കെപിസിസി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത, പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി നേതൃത്വം. പ്രതാപചന്ദ്രന്റെ മകന്റെ പരാതിക്ക് പിന്നില്‍ നേതാക്കള്‍ നടത്തിയ ഗൂഡാലോചനയെന്ന് റിപ്പോര്‍ട്ട്. ഗൂഡാലോചനക്ക് പിന്നില്‍ സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനും കൂട്ടാളികളും. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് തെളികള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ടില്‍. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി എടുക്കാതെ കെ.പി.സി.സി നേതൃത്വം.
കെപിസിസി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന്‍ പ്രജിത് ചന്ദ്രനാണ് ആദ്യം രംഗത്തെത്തിയത്. ഇതില്‍ പോലീസ് അന്വേഷണത്തിനൊപ്പം,കെപിസിസിയും അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. മര്യാപുരം ശ്രീകുമാറും, അഡ്വ.സുബോധനും ആണ് കമ്മീഷന്‍ അംഗങ്ങള്‍. ഈ സമിതി 6 മാസത്തിന് മുന്‍പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷെ കെ.പി.സി.സി നേതൃത്വം റിപ്പോര്‍ട്ട് പൂഴ്ത്തി.
ALSO READ: സാമ്പത്തികമായി ഞെരുക്കി കേന്ദ്രസർക്കാർ; സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത് കേരളം
പ്രതാപചന്ദ്രന്റെ മകന്റെ പരാതിക്ക് പിന്നില്‍ സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനും കൂട്ടാളികളായ വിനോദ് കൃഷ്ണന്‍, ആര്‍.വി.രാജേഷ്, അജിത്ത് എന്നിവരാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയായ അജിത്ത് കെപിസിസി ഓഫീസില്‍ കെ.സുധാകരന്റെ അനുയായി എത്തി, പിന്നീട് ടിയു രാധാകുഷ്ണനൊപ്പം ചേര്‍ന്നു. ഇയാളും സിയുസി ചുമതലുള്ള പ്രമോദ് കോട്ടപ്പള്ളിയുമായി ഓഫീസില്‍ വച്ച് കൈയ്യാങ്കളി നടന്നു. തുടര്‍ന്ന് ഇരുവരെയും കെ.സുധാകരന്‍ ഓഫീസില്‍ നിന്ന് പുറത്താക്കി. ഇതില്‍ കുപിതരായ റ്റി.യു രാധാകൃഷ്ണനും അജിത്തും വിനോദ് കൃഷ്ണനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് പ്രജിത്തിന്റെ പരാതിക്ക് പിന്നിലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
Also Read: തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം; എൽഡിഎഫ് മുന്നിൽ
തുടര്‍ന്ന് ടി.യു. രാധാകൃഷ്ണന്‍, അജിത്, വിനോദ് കൃഷ്ണന്‍, ആര്‍.വി. രാജേഷ് എന്നിവര്‍ പ്രജിത്ത് ചന്ദ്രനെ സ്വാധീനിച്ചും പ്രേരിപ്പിച്ചും, നിര്‍ബന്ധിപ്പിച്ചും മനഃപൂര്‍വ്വം പരാതി സൃഷ്ടിച്ചെടുത്തെന്നും ഇത് പരാതിക്കാരന്‍ തന്നെ അന്വേഷണ കമ്മീഷന് മുന്നില്‍ സമ്മതിച്ചെന്നും പറയുന്നു.മാത്രമല്ല സിയുസി അംഗങ്ങള്‍ക്കെതിരെ യാതൊരു പരാതിയും ഇല്ലായെന്നും പ്രജിത്ത് വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. കൂടാതെ കെപസിസിയുടെ 137 ചലഞ്ചിലും, സാമ്പത്തിക ക്രയവിക്രയങ്ങളിലും നിരവധി തെളിവുകള്‍ പലരും കമ്മീഷന് മുന്‍പാകെ നല്‍കിയിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ അന്വേഷണ വിഷയം അല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത് കെപിസിസി ഓഫീസില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളാണ് പ്രശ്നങ്ങളുടെ അടിസ്ഥാനകാര്യമെന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെയാകും ഗൂഡാലോചനക്ക് പിന്നില്‍ ടി.യു.രാധാകൃഷ്ണനും കൂട്ടാളികളുമാണെന്ന് അന്വേഷണ കമ്മീഷന്‍ പറഞ്ഞിട്ടും കെപിസിസി തുടര്‍ നടപടിയിലേക്ക് കടക്കാത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here