“മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ..”; സഞ്ചാരികളെ ആകർഷിച്ച് ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ

Ente Keralam Ennum Sundharam

തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകര്‍ത്തി സഞ്ചാരികളുടെ ശ്രദ്ധനേടി കേരള ടൂറിസത്തിന്റെ ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ. ‘മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ..” എന്നു തുടങ്ങുന്ന 2.24 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കായലും കടലും മലയോരങ്ങളുമടങ്ങിയ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ദൃശ്യഭംഗി ആവിഷ്കരിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വീഡിയോ ആണിത്. കേരളത്തിന്റെ ടൂറിസം വൈവിധ്യങ്ങളും പ്രധാന ഡെസ്റ്റിനേഷനുകളും തനത് കാഴ്ചകളും ചീത്രീകരിക്കുന്ന വീഡിയോ ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്.

Also Read: ‘എന്റെ കേരളം സുന്ദരം, വയനാട് അതിസുന്ദരം’ ; സഞ്ചാരികളെ സ്വാഗതം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസും, സിദ്ധിഖ് എംഎൽഎയും

ഏതു കാലാവസ്ഥയ്ക്കുമിണങ്ങിയ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന കേരളത്തിന്റെ സവിശേഷത വിളിച്ചോതി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് വീഡിയോയുള്ള ഉള്ളടക്കം. കേരളത്തിന്റെ തനത് കലകളും ആചാരങ്ങളും ആഘോഷങ്ങളും നാടന്‍ ഭക്ഷണവുമെല്ലം വീഡിയോയുടെ ഭാഗമാണ്. വയനാട് മാനന്തവാടിയില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് വീഡിയോ പുറത്തിറക്കിയത്. കേരളത്തിന്റെ മാനോഹാരിത ആസ്വദിക്കാന്‍ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് കേരള ടൂറിസത്തിന്റെ യൂ ട്യൂബ് പേജിൽ അപ്‌ലോഡ് ചെയ്തിരുക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.

”ഇതിലേറെ ചന്തമുള്ളൊരു നാടുണ്ടോ വേറെ” എന്നു ചോദിച്ച് കായല്‍ഭംഗിയിലൂടെ ശാന്തമായി ഒഴുകുന്ന ഹൗസ് ബോട്ട്, ഓളത്തിമിര്‍പ്പേറ്റി മുന്നോട്ടുപായുന്ന ചുണ്ടന്‍വള്ളങ്ങള്‍, ഗ്രാമപ്രകൃതിയിലൂടെ ചുവടുവച്ചു നീങ്ങുന്ന നാടന്‍കലാ രൂപങ്ങളിലെ മിഴിവ്, കാവുകളിലെ തെയ്യക്കോലങ്ങള്‍, തൃശ്ശൂര്‍ പൂരത്തിലെ കുടമാറ്റം, പുലികളി, കളരിപ്പയറ്റ് തുടങ്ങി കേരളനാടിന്റെ സവിശേഷതകളെല്ലം തെളിമയോടെ വീഡിയോയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

Also Read: ഒരു യാത്ര പോയാലോ വയനാടിലേക്ക്, ചുരം കയറി കോടമഞ്ഞ് നുകർന്ന് ഒരു ചായ കുടിക്കാം

അതിസുന്ദരമായ കടല്‍ത്തീരങ്ങള്‍, കുട്ടനാടിന്റെ കായല്‍സൗന്ദര്യം, ഹൈറേഞ്ചിന്റെ മോഹിപ്പിക്കുന്ന ഭംഗി, അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം, ജഡായുപ്പാറയുടെ ആകാശക്കാഴ്ച പകരുന്ന വിസ്മയം, നയനാനുഭൂതി പകരുന്ന ഉദയാസ്തമയങ്ങള്‍, വയലേലകളുടെ ഗ്രാമീണത തുടങ്ങി മലയാളനാടിന്റെ കൈയൊപ്പു പതിഞ്ഞ കാഴ്ചകളോരോന്നും ‘എന്റെ കേരളം എന്നും സുന്ദര’ത്തില്‍ കടന്നുവരുന്നു. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുന്ന കേരളനാടിന്റെ ഒത്തൊരുമയും വീഡിയോ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നൂതന ടൂറിസം പദ്ധതികളും ഉത്പന്നങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമൂഹ മാധ്യമ പ്രചാരണത്തിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരകളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് നേടാന്‍ കേരളത്തിന് സാധിച്ചിരുന്നു. വിദേശ സഞ്ചാരികളുടെ വരവിലും ക്രമാനുഗതമായ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. പുതിയ ടൂറിസം സീസണിലും ഈ പ്രവണത തുടരാനാണ് കേരള ടൂറിസം ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News