സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും പാർട്ടി മുൻ ഡൽഹി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെഎം തിവാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ട്രേഡ് യൂണിയൻ നേതാവായി സിപിഐഎമ്മിന്‍റെ നേതൃസ്ഥാനത്തേയ്‌ക്ക് ഉയർന്നുവന്ന സഖാവായിരുന്നു അദ്ദേഹം. ഗാസിയാബാദിലെ വ്യവസായമേഖലയിൽ സിഐടിയു നേതൃത്വത്തിൽ എണ്ണമറ്റ തൊഴിലാളി സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയതായും ഗോവിന്ദൻ മാസ്റ്റർ സ്മരിച്ചു.
തൊഴിലാളി സമരങ്ങളുടെ ഭാഗമായി മൂന്ന് മാസത്തിലധികം അദ്ദേഹത്തിന് ജയിൽവാസമനുഭവിക്കേണ്ടി വന്നു. മാസങ്ങളോളം ഒളിവു ജീവിതവും നയിച്ചു. സഖാവ് കെഎം തിവാരിയുടെ വിയോഗത്തിൽ ഡൽഹിയിലെ പാർട്ടി സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നതായും അദ്ദേഹം അറിയിച്ചു.
അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു എഴുപതുകാരനായ തിവാരി അന്തരിച്ചത്. 1977ൽ പാർട്ടിയിലെത്തിയ തിവാരി 1988 ൽ സിപിഐഎം ദില്ലി സംസ്ഥാന കമ്മിറ്റിയിലേക്കും 1991 ൽ സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2018 ൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായി. മൂന്ന് തവണ ദില്ലി സ്റ്റേറ്റ് സെക്രട്ടറിയായി. നാളെ ദില്ലിയിലെ സുർജിത് ഭവനിലെ പൊതു ദർശനത്തിന് ശേഷം നിഗംബോദ് ഖട്ടിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here