‘സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്‌തെന്ന് ബെന്യാമിന്‍, ആ സീൻ ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി’, ആടുമായുള്ള ലൈംഗിക ബന്ധത്തിലെ വസ്തുതകൾ വെളിപ്പെടുത്തി നജീബ്

ആടുജീവിതം നോവലിലെ ഏറ്റവും കാതലായ ഒരു ഭാഗമായിരുന്നു ആടുമായി നജീബിന്റെ കഥാപാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. സിനിമയിൽ എന്തുകൊണ്ട് ഇത് ഉൾപ്പെടുത്തിയില്ല എന്ന ചർച്ചകൾ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും ഉടലെടുത്തിരുന്നു. നോവലിലെ ചില ഭാഗങ്ങള്‍ വേണ്ടെന്ന് തിരക്കഥ എഴുതുമ്പോള്‍ തീരുമാനിച്ചുവെന്നും, ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം സെന്‍സര്‍ ബോര്‍ഡ് വെട്ടിക്കളഞ്ഞുവെന്നുമായിരുന്നു സംഭവത്തിൽ ബെന്യാമിന്‍ നല്‍കിയ വിശദീകരണം.

‘നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും. ഇതില്‍ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന സീന്‍ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു. അതുകൊണ്ട് ആ ഭാഗം സ്‌ക്രിപ്റ്റില്‍ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങള്‍ ഒഴിവാക്കി.

ALSO READ: ‘റോഡുജീവിതം’, നിങ്ങൾക് സംഭവിക്കാത്ത അപകടങ്ങൾ നിങ്ങൾക്ക് വെറും കെട്ടുകഥകളായി തോന്നിയേക്കാം

മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അത് ഞങ്ങള്‍ ഷൂട്ട് ചെയ്തതുമാണ്. പക്ഷേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൊടുത്തപ്പോള്‍ ആ സീന്‍ ഉണ്ടെങ്കില്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമെന്ന് പറഞ്ഞു. ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാന്‍ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ആ ഭാഗം. പക്ഷേ അക്കാര്യം സെന്‍സര്‍ ബോര്‍ഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവര്‍ അത് വെട്ടിക്കളയാന്‍ പറഞ്ഞത്,’ എന്നായിരുന്നു സംഭവത്തിൽ ബെന്യാമിന്റെ മറുപടി.

എന്നാല്‍ ബെന്യാമിന്റെ മറുപടിയിൽ നിന്നും വ്യത്യസ്തമായ മറ്റൊരു കാര്യമാണ് സംവിധായകൻ ബ്ലെസി പറഞ്ഞത്. നോവലിന്റെ ഭാഗമായി ചേര്‍ത്ത അത്തരം കാര്യങ്ങള്‍ താന്‍ സിനിമയില്‍ ഷൂട്ട് ചെയ്തിട്ടില്ലെന്നായിരുന്നു അവതാരകന്റെ ചോദ്യത്തിന് സംവിധായകന്റെ മറുപടി. അത്തരം രംഗങ്ങള്‍ക്ക് നോവലില്‍ തുടര്‍ച്ചയില്ലെന്നും തുടര്‍ച്ചയില്ലാത്ത ഒരു കാര്യം സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുമെന്നും ബ്ലെസി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതേ ചോദ്യത്തിന് നജീബ് പറഞ്ഞ മറുപടിയാണ് ചർച്ചകളിൽ ഇടം പിടിക്കുന്നത്. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ആടുകളെ തന്റെ മക്കളായിട്ടാണ് താന്‍ കണ്ടതെന്നുമാണ് നജീബ് പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നോവലിന് വേണ്ടി എഴുതിച്ചേര്‍ത്തതാണെന്നും അങ്ങനെയൊരു അവസ്ഥയില്‍ ആരെങ്കിലും ആ രീതിയില്‍ ആടുകളോടൊക്കെ പെരുമാറുമോയെന്നും നജീബ് ചോദിക്കുന്നു. അത്തരമൊരു കാര്യം നോവലില്‍ ചേര്‍ത്തതിലുള്ള വിയോജിപ്പ് അന്ന് തന്നെ ബെന്യാമിനോട് പറഞ്ഞിരുന്നെന്നും നജീബ് പ്രതികരിച്ചു.

