ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അപകടമുണ്ടായി 72ാം ദിവസമാണ് അര്‍ജുന്റെ മൃതദേഹവും അപകടത്തില്‍പ്പെട്ട ലോറിയും കണ്ടെടുക്കാനായത്. അര്‍ജുന് വേണ്ടി കേരളം കാത്തിരുന്നെങ്കിലും വിഫലമായി.
നമ്മുടെ നാടിന്റെ സഹജീവി സ്‌നേഹമാണ് അര്‍ജുനെ കണ്ടെത്തണമെന്ന ഒറ്റ നിര്‍ബന്ധത്തില്‍ കേരളം നിന്നത്. രക്ഷാപ്രവര്‍ത്തനം ശക്തമായി തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിരവധി തവണ കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകളെ സമീപിച്ചു. മന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. അര്‍ജുന് വേണ്ടി തെരച്ചില്‍ നടത്തിയ ഔദ്യോഗിക സംവിധാനങ്ങളെയും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും സഹോദരതുല്യ സ്നേഹത്തോടെ നിന്ന ലോറിയുടമ മനാഫിനെയും അഭിവാദ്യമറിയിക്കുന്നു. അര്‍ജുനെ നഷ്ടമായ വേദനയില്‍ കഴിയുന്ന മാതാപിതാക്കളുടെയും ഭാര്യയുടെയും കുഞ്ഞിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു- എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here