ദേശീയ നേതാക്കളെ ആശ്രയിച്ച് 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനത്തിന് ബിജെപി

കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരത്തെ മറികടന്ന് അധികാരം നിലനിര്‍ത്തുക ശ്രമകരമാണെന്ന് ബിജെപി നേതൃത്വം തന്നെ തിരിച്ചറിയുന്നുണ്ട്. ജനങ്ങളുടെ അതൃപ്തിയെ മറികടക്കാന്‍ ശേഷിയുള്ള കരിസ്മയുള്ള നേതാക്കള്‍ ബിജെപിക്ക് കര്‍ണാടകയിലില്ല. തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഭൂരിപക്ഷ ധ്രുവീകരണത്തിനായി ഹിന്ദുത്വ അജണ്ടകള്‍ ഓരോന്നായി കളത്തിലിറക്കാന്‍ ബിജെപി നിര്‍ബന്ധിതരായ സാഹചര്യവും മറ്റൊന്നല്ല.

എന്നാല്‍ ബിജെപി പ്രതിക്ഷിച്ച നിലയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കളമൊരുക്കാന്‍ ഈ നീക്കങ്ങള്‍ക്കും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെയാവണം 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച ദേശീയ രാഷ്ട്രീയത്തിന്റെ വിവരണം നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷിക്കാന്‍ ബിജെപി തയ്യാറായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയുമെല്ലാം പ്രതിച്ഛായയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി നേതൃത്വം ആവിഷ്‌കരിക്കാനൊരുങ്ങുന്നത്.

Also Read: സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാലയില്‍ ഒരുങ്ങുന്നത്

ഈ വര്‍ഷം ആറുതവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ എത്തിയത്. ഇതില്‍ നരേന്ദ്ര മോദി പങ്കെടുത്ത ബംഗളൂരൂ-മൈസൂരു എക്‌സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനമെല്ലാം ഉത്സവാന്തരീക്ഷത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. മാര്‍ച്ച് മാസത്തില്‍ മാത്രം മൂന്നോളം തവണയാണ് അമിത് ഷാ കര്‍ണാടകയില്‍ എത്തിയത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനഘടകം നടത്തിയ വിജയ് സങ്കല്പ് രഥയാത്ര ഉദ്ഘാടനം ചെയ്യാനായിരുന്നു മാര്‍ച്ച് മാസം ആദ്യം അമിത് ഷാ കര്‍ണാടകയില്‍ എത്തിയത്. ഇത്തരത്തില്‍ നാല് രഥയാത്രകളാണ് കര്‍ണാടകയില്‍ സംഘടിപ്പിച്ചത്. രണ്ടുയാത്രകളുടെ ഉദ്ഘാടനമാണ് അമിത് ഷാ നിര്‍വ്വഹിച്ചത്. മറ്റുരണ്ട് യാത്രകളുടെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമാണ് നിര്‍വ്വഹിച്ചത്.

മാര്‍ച്ച് മാസം അവസാനത്തിലും അമിത് ഷാ അടുപ്പിച്ച ദിവസങ്ങളില്‍ കര്‍ണാടകയില്‍ എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ബസവേശ്വരയുടെയും കെംപെഗൗഡയുടെയും പ്രതിമകള്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു അമിത് ഷാ ബംഗളൂരുവിലെത്തിയത്. ഇതിനിടെ രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാക്കള്‍ അടക്കമുള്ള ഒരു ടീമിനെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാനായി ബിജെപി നിയോഗിച്ചിട്ടുണ്ട്. സംഘടന ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
ബിഎല്‍ സന്തോഷിന്റെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതനേതാക്കളുടെ യോഗമാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കള്‍ അടങ്ങുന്ന സംഘത്തെ നിയോഗിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നിലയില്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തി ദേശീയ കാഴ്ചപ്പാടില്‍ രൂപപ്പെടുത്തിയ പ്രചരണം ആവര്‍ത്തിക്കാനാണ് ബിജെപി നീക്കം.

Also Read: സാമുദായിക വോട്ടുകളെ ഹിന്ദുത്വ വോട്ടുകളാക്കാനുള്ള നീക്കം പാളുമ്പോള്‍

ബിജെപി ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്ന 2019ലെ പൊതുതെരഞ്ഞെടുപ്പ്

