ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ലഹരി ഇടപാടുകളിൽ വലിയ വർധനവ്. ഈ സാഹചര്യത്തിൽ ആന്റി നര്‍ക്കോട്ടിക് ദൗത്യസംഘം രൂപവത്കരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (NBC). സംശയകരമായ ഇടപാടുകള്‍ തടയാന്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യസമയത്ത് വിവരം കൈമാറുക, തടയുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് ദൗത്യസംഘം ചെയ്യുക. ഇതോടൊപ്പം തന്നെ വർധിച്ചുവരുന്ന നാര്‍ക്കോ – ഭീകരവാദ കേസുകൾ നിരീക്ഷിക്കാന്‍ ജോയിന്റ് കോഡിനേഷന്‍ കമ്മിറ്റിക്കും (JCC) രൂപം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ ലഹരിക്കേസുകളിലും അറസ്റ്റിലായ പ്രതികളുടെ വിവരം എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുംവിധം നാഷണല്‍ ഇന്റഗ്രേറ്റഡ് ഡേറ്റാബേസ് പോര്‍ട്ടലും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ അന്തർസംസ്ഥാന ലഹരിക്കുറ്റവാളികളുടെ വിവരങ്ങള്‍ അന്വേഷണ സംഘങ്ങള്‍ക്ക് എളുപ്പത്തിൽ ലഭ്യമാകും. സെബര്‍ തട്ടിപ്പ് സംഘങ്ങള്‍ സമാഹരിക്കുന്ന പണം ഉൾപ്പെടെ ക്രിപ്റ്റോ കറന്‍സി വഴി ലഹരി വാങ്ങാന്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. സാമൂഹിക മാധ്യമങ്ങളിലൂടെ ഇടപാടുകാര്‍ ആവശ്യക്കാരെ സമീപിക്കുന്നു. പിന്നീട് ക്രിപ്‌റ്റോ കറന്‍സി വഴിയായി പണം സ്വീകരിക്കും. പിന്നാലെ വിദേശത്തുനിന്ന് കൊറിയർ വഴി ഉപഭോക്താക്കള്‍ക്ക് ലഹരി എത്തിച്ചുനല്‍കും.
സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ലഹരിസംഘങ്ങളുടെ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഇതിന്മേലുള്ള നിരീക്ഷണം ശക്തമാക്കിയത്. ഷോപ്പിങ് സൈറ്റുകള്‍പോലുള്ള ആയിരക്കണക്കിന് ലഹരിവില്‍പ്പന സൈറ്റുകളുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ഏത് ലഹരിമരുന്നും ബിറ്റ്കോയിന്‍ ഉപയോഗിച്ച് വാങ്ങാൻ കഴിയും. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി വരെ നേരിട്ട് ഇടപാടുകള്‍ നടത്താമെന്നിരിക്കേ, ഇത്തരം ലഹരിവസ്തുക്കള്‍ കൊറിയർ വഴിയാണ് എത്തിച്ചുനൽകുന്നത്.
ഡാര്‍ക്ക് വെബ്സൈറ്റുകളിലെ ഇടപാടുകാരുടെ വിശദാംശങ്ങള്‍ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. സന്ദര്‍ശിക്കുന്നവരുടെ ഇന്റര്‍നെറ്റ് വിലാസം (ഐപി അഡ്രസ്) ട്രാക്ക് ചെയ്യുന്നതും ദുഷ്‌കരമാണ്. ലഹരി വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ നേരിട്ട് ഇടപാടുകളില്ലാത്തതിനാല്‍ പിടികൂടുന്നത് വളരെ പ്രയാസമാണ്. പോളണ്ട്, നെതര്‍ലന്‍ഡ്സ്, യുഎസ്എ എന്നീ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലഹരിശൃംഖല ശക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here