതിലും എത്രയോ ഇരട്ടിയാണ് വയനാടിനെ പുനര്‍നിമ്മിക്കാന്‍ വേണ്ടി വരിക. ആദ്യമായല്ല മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുന്നത്, തുടര്‍ച്ചയായും ഇതാണ് ഉണ്ടാകുന്നത്. CMDRF ഇല്ലാതായാല്‍ സാധാരണക്കാരുടെ ചികിത്സാ ചിലവ് പോലും മുടങ്ങും. വ്യാജ വാര്‍ത്തകളില്‍ നിന്ന് അത് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ പിന്മാറണം- ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
ALSO READ:ഷിരൂരിൽ കണ്ടെത്തിയ ലോറിക്കുള്ളിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി
സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കം ഇപ്പോഴും തുടരുന്നു. വിദഗ്ധരെ ഒഴിവാക്കിയാണ് വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ നിയമിക്കുന്നത്. ഇതിനെതിരായി അക്കാഡമിക് രംഗത്തുള്ളവരും പൊതുസമൂഹവും രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി വി അന്‍വര്‍ ചില പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നിലും പാര്‍ട്ടിക്ക് മുന്നിലും ഉന്നയിച്ചു. നിലവില്‍ അതില്‍ അന്വേഷണം നടന്നുവരികയാണ്. പാര്‍ട്ടിയും ഇക്കാര്യം പരിശോധിച്ചു വരികയാണ്. എന്നാല്‍ നിരന്തരമായ പ്രസ്താവനകള്‍ അന്‍വറിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത്തരം പ്രസ്താവനകള്‍ ഇടതുപക്ഷ വിരുദ്ധരെയാണ് സഹായിക്കുന്നത്. ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ അന്‍വര്‍ ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം പ്രസ്താവനകളില്‍ നിന്ന് അന്‍വര്‍ പിന്മാറണം. വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പ്രസ്താവനകള്‍ ഉണ്ടാകുന്നത്. ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കഴിയണം. അന്‍വര്‍ തന്നെ നിരന്തരം പറയുന്നത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇകഴ്ത്താന്‍ തയ്യാറല്ല എന്നാണ്. എല്ലാ കാര്യങ്ങളിലും ആവശ്യമായ പരിശോധന സര്‍ക്കാരിലും പാര്‍ട്ടിയിലും നടത്തും. ഔദ്യോഗികമായി സര്‍ക്കാര്‍ തന്നെ കാര്യം പരിശോധിക്കുന്നുണ്ട്. അന്‍വറിന്റെ ആരോപണങ്ങളില്‍ ഗൗരവമുള്ളത് ഗൗരവമുള്ളതുപോലെ ചര്‍ച്ച ചെയ്യും- ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here