ഇന്ത്യൻ റിപ്പബ്ലിക്കും, ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിദ്ധാരണ തിരുത്താൻ പാർട്ടി ശ്രമിക്കും. “ജനവിശ്വാസം ആർജിച്ച് മുന്നോട്ട്” എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ വന്ന ലേഖനത്തിലാണ് ഗോവിന്ദൻ മാസ്റ്റർ നയം വ്യക്തമാക്കിയത്.
Also read:കളിയിക്കാവിള കൊലപാതകം; കൂട്ടുപ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്
ദേശാഭിമാനിയിൽ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിയും, ഭാവിയിൽ സ്വീകരിക്കേണ്ട തിരുത്തൽ നടപടികളെ കുറിച്ചും വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്നതിൽ സിപിഐഎം ഉൾപ്പെടെയുള്ള മതനിരപേക്ഷ കൂട്ടായ്മ നടത്തിയ ശ്രമം, ഒരു പരിധിവരെ വിജയിച്ചു.
ഓരോ സംസ്ഥാനത്തെ സാഹചര്യം നോക്കി ബിജെപിയുടെ സീറ്റ് പരമാവധി കുറയ്ക്കുക എന്ന അടവുനയം സ്വീകരിച്ചാണ് സിപിഐഎം ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബിജെപി വിരുദ്ധ വികാരം അനുകൂലമാക്കാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചു. തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ഉണ്ടായിരുന്നത് എന്ന് സമ്മതിക്കുന്നതിൽ ഒരു വൈമുഖ്യവും പാർട്ടിക്കില്ല. കടുത്ത സാമ്പത്തിക പരാധീനകൾക്കിടയിലും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയതിനാൽ ജയിക്കും എന്ന് പ്രതീക്ഷയാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. എന്നാൽ അത് ഉണ്ടായില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
Also read:‘ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല എന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം’: അമര്‍ത്യ സെന്‍
തൃശൂരിൽ ബിജെപി ജയിക്കുമെന്ന് ഒരു വേളയിൽ പോലും കരുതിയില്ല. സംസ്ഥാനത്ത് മൊത്തം പരാജയത്തേക്കാൾ അപകടകരമാണ് തൃശൂരിലെ ബിജെപിയുടെ വിജയം. 9.92% ശതമാനം വോട്ടാണ് കോൺഗ്രസിന് തൃശൂരിൽ ചോർന്നത്. ഇത് കൃത്യമായി ബിജെപിക്ക് ലഭിക്കുക മാത്രമല്ല, കോൺഗ്രസിന് പിന്നിൽ അണിനിരന്ന ക്രിസ്ത്യൻ ജനവിഭാഗം ബിജെപിക്ക് അനുകൂലമായി നീങ്ങിയതാണ് സുരേഷ് ഗോപിയുടെ വിജയത്തിൽ കലാശിച്ചത്.
ഇസ്ലാം രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐ യും മുസ്ലിംലീഗും യുഡിഎഫും ഒരു മുന്നണിയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. മതം, ജാതി, സ്വത്വവാദ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനെയും ബിജെപിയും ഒരുപോലെ സഹായിച്ചു. തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം നേടി തിരിച്ചുവരിക എന്നതാണ് സിപിഐഎമ്മിന്റെ തീരുമാനമെന്നും എഴുതിയാണ് ഗോവിന്ദൻ മാസ്റ്റർ തന്റെ ലേഖനം അവസാനിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here