‘മുഖ്യമന്ത്രിയെ വര്‍ഗീയവാദിയെന്ന് വിളിച്ചത് ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുന്നയാള്‍’; രേവന്ത് റെഡ്ഢിക്കെതിരെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വര്‍ഗീയവാദിയെന്ന് വിളിച്ചത് രേവന്ത് റെഡ്ഢിയുടെ വിവരമില്ലായ്മയാണ്. എപ്പോള്‍ ബിജെപിയില്‍ പോകണമെന്ന് ആലോചിച്ചു കാത്തിരിക്കുന്ന രേവന്ത് റെഡ്ഢിയാണ് പിണറായി വിജയനെ വര്‍ഗീയവാദിയെന്ന് വിളിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. തെലങ്കാനയില്‍ ക്രിസ്ത്യാനികള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ:വടക്കുംനാഥൻ കാണാൻ പതിനായിരങ്ങൾ നാളെ പൂരനഗരിയിലേക്ക്; തൃശൂർ പൂരം നാളെ

അതേസമയം കേരളത്തെ തകര്‍ക്കലാണ് നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ഏറ്റവും പ്രധാന ശത്രുക്കള്‍ ജീവിക്കുന്ന സ്ഥലമാണ് കേരളം. ആ കേരളത്തെ തകര്‍ക്കലാണ് നരേന്ദ്രമോദിയുടെ പുതിയ പദ്ധതി. അതിനാണ് ഇടയ്ക്കിടെ പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ത്രിപുരയ്ക്ക് ശേഷം കേരളം ആണെന്നാണ് മോദി പ്രഖ്യാപിച്ചത്. മതനിരപേക്ഷത ഉയര്‍ന്നു നില്‍ക്കുന്ന നാടാണ് കേരളം. പൂര്‍ണ്ണമായും ആയുധവകത്ക്കരിക്കപ്പെട്ട ഭരണകൂടമാണ് രാജ്യത്തുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും മോദി സര്‍ക്കാര്‍ കൈപ്പിടിയില്‍ ഒതുക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസ് നിയന്ത്രണത്തിലാക്കി. ബിജെപിയെ പരാജയപ്പെടുത്തലാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:‘കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്നവര്‍’; റഹീമിന് വേണ്ടി ഒരുമിച്ച മലയാളികളെ അഭിനന്ദിച്ച് ജി എസ് പ്രദീപ്

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ സിഎഎ റദ്ദ് ചെയ്യുമെന്ന് പറയുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് പറയുന്നില്ല. മൃദു ഹിന്ദുത്വമാണ് കോണ്‍ഗ്രസ് അജണ്ട. ഇന്ത്യ മുന്നണിയുടെ ദൗര്‍ബല്യം കോണ്‍ഗ്രസാണ്. പ്രാദേശിക കക്ഷികളാണ് ബിജെപിക്കെതിരായി പോരാടുന്നത്. നാട് ആര്‍എസ്എസിനെതിരായി പോരാടുമ്പോഴാണ് ഇടതുപക്ഷത്തിനെതിരെ പോരാടാന്‍ കെ സി വേണുഗോപാല്‍ കേരളത്തില്‍ എത്തിയത്. ബിജെപിക്ക് നേതാക്കളെ എത്തിച്ചു നല്‍കുന്ന നേതാക്കളാണ് രാഹുല്‍ ഗാന്ധിയും, കെസി വേണുഗോപാലുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തിലെ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എപ്പോള്‍ ബിജെപിയില്‍ ചേരുമെന്ന് കണ്ടറിയാം. കേരളത്തില്‍ 20 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്ത് പോകും. ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ ബിജെപിയുടെ കേന്ദ്രത്തിലല്ലേ മത്സരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കേരളത്തിലെ മുഴുവന്‍ യുഡിഎഫുകാരും ചേര്‍ന്ന് നിന്ന് സൈബര്‍ അക്രമം നടത്തിയാലും ആദ്യം ജയിക്കുന്നത് ശൈലജ ടീച്ചറാകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here