നജീബിന്റെ മറുപടി

ALSO READ: ‘ഇ.ഡി പേടിയാണോ പരിപാടി മുക്കാന്‍ കാരണം ?’; ‘വോട്ടുജീവിതം’ സംപ്രേഷണം ചെയ്യാത്തതില്‍ മനോരമ ന്യൂസിനെ ട്രോളി സോഷ്യല്‍ മീഡിയ

അത്തരം കാര്യങ്ങളൊക്കെ ബെന്യാമിന്‍ സാര്‍ നോവലില്‍ എഴുതിയാണ്. വായനക്കാര്‍ക്ക് വേണ്ടി എഴുതിയതായിരിക്കും. ആടിനെ ഞാന്‍ എന്റെ മക്കളെപ്പോലെയാണ് കണ്ടത്. എന്റെ മക്കളാണ് ആ ആടുകളെല്ലാം. ഒരാടിനെ പ്രസവിച്ചപ്പോള്‍ അത് ആണ്‍കുട്ടിയായിരുന്നു. അതിന് ഞാന്‍ നബീല്‍ എന്ന് പേരിട്ടു. എപ്പോഴും തോളില്‍ ഇട്ടുകൊണ്ടാണ് നടന്നത്. ആടുകളെയെല്ലാം ഞാന്‍ സ്‌നേഹിച്ചു. എന്റെ വായില്‍ വരുന്ന പേരുകളൊക്കെ ഞാന്‍ വിളിക്കും.

അവിടെ നിന്നും രക്ഷപ്പെട്ട് ഓടിപ്പോകുമ്പോള്‍ എനിക്ക് വിഷമമുണ്ടായിരുന്നു. ഇത്രയും നാള്‍ നോക്കിയിട്ട് അവറ്റകളെ ഒറ്റക്കിട്ട് പോരുന്നതില്‍ വിഷമം ഉണ്ടായിരുന്നു. തീറ്റകൊടുക്കാന്‍ ആളില്ലല്ലോ എന്നൊക്കെ തോന്നിയിരുന്നു. ബെന്യാമിന്‍ നോവലില്‍ പറഞ്ഞപോലെ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. നമ്മള്‍ക്ക് അത് ചെയ്യാന്‍ പറ്റുമോ. തലയ്ക്ക് സ്ഥിരമില്ലാതിരിക്കണം അങ്ങനെ ചെയ്യണമെങ്കില്‍. നോവലിന് വേണ്ടി അദ്ദേഹം എഴുതിച്ചേര്‍ത്തതാണ് അതൊക്കെ. ആടുകളെ നൂറ് ശതമാനം ഞാന്‍ സ്‌നഹേിച്ചുവളര്‍ത്തുകയായിരുന്നു.

എല്ലാ ആട്ടിന്‍കുട്ടികളേയും മടിയില്‍ വെച്ച് വളര്‍ത്തി. പ്രസവിച്ച ആടിനെ തോളില്‍വെച്ച് കൊണ്ടുനടന്നു. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന് ഞാന്‍ ചോദിച്ചിരുന്നു. കഥയ്ക്ക് വേണ്ടി എഴുതിയതാണെന്ന് പറഞ്ഞു. നമ്മുടെ ആളുകളൊക്കെ ഇത് വായിക്കേണ്ടതല്ലേ എന്ന് ചോദിച്ചിരുന്നു. കുടുംബത്തിലുള്ളവര്‍ക്കൊക്കെ നമ്മളെ കുറിച്ച് അറിയാം. അവരോട് ഞാന്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. നോവലിനായി കൂട്ടിച്ചേര്‍ത്ത കാര്യങ്ങളൊക്കെ പറഞ്ഞു. അങ്ങനെ എഴുതിയത് എനിക്കും വിഷമമായിപ്പോയി. ഞാന്‍ ബെന്യാമിന്‍ സാറിനെ വിളിക്കുന്നുണ്ട്. എനിക്ക് അത് ചോദിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News