നാഗാലാന്റിലെ 25 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് രാവിലെ വോട്ടിംഗ് ആരംഭിച്ചത്.
മൂന്ന് മുന്‍സിപ്പാലിറ്റികളിലും 22 ടൗണ്‍ കൗണ്‍സിലുകളിലുമാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായകവുമാണ്.
33 ശതമാനം വനിതാ സംവരണത്തോടെ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിതെന്ന് നാഗാലാന്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
മുമ്പ് പലതവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുമൂലം ഇത് ഒഴിവാക്കേണ്ടി വന്നിരുന്നു. വനിതകള്‍ക്ക് സംവരണം നല്‍കിയതിനെതിരെയായിരുന്നു ഗോത്രവിഭാഗങ്ങളും ചില സിവിക്ക് സൊസൈറ്റി സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയത്.
രാവിലെ 7.30ന് ആരംഭിച്ച വോട്ടിംഗ് നാലിന് അവസാനിക്കും. പതിനൊന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ 523 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇവിഎമ്മിന് പകരമായി ബാലറ്ര് പേപ്പറിലൂടെയാണ് തെരഞ്ഞെടുപ്പ്. 420 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്ന്ത്.
2.23 ലക്ഷത്തിലധികം വോട്ടര്‍മാരില്‍ 1,13,521 സ്ത്രീകളാണ്. അതേസമയം ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്റെ തീരുമാനത്തിന്റെ ഭാഗമായി ആറു ജില്ലകള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാകില്ല. പ്രത്യേകം സംസ്ഥാനം വേണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. കാലങ്ങളായി ഈ ഭാഗത്തുള്ളവരെ പരിഗണിക്കുന്നില്ലെന്ന ആരോപണമാണ് അവര്‍ ഉയര്‍ത്തുന്നത്. ഈ പ്രദേശത്ത് 14 ടൗണ്‍ കൗണ്‍സിലുകളാണ് ഉള്ളത്. 59 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ഗ്രോതവിഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലം അത് പിന്‍വലിക്കുകയായിരുന്നു.
സംസ്ഥാനത്തെ ഒരേയൊരു ലോക്‌സഭ സീറ്റിലേക്കുള്ള മത്സരത്തില്‍ നിന്നും ഈ ആറു ജില്ലകള്‍ മാറി നിന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here