പിവി അൻവർ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്നും അൻവറിന്‍റേത് അറു പിന്തിരിപ്പൻ നയങ്ങളാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. അൻവർ നേരത്തെ തന്നെ യുഡിഎഫിന്‍റെ ഭാഗമായിരുന്നുവെന്നും ഒടുവിൽ അവിടെ ചെന്നേ ചേരൂ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആർജെഡിയുടെ രണ്ടാം കക്ഷി പരാമർശത്തിൽ ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പിവി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജി വെക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 9 മണിക്ക് അൻവർ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്നാണ് അഭ്യൂഹം. അതിന് ശേഷം നിർണ്ണായക തീരുമാനം അറിയിക്കാൻ 9.30 ന് വാർത്താ സമ്മേളനവും വിളിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന.
എൻഎം വിജയന്‍റെ മരണത്തിൽ വയനാട് ഡിസിസി നേതൃത്വത്തിന് ഉൾപ്പെടെ പങ്കുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോൺഗ്രസിന് പ്രാദേശിക നേതൃത്വത്തിനെതിരെ ക്രിയാത്മകമായ നിലപാട് എടുക്കാൻ കഴിയുന്നില്ല. പകരം കൊലപാകത്തിന് ഉത്തരവാദികൾ ആയവരെ സംരക്ഷിക്കുകയാണ്. അറസ്റ്റുണ്ടാകില്ലെന്ന ഉറപ്പിന് ശേഷമാണ് ഐസി ബാലകൃഷ്ണൻ അണ്ടർ ഗ്രൗണ്ടിൽ നിന്ന് വീഡിയോ ഇട്ടതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോൺഗ്രസ് നേതൃത്വം മരിച്ചു പോയ എൻഎം വിജയന്‍റെ കുടുംബത്തെ അവഹേളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here