മോദിയുടെ ഗ്യാരന്റി എന്ന് ഓടിനടന്ന് ആവര്‍ത്തിക്കുമ്പോഴും പരാജയഭീതിയുടെ നെഞ്ചിടിപ്പ് ബി ജെ പിയെ അലട്ടുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് പരമാവധി സീറ്റുകള്‍ ലഭിച്ചിട്ടും 37 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് 2019 ല്‍ ലഭിച്ചത്. ഇത്തവണ ഉത്തരേന്ത്യയില്‍ സീറ്റ് കുറയുമെന്ന ഭയമുണ്ട് ബിജെപിക്ക്. പതിവ് പോലെ ദക്ഷിണേന്ത്യയില്‍ നിന്ന് കാര്യമായി ഒന്നും കിട്ടാനുമില്ല. ഇലക്ടറല്‍ ബോണ്ട് ഉള്‍പ്പെടെ കള്ളത്തരങ്ങള്‍ വെളിവാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രഹസനങ്ങളുമായി വോട്ടുറപ്പിക്കാനിറങ്ങിയിരിക്കുകയാണ് മോദി.
ഗ്യാരന്റി പറഞ്ഞ് നടക്കുന്ന മോദിക്കും കൂട്ടര്‍ക്കും ഒരുകാര്യം ഉറപ്പുണ്ട്. ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. തെക്കും വടക്കും നടന്ന് ഇത്തവണ നാനൂറില്‍ കൂടുതലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും മോദിക്കറിയാം കാര്യങ്ങള്‍ പന്തിയല്ലെന്ന്. തോല്‍വി മുന്നില്‍ കണ്ടതിന്റെ എല്ലാ വെപ്രാളവും ബി ജെ പിയുടെ നീക്കങ്ങളിലും സര്‍ക്കാരിന്റെ ഇടപെടലുകളിലും ഉണ്ട്. വോട്ട് കിട്ടാനിറക്കിയ വര്‍ഗീയ കാര്‍ഡ് ഉത്തരേന്ത്യയില്‍ തിരിഞ്ഞുകൊത്തുമെന്ന് ഭയക്കുന്നു ബി ജെ പി.
മണിപ്പൂരിന്റെ ഉണങ്ങാത്ത മുറിവടക്കം വടക്ക് കിഴക്കന്‍ മേഖലയില്‍ തിരിച്ചടിയാകാന്‍ തന്നെയാണ് സാധ്യത. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളോട് തുടരുന്ന കനത്ത അവഗണന തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. കേരളത്തിലെത്തി റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുമ്പോള്‍ കഴിഞ്ഞ ഒരു ദശാബ്ദം കര്‍ഷകര്‍ക്ക് വേണ്ടി താനൊന്നും ചെയ്തില്ലെന്ന് അറിയാത്തതല്ല മോദിക്ക്. താങ്ങുവിലയിലുള്‍പ്പെടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങളില്‍ ഒരു നടപടിയുമെടുക്കാതെ അനങ്ങാതെ ഇരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ ഉയര്‍ത്തിയ രോഷം അടങ്ങിയിട്ടില്ല.
കേരളത്തോടുള്ള അവഗണനയില്‍ സുപ്രീംകോടതി ഇടപെട്ടതും മോദിക്കും സംഘത്തിനും തിരിച്ചടിയാണ്. രൂപയുടെ മൂല്യം കൂപ്പുകുത്തിയതില്‍ മിണ്ടാട്ടമില്ല ബിജെപിക്ക്. ഇതിനെല്ലാമിടയില്‍ ബിജെപി പാളയത്തില്‍ വീണ ബോംബ് തന്നെയായി ഇലക്ടറല്‍ ബോണ്ട്. നിയമനടപടികളും അന്വേഷണങ്ങളും നേരിടുന്ന വന്‍ കമ്പനികള്‍ കോടികള്‍ ബോണ്ട് വഴി സംഭാവന ചെയ്തതും അതില്‍ പകുതിയിലേറെയും ബി ജെ പിക്ക് ലഭിച്ചതും സര്‍ക്കാര്‍ അഴിമതിക്ക് കുടപിടിക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നു. രാജ്യത്താകെ നിലനില്‍ക്കുന്ന എതിര്‍പ്പിനെ മറികടക്കാന്‍ ബിജെപി പതിനെട്ടടവും പയറ്റുന്നുണ്ട്.
പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനമിറക്കി ചര്‍ച്ചകള്‍ വഴിതിരിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. പ്രതിപക്ഷ നിരയിലേക്ക് ഇടവേളയില്ലാതെ എത്തുന്ന ഇ ഡി തെരഞ്ഞെടുപ്പ് ഉപകരണമായി മാറിയതും ഈ ഭയത്തിന്റെ ഭാഗം. 37.36% വോട്ടുകള്‍ മാത്രമാണ് 2019 ല്‍ ലഭിച്ചതെന്ന യാഥാര്‍ത്ഥ്യവും തുറിച്ചുനോക്കുന്നുണ്ട് ബി ജെ പിയെ. ഉത്തരേന്ത്യയില്‍ നിന്ന് പരമാവധി ലഭിച്ചിട്ടുകൂടിയായിരുന്നു ഈ വോട്ട് ശതമാനം. ഉത്തരേന്ത്യയില്‍ ഉണ്ടാവാനിടയുള്ള വോട്ട് ചോര്‍ച്ചയും ദക്ഷിണേന്ത്യയിലെ പതിവ് വോട്ടില്ലായ്മയും 2024 ല്‍ ബി ജെപിയെ തിരിച്ചടി ഓര്‍മിപ്പിക്കുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പറന്നിറങ്ങി ഉദ്ഘാടന മഹാമഹങ്ങളും കള്ളപ്രസ്താവനകളും നടത്തുകയാണ് മോദി. പത്ത് വര്‍ഷമായി തിരിഞ്ഞുനോക്കാതിരിക്കുകയും ക്രൂരമായി അവഗണിക്കുകയും ചെയ്ത തെക്കേ ഇന്ത്യയില്‍ മോദി നടത്തുന്ന പരിഹാസ്യ നാടകങ്ങള്‍ ജനം കാണുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ നേതാക്കളെ ചാക്കിട്ട് പിടിച്ച് പാര്‍ട്ടിയിലേക്കെത്തിക്കുകയാണ് അധികാരമുറപ്പിക്കാനുള്ള മറ്റൊരു പോംവഴിയായി ബി ജെ പി കാണുന്നത്.
വോട്ടിങ് മെഷീന്‍ അട്ടിമറിയുള്‍പ്പെടെ അറ്റകൈ പ്രയോഗങ്ങളും പ്രതീക്ഷിക്കാം. പെട്രോള്‍ ഡീസല്‍ വില രണ്ടു രൂപയും ഗ്യാസ് സിലിണ്ടര്‍ വില 100 രൂപയും കുറച്ചത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ശേഷിക്കെയെന്നതില്‍ എല്ലാം വ്യക്തമാണ്. എന്നാല്‍ നികുതിയും വിലയും കൂട്ടി പരമാവധി പിഴിഞ്ഞ കഴിഞ്ഞകാലം ജനം മറന്നിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള സൈനികമേഖലയിലെ ഗിമ്മിക്കും ആവര്‍ത്തിക്കുന്നു മോദി. പൊഖ്‌റാനിലെ സൈനീക അഭ്യാസത്തിന്റെ സമയം ഇത് തന്നെയായതും യാദൃശ്ചികമല്ല. പ്രാണപ്രതിഷ്ഠയും പ്രച്ഛന്ന വേഷങ്ങളുമായി വിവിധയിടങ്ങളില്‍ മോദി ഊഴിയിടുന്നത് ജയിച്ച പ്രധാനമന്ത്രിയോ നേതാവോ ആയിട്ടല്ല..തോല്‍വിയുടെ ഭയത്തില്‍ പരിഭ്രാന്തനായ അധികാരമോഹിയായാണ്.
എന്‍ ഡി എക്കെതിരെ ഇന്‍ഡ്യ മുന്നണിക്ക് ജയമെന്നത് വിദൂരസ്വപ്നമല്ല. ഭരണഘടന മനുസ്മൃതിയിലേക്ക് മാറ്റാന്‍ തിടുക്കമുള്ള. ഫെഡറല്‍ സംവിധാനത്തെ തകിടം മറിക്കാന്‍ നിരന്തരം ശ്രമിക്കുന്ന, ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാറിന്റെ പ്രഖ്യാപിത നയത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുന്ന മോദിയുടെ പരിവാറില്‍ അത്താഴമില്ലാതിരിക്കുക എന്നതാണ് കാലം ഓരോരുത്തരോടും ആവശ്യപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here