എ ഐ ക്യാമറയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ബുള്ളറ്റിന്റെ രണ്ട് നമ്പര്‍ പ്ലേറ്റും സ്റ്റിക്കറൊട്ടിച്ച് മറച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. എറണാകുളം കാക്കനാടാണ് സംഭവം. എ ഐ ക്യാമറയെ വെട്ടിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ച യുവാവ് ചെന്നുപെട്ടത് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നിലായിരുന്നു. ഇയാളില്‍ നിന്ന് 15,250 രൂപ പിഴ ഈടാക്കി.
പെരുമ്പാവൂര്‍ സൗത്ത് വാഴക്കുളം സ്വദേശിയായ യുവാവാണ് കുടുങ്ങിയത്. സിവില്‍ സ്റ്റേഷനിലെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ മറ്റൊരു വിഷയത്തില്‍ പിഴയടക്കാനെത്തിയതായിരുന്നു യുവാവ്. കളക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിനടുത്ത് ബുള്ളറ്റ് വെച്ച് ഇയാള്‍ അകത്തേക്ക് പോയി. ഇതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ പതിവ് ബോധവത്കരണ ക്ലാസ് കഴിഞ്ഞ് എറണാകുളം ആര്‍ ടി ഓഫീസിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ബുള്ളറ്റിന്റെ നമ്പര്‍പ്ലേറ്റ് പെട്ടു. മുന്നിലും പിന്നിലും നമ്പര്‍ കാണേണ്ടിടത്ത് സ്റ്റിക്കര്‍ ഒട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റിക്കര്‍ ഇളക്കിമാറ്റി, നമ്പര്‍ കണ്ടെത്തുകയും ഇതുവഴി ഉടമസ്ഥനെ ബന്ധപ്പെടുകയും ചെയ്തു.
Also read- കര്‍ണാടകയില്‍ 2.7 ലക്ഷം രൂപയുടെ തക്കാളി മോഷ്ടിച്ചു
യുവാവിന്റെ പിതാവിന്റെ പേരിലായിരുന്നു വാഹനം. ഇയാള്‍ മൊബൈല്‍ നമ്പര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കളക്ടറേറ്റിലുണ്ടായിരുന്ന യുവാവിനെ ഉദ്യോഗസ്ഥര്‍ അടുത്തേക്ക് വിളിച്ചുവരുത്തി. ഇയാളോട് കാരണമന്വേഷിച്ചപ്പോഴാണ് എ ഐ ക്യാമറയുടെ കണ്ണുവെട്ടിക്കാനാണ് സ്റ്റിക്കറൊട്ടിച്ചതെന്ന് യുവാവ് പറഞ്ഞു. ഇതുകൂടാതെ കണ്ണാടിയില്ലാത്തതും സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയതുമുള്‍പ്പടെ നിയമലംഘനങ്ങളും ബുള്ളറ്റിലുണ്ടായിരുന്നു. എല്ലാത്തിനുമായി 15,250 രൂപയോളം പിഴ ചുമത്തിയത്. യുവാവ് പിഴയടച്ചെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ മറ്റു നിയമലംഘനങ്ങള്‍ പരിഹരിച്ച് ബുള്ളറ്റ് ഹാജരാക്കാന്‍ ആര്‍ ടി ഒ നിര്‍ദേശം നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here