ഒരു സ്ത്രീയെ പോലെ പുരുഷന് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ‘ഗര്‍ഭം ധരിച്ച പുരുഷന്‍’ എന്ന വിളികേട്ട് ഒരാള്‍ ജീവിച്ചത് 36 വര്‍ഷമാണ്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ ഭഗത് ആണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ എന്ന അവസ്ഥയിലൂടെ കടന്നുപോയത്. ഏറെ നാളുകള്‍ കഴിഞ്ഞാണ് തന്റെ അവസ്ഥയെ കുറിച്ച് ഭഗത് തന്നെ അറിയുന്നത്.
നിലവില്‍ അറുപത് വയസാണ് ഭഗതിന്. യൗവ്വന കാലത്തേക്ക് കടക്കും മുന്‍പ് ഭഗതിന്റെ വയര്‍ വീര്‍ത്തുവരാന്‍ തുടങ്ങിയിരുന്നു. ഗ്യാസിന്റെ പ്രശ്‌നങ്ങളാകും എന്നാണ് കരുതിയത്. എന്നാല്‍ പ്രായംകൂടും തോറും വയര്‍ വീര്‍ത്തുവരുന്നത് കൂടാന്‍ തുടങ്ങി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഭഗത് ആശുപത്രിയില്‍ പോയി വയര്‍ വീര്‍ത്തുവരാനുള്ള കാരണം കണ്ടെത്താനോ ചികിത്സ തേടാനോ തയ്യാറായില്ല. ഇതിനിടെ നാട്ടുകാര്‍ ഭഗതിനെ ‘ഗര്‍ഭം ധരിച്ച പുരുഷാ’ എന്ന് വിളിച്ച് തുടങ്ങി. ഒടുവില്‍ വയര്‍ കാരണം ശ്വസിക്കാന്‍ കഴിയാതെ വന്നതോടെ ഭഗത് ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.
ആദ്യ കാഴ്ചയില്‍ തന്നെ ഭഗതിന് ട്യൂമറാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ സര്‍ജറിയില്‍ ഭഗതിന്റെ വയര്‍ തുറന്ന ഡോക്ടര്‍മാര്‍ ഞെട്ടി. ആദ്യം കാലുകള്‍ പോലെ എന്തോ കണ്ടു, പിന്നാലെ മുടി, അതിന് ശേഷം കണ്ടത് ജനനേന്ദ്രിയത്തിന് സമാന ഭാഗം. ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ രൂപം വെളിപ്പെട്ടു. പിന്നീടാണ് ഭഗതിന്റെ അവസ്ഥയെക്കുറിച്ച് ഡോക്ടര്‍മാര്‍ മനസിലാക്കുന്നത്. ഭഗതിന് അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഫീറ്റസ് ഇന്‍ ഫീറ്റു ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇരട്ട കുട്ടികളില്‍ ഒരാള്‍ മറ്റൊന്നിന്റെ അകത്ത് വളരുന്ന അവസ്ഥയാണ് ഫീറ്റസ് ഇന്‍ ഫീറ്റു. ഭഗതിന്റെ കേസില്‍ ഇരട്ട അദ്ദേഹത്തിന്റെ ഉള്ളിലാണ് ഉണ്ടായിരുന്നത്.
അദ്ദേഹം വളരുന്നതിന് അനുസരിച്ച് ഭ്രൂണവും വളരുകയായിരുന്നു. സര്‍ജറിയിലൂടെ നീക്കം ചെയ്തതോടെ ആ ഭ്രൂണത്തിന് നിലനില്‍പ്പില്ലാതെയായി. ശസ്ത്രക്രിയക്ക് ശേഷം ഭഗത് സാധാരണ ജീവിതത്തിലേക്ക് കടന്നു. ‘പ്രഗ്നന്റ് മാന്‍’ എന്ന വിളിയും ഇല്ലാതായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here