2019ലെ തെരഞ്ഞെടുപ്പില്‍ ഭരണസഖ്യമായിരുന്ന ജെഡിഎസും-കോണ്‍ഗ്രസും ഒരുമിച്ച് നിന്നിട്ടും കര്‍ണാടക ബിജെപി തൂത്തുവാരിയിരുന്നു. ആകെയുള്ള 28 സീറ്റില്‍ ഇരുപത്തിയഞ്ചിലും ബിജെപി വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച സുമലതയ്ക്കൊപ്പമായിരുന്നു വിജയം. ഓരോ സീറ്റില്‍ വീതം വിജയിക്കാനാണ് കോണ്‍ഗ്രസിനും ജെഡിഎസിനും സാധിച്ചത്. നരേന്ദ്രമോദിയുടെ പ്രതിച്ഛായയെ കൂട്ടുപിടിച്ചായിരുന്നു 2019ലെ തെരഞ്ഞെടുപ്പില്‍ 2014നെക്കാള്‍ എട്ടുസീറ്റുകള്‍ കൂടുതല്‍ നേടാന്‍ ബിജെപിക്ക് സാധിച്ചത്. 2019ല്‍ 21 സീറ്റില്‍ മത്സരിച്ചാണ് കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ചുരുങ്ങിയത്. 2014ല്‍ ഒമ്പത് മണ്ഡലങ്ങളിലായിരുന്നു കോണ്‍ഗ്രസ് വിജയം. ഇത്തവണ ഏഴുസീറ്റിലാണ് ജെ.ഡി.എസ് മത്സരിച്ചത്. 2014ല്‍ ഇവര്‍ രണ്ടുമണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു.

2019ല്‍ കോണ്‍ഗ്രസും-ജെഡിഎസും സഖ്യത്തില്‍ മത്സരിച്ചിട്ടും ഇരുപാര്‍ട്ടികളുടെയും ശക്തികേന്ദ്രങ്ങളില്‍ വരെ ബിജെപി അട്ടിമറി വിജയം നേടിയിരുന്നു. ശക്തിയനുസരിച്ച് ഒരുമിച്ച് നിന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് എളുപ്പത്തില്‍ ജയിച്ചു കയറാവുന്ന പത്തിലേറെ മണ്ഡലങ്ങള്‍ തെക്കന്‍ കര്‍ണാടകയില്‍ മാത്രമുണ്ടായിരുന്നു. എന്നാല്‍ ഹസനിലും ബാംഗ്ലൂര്‍ റൂറലിലും മാത്രമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയിക്കാന്‍ സാധിച്ചത്. 2014ല്‍ ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ച വോട്ടുകള്‍ തന്നെ കൃത്യമായി ഇത്തവണ സഖ്യസ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ തെക്കന്‍ കര്‍ണാടകത്തിലെ എട്ടുസീറ്റില്‍ കൂടി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയിക്കാന്‍ കഴിയുമായിരുന്നു.

Also Read: ജാതി സമവാക്യങ്ങള്‍ക്ക് പുറത്ത് തെരഞ്ഞെടുപ്പ് അജണ്ടകള്‍ നിശ്ചയിക്കാനാവാതെ ബിജെപിയും പ്രതിപക്ഷവും

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഒരുലക്ഷത്തിലേറെ വോട്ടിന് വിജയിച്ച ചിത്രദുര്‍ഗ്ഗയില്‍ 2014ല്‍ ജെഡിഎസിനും കോണ്‍ഗ്രസിനുമായി ആറ്ലക്ഷത്തിലേറെ വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ 2019ല്‍ ഇവിടെ മുക്കാല്‍ ലക്ഷത്തോളം വോട്ടിന് ബി.ജെ.പിയാണ് വിജയിച്ചത്. ചാമരാജ്നഗര്‍, ദാവന്‍ഗരെ, കോലാര്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 2014ലെ വോട്ടുകള്‍ സമാഹരിക്കാന്‍ 2019ല്‍ സാധിച്ചിരുന്നെങ്കില്‍ വിജയം സുനിശ്ചിതമായിരുന്നു. 2014ല്‍ കോണ്‍ഗ്രസ് ഒന്നാമതും ജെഡിഎസ്. രണ്ടാമതും വന്ന മണ്ഡലമായിരുന്നു കോലാര്‍. ഇവിടെ 2019ല്‍ ബിജെപി വിജയിച്ചിരിക്കുന്നത് രണ്ടുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ദേവഗൗഡയുടെ പൗത്രന്‍ പ്രജ്വല്‍ രേവണ്ണ വിജയിച്ച ഹാസനാണ് 2019ല്‍ ജെഡിഎസ് വിജയിച്ച ഏകമണ്ഡലം. 2014ല്‍ ജെഡിഎസിനും കോണ്‍ഗ്രസിനും കൂടി ഒമ്പത് ലക്ഷത്തിലേറെ വോട്ടാണ് ഇവിടെ ഉണ്ടായിരുന്നത്. 2014ല്‍ രണ്ടാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസിലെ എ.മഞ്ജുവാണ് 2019ല്‍ ബിജെപിക്കായി ഇവിടെ മത്സരത്തിനിറങ്ങിയത്. ജെഡിഎസും കോണ്‍ഗ്രസും ഒരുമിച്ചിട്ടും 6,76,606 വോട്ടു മാത്രമാണ് പ്രജ്വലിന് നേടാന്‍ സാധിച്ചത്. ബിജെപിക്കായി മത്സരിച്ച എ.മഞ്ജു 5,35,282 വോട്ടുമായി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. 2014ല്‍ കോണ്‍ഗ്രസ് 2,31,480 ഭൂരിപക്ഷത്തിന് വിജയിച്ച ബാംഗ്ലൂര്‍ റൂറലിലെ ഭൂരിപക്ഷം 2,06,870 ആയി നിലനിര്‍ത്താന്‍ കഴിഞ്ഞത് മാത്രമാണ് കോണ്‍ഗ്രസിന് 2019ല്‍ അവകാശപ്പെടാന്‍ കഴിഞ്ഞിരുന്ന ഏകനേട്ടം. 2019ല്‍ രാഹുല്‍ ഗാന്ധി ഈ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ദയനീയ പരാജയം ഒഴിവാക്കാമായിരുന്നവെന്ന് അന്നേ വിശകലനങ്ങള്‍ ഉണ്ടായിരുന്നു. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധി മത്സരിക്കുന്നുവെങ്കില്‍ ഏറ്റവും സുരക്ഷിതമണ്ഡലങ്ങളില്‍ ഒന്നായി കണ്ടുവച്ചിരുന്നത് ബാംഗ്ലൂര്‍ റൂറലായിരുന്നു. എന്നാല്‍ കേരളത്തിലെ നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ രാഹുല്‍ ഗാന്ധി വയനാട് തെരഞ്ഞെടുക്കുകയായിരുന്നു.

അതിദയനീയമായിരുന്നു 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പ്രകടനം. ഇതുവരെ ജില്ലാ പഞ്ചായത്തിലേയ്ക്ക് പോലും വിജയിക്കാന്‍ സാധിക്കാതിരുന്ന മാണ്ഡ്യയില്‍ ബിജെപി പിന്തുണച്ചത് സുമതലതയെ ആയിരുന്നു. അതിനാല്‍ തന്നെ സുമതലതയുടെ വിജയം ബിജെപി ആഘോഷിച്ചിരുന്നു. 2014ല്‍ കോണ്‍ഗ്രസും-ജെഡിഎസും പരസ്പരം മത്സരിച്ചപ്പോള്‍ പോലും ഇരുകൂട്ടരും ചേര്‍ന്ന് പത്തുലക്ഷത്തിലേറെ വോട്ടുപിടിച്ച മണ്ഡലമാണ് മാണ്ഡ്യ. എന്നാല്‍ 2018ല്‍ സഖ്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്ക് 2014നെക്കാള്‍ അമ്പതിനായിരം വോട്ട് മാത്രമാണ് കൂടുതല്‍ നേടാന്‍ സാധിച്ചത്. തുംകൂറിലെ ദേവഗൗഡയുടെ പരാജയവും ജെഡിഎസിന് ക്ഷീണമായി. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് മണ്ഡലമായിരുന്ന തുംകൂരില്‍ 13,339 വോട്ടിനായിരുന്നു. 2014ല്‍ 74,041 വോട്ടിനായിരുന്നു ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

Also Read: വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പോരാട്ടഭൂമികയായി ബാഗെപള്ളി

കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി മത്സരിച്ച ചിക്ബെല്ലാപ്പൂരില്‍ കോണ്‍ഗ്രസിനും-ജെഡിഎസിനും കൂടി ഏഴുലക്ഷത്തില്‍പ്പരം വോട്ടുള്ളതാണ്. 1,82,110 വോട്ടിനാണ് ഇവിടെ 2019ല്‍ വീരപ്പമൊയ്ലി പരാജയപ്പെട്ടത്. 2014നെ അപേക്ഷിച്ച് 1,39,002 വോട്ട് മാത്രമാണ് ഇവിടെ വീരപ്പമൊയ്ലിക്ക് കൂടിയത്. ജനതാദള്‍ എസിന് 2014ല്‍ 3,46,339 വോട്ടു ലഭിച്ച മണ്ഡലമായിരുന്നു ചിക്ബല്ലാപൂര്‍. വടക്കന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഗുല്‍ബര്‍ഗയില്‍ സിറ്റിങ്ങ് എം.പിയായിരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ പരാജയം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. 1957ന് ശേഷം രണ്ടുവട്ടം മാത്രമാണ് 2019ന് മുമ്പ് ഗുല്‍ബര്‍ഗയില്‍ കോണ്‍ഗ്രസിന് അടിപതറിയിട്ടുള്ളത്. വടക്കു-കിഴക്കന്‍ കര്‍ണാടകയിലും, മധ്യകര്‍ണാടകയിലുമെല്ലാം 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുന്നേറ്റം നടത്താന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. ലിംഗായത്ത്, വൊക്കലിംഗ സ്വാധീനമേഖലയിലെല്ലാം ബിജെപി ഉജ്ജ്വലവിജയമാണ് നേടിയത്.

കോണ്‍ഗ്രസും ജെഡിഎസും വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെയും അമിത്ഷായെയും ഉയര്‍ത്തിക്കാണിച്ചുള്ള ദേശീയ വിവരണത്തിന് നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് ബിജെപി സ്വപ്‌നം കാണുന്നത് 2019 വിജയത്തിന്റെ ഓര്‍മ്മയിലാണ്. എന്നാല്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യങ്ങളൊന്നും ഇത്തവണ ബിജെപിക്ക് അനുകൂലമാകില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

(നാളെ: അഭിപ്രായ സര്‍വ്വെയിലെ സൂചനകള്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂണ്ടുപലകയാകുമോ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News