ആദിവാസികളെ സഹായിക്കുന്നത് കുടുംബാംഗങ്ങളെ സേവിക്കുന്നതിന് തുല്യമെന്ന് മോദി; ഗ്യാരണ്ടിയും കാത്ത് മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമങ്ങള്‍

ആദിവാസികളെ സഹായിക്കുന്നത് കുടുംബാംഗങ്ങളെ സേവിക്കുന്നതിന് തുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മോദി ഗ്യാരണ്ടിയും കാത്ത് കഴിയുകയാണ് മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമങ്ങള്‍.

പ്രതിപക്ഷ നിരയിലെ ശിവസേനയും എന്‍സിപിയും ഡൂപ്ലിക്കേറ്റാണെന്ന് ആവര്‍ത്തിച്ചായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ജൂണ്‍ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കോണ്‍ഗ്രസില്‍ ലയിക്കാന്‍ ‘ഡ്യൂപ്ലിക്കേറ്റ് എന്‍.സി.പി.യും ശിവസേനയും’ തീരുമാനിച്ചിരിക്കുകയാണെന്നും മോദി പരിഹസിച്ചു.

എന്നാല്‍ കോണ്‍ഗ്രസിനൊപ്പം മരിക്കുന്നതിനുപകരം അജിത് പവാര്‍ ഷിന്‍ഡെ പക്ഷത്തേക്ക് ചേരണമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു. ജൂണ്‍ നാലിനുശേഷം ചെറുപാര്‍ട്ടികള്‍ നിലനില്‍പ്പിനായി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന ശരദ് പവാറിന്റെ പ്രസ്താവനയെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം.

പലപ്പോഴും പ്രധാനമന്ത്രിയുടെ പ്രസംഗം മത പുരോഹിതന്മാരെ ഓര്‍മിപ്പിക്കുന്നതായി മാറി. 6 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നന്ദുര്‍ബാര്‍ മണ്ഡലം ആദിവാസി മേഖകളായാണ്. ബിജെപിയും കോണ്‍ഗ്രസുമാണ് മണ്ഡലത്തിലെ പ്രധാന പാര്‍ട്ടികള്‍. ആദിവാസികളെ സഹായിക്കുന്നത് കുടുംബാംഗങ്ങളെ സേവിക്കുന്നതിന് തുല്യമാണെന്ന് മോദി പറഞ്ഞു.

ആദിവാസികളുടെ ഉന്നമനത്തിനായി പദ്ധതികള്‍ നടപ്പാക്കിയതെന്നും മോദി അക്കമിട്ട് നിരത്തി. എന്നാല്‍ മഹാരാഷ്ട്രയിലെ പല ആദിവാസി ഗ്രാമങ്ങളിലെ ജീവിതം ഇപ്പോഴും ദുരിത പൂര്‍ണമാണെന്നതാണ് യാഥാര്‍ഥ്യം. രണ്ടു വര്‍ഷം മുന്‍പാണ് മുംബൈ നഗരത്തില്‍ നിന്ന് വിളിപ്പാട് അകലെയുള്ള ഷഹാപൂരിലെ ഒരു ആദിവാസി ഗ്രാമത്തിലെ ദുരിതാവസ്ഥ കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ആയിരത്തിലധികം കര്‍ഷക കുടുംബങ്ങള്‍ താമസിക്കുന്ന മേഖല വൈദ്യുതിയും റോഡും അടക്കം പ്രാഥമിക സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. ഇവരെല്ലാം കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് മൃഗങ്ങള്‍ക്കായി വനം വകുപ്പ് പണി കഴിപ്പിച്ച വൃത്തിഹീനമായ കുളത്തെയാണ്.

ദിവസേന നാലഞ്ച് കിലോമീറ്റര്‍ താണ്ടിയാണ് സ്ത്രീകളും കുട്ടികളും ഇവിടെയെത്തി തലച്ചുമടായി വെള്ളം കൊണ്ട് പോകുന്നത്. ഈ പ്രദേശത്തെ മല നിരകളെ ബന്ധപ്പെടുത്തി നാലോളം അണക്കെട്ടുകളുണ്ട്. ഇവിടെ നിന്നാണ് മുംബൈ നഗരത്തിന് വെള്ളമെത്തുന്നത്. എന്നാല്‍ ഈ ഗ്രാമത്തില്‍ ജീവിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചിരിക്കയാണ്. ബന്ധപ്പെട്ട അധികാരികള്‍ക്കെല്ലാം നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

മൃഗങ്ങളും മനുഷ്യരും ഒരേ കുളത്തില്‍ നിന്നാണിവിടെ വെള്ളം കുടിക്കുന്നതെന്നും മുംബൈ നഗരത്തിന് കുടിവെള്ളം നല്‍കുന്ന ഗ്രാമത്തിന്റെ അവസ്ഥയാണിതെന്നും സിപിഐ എം നേതാവ് പി കെ ലാലി പരാതിപ്പെട്ടു. മുംബൈക്കും നാസിക്കിനും ഇടയിലുള്ള ഷഹാപുരിലെ ഉള്‍ഗ്രാമങ്ങളില്‍ മലകളുടെ താഴ്വാരങ്ങളില്‍ ജീവിക്കുന്ന ആദിവാസികളാണ് കാലങ്ങളായി അതിജീവനത്തിനായി പൊരുതുന്നത്.

നിരവധി അപേക്ഷകള്‍ കൊടുത്തിട്ടും കുടിവെള്ളം നിഷേധിക്കപ്പെട്ട ജനതയുടെ കഷ്ടപ്പാടുകള്‍ ദയനീയമാണ്. തൊട്ടടുത്തുള്ള അണക്കെട്ടില്‍ നിന്ന് ഒരു പൈപ്പ് ലൈന്‍ വഴി പരിഹാരം തേടാവുന്ന കുടി വെള്ള പ്രശ്‌നം മോദി ഗ്യാരണ്ടിയുടെ അലയടികള്‍ക്കിടയിലും അധികാരികളുടെ ഔദാര്യം കാത്ത് കിടